കൊച്ചി കപ്പല്‍ ശാലയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവലായി മാറി ഹൈഡ്രജന്‍ ബോട്ട് അടുത്തിടെയാണ് കമ്മീഷന്‍ ചെയ്തത്. ഗംഗാ നദിയിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ബോട്ട് നിര്‍മിച്ചത്. കേവലം ഒരു ബോട്ട് എന്ന നിലയിലല്ല ഈ ഹൈഡ്രജന്‍ ബോട്ട് നിര്‍മാണത്തെ കാണേണ്ടത്. ശ്രമകരമായ ഒരു സാങ്കേതികവിദ്യ വിജയിപ്പിച്ചതിന്റെ മികവ് ആണ് ഈ യാത്ര ബോട്ടില്‍ പ്രതിഫലിക്കുന്നത്. ഊര്‍ജ്ജസംരക്ഷണത്തെ മുന്‍നിര്‍ത്തി ഭാവിയിലെ വന്‍ സാധ്യതകളിലേക്കാണ് ഹൈഡ്രജന്‍ ബോട്ടിന്റെ നിര്‍മാണം വിരല്‍ ചൂണ്ടുന്നത്.
തദ്ദേശീയമായി രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു ബോട്ട് നിര്‍മിക്കുന്നത് എന്നതിനാല്‍ത്തന്നെ അതിന്റെ പൂര്‍ണമായ ക്രെഡിറ്റ് കൊച്ചി കപ്പല്‍ ശാലയ്ക്കാണ്. വളര്‍ന്നു വരുന്ന ഗ്രീന്‍ ഷിപ്പിംഗ് എന്ന വിഭാഗത്തിന്റെ മികവാണ് ഹൈഡ്രജന്‍ കപ്പല്‍. കാഴ്ചയില്‍ സാധാരണ ബോട്ട്, അല്ലെങ്കില്‍ ഒരു വാട്ടര്‍ മെട്രോ… എന്നാല്‍ സാങ്കേതികവിദ്യത്തില്‍ അതല്ല ഹൈഡ്രജന്‍ ബോട്ട്.50-കിലോവാട്ട് പ്രോട്ടോണ്‍-എക്‌സ്‌ചേഞ്ച് മെമ്പറയിന്‍ (PEM) ഫ്യൂവല്‍ സെല്‍, ലിഥിയം അയേണ്‍ ഫോസ്‌ഫേറ്റ് ബാറ്ററി എന്നിവയുടെ ഊര്‍ജശേഷിയുണ്ട് ബോട്ടിന്.
24 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന കാറ്റമരന്‍ ബോട്ടിന് 50 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുണ്ട്. ഹൈഡ്രജന്‍ ബോട്ട് എന്ത് കൊണ്ട് ഗ്രീന്‍ ഷിപ്പിംഗ് വിഭാഗത്തില്‍ മുതല്‍കൂട്ടാകുന്നു എന്ന് ചോദിച്ചാല്‍, ഇന്ധന ക്ഷമത, ഊര്‍ജ്ജ പുനരുപയോഗം, ശബ്ദമലിനീകരണം കുറവ്, സീറോ കാര്‍ബണ്‍ പുറന്തള്ളല്‍ എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്നു എന്നത് തന്നെയാണ് കാരണം.
5 സിലിണ്ടര്‍ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലാണ് ഊര്‍ജത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അധിക ഊര്‍ജത്തിനായി 3 കിലോവാട്ട് സോളാര്‍ പാനലും ഉപയോഗിച്ചിട്ടുണ്ട്. ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലില്‍ നിന്ന് ഉപോത്പന്നമായി ശുദ്ധജലം മാത്രമാണ് പുറന്തള്ളുക. അതിനാല്‍ മലിനീകരണത്തെ കുറിച്ച് പേടിക്കണ്ട.
മറ്റ് ഫ്യൂവല്‍ സെല്ലുകളെ പോലെ ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ റീചാര്‍ജ് ചെയ്യേണ്ട എന്ന പ്രത്യേകതയുമുണ്ട്. KPIT ടെക്‌നോളജീസും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് ലാബും ചേര്‍ന്ന് വികസിപ്പിച്ച ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലാണ് ബോട്ട് നിര്‍മാണത്തിനായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് ഉപയോഗിച്ചിരിക്കുന്നത്.

