ദീര്‍ഘകാലത്തെ ഉറക്കം വിട്ട് സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയെയെല്ലം ഒരു പോലെ വിറപ്പിക്കുകയാണ് രണ്ടാം വരവില്‍ പൊതുമേഖലാ ടെലികോം കമ്പനി.
ഒന്നര പതിറ്റാണ്ടെങ്കിലുമായി സ്വയം വരിക്കാരില്‍ നിന്ന് അകന്നതാണ് ബിഎസ്എന്‍എല്‍. ടെലികോം മേഖലയില്‍ സ്വകാര്യ സേവന ദാതാക്കള്‍ സജീവമായതും സ്പെക്ട്രം ലേലത്തിലൂടെ അത്യാവശ്യം നല്ല വരുമാനം കിട്ടിയതുമെല്ലാം സര്‍ക്കാര്‍ തന്നെ ബിഎസ്എന്‍എലിനെ തഴയാന്‍ കാരണമായി. മുഖ്യവരുമാനമായിരുന്ന ലാന്‍ഡ് ലൈന്‍ കണക്ഷനുകള്‍ക്ക് ഇക്കാലയളവില്‍ വംശനാശം സംഭവിച്ചുപോന്നു.
ഉദ്യോഗസ്ഥ തലത്തിലും കമ്പനിയെ നന്നാക്കാന്‍ കാര്യമായ ഇടപെടലൊന്നും നടന്നില്ല. 2ജി യില്‍ നിന്ന് അപ്ഗ്രേഡ് ചെയ്യാന്‍ തയാറേയായിരുന്നില്ല ബിഎസ്എന്‍എല്‍. മറ്റുള്ളവര്‍ 5ജിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ 3ജിയെക്കുറിച്ചായിരുന്നു ബിഎസ്എന്‍എലിന്റെ ചിന്ത. ചുരുക്കത്തില്‍ വരിക്കാരെയും നഷ്ടപ്പെട്ട് ഒട്ടും ഗ്ലാമറില്ലാതെ ഒരു ‘സര്‍ക്കാര്‍ വക’ കമ്പനിയായി ബിഎസ്എന്‍എല്‍. 2011 മുതല്‍ നഷ്ടക്കണക്കുകള്‍ മാത്രമാണ് കമ്പനിക്ക് പറയാനുണ്ടായിരുന്നത്.
അസ്തമിക്കുമെന്ന് പ്രതീക്ഷിച്ചിടത്തു നിന്നാണ് ഇപ്പോള്‍ ഫീനിക്സ് പക്ഷിയെപ്പോലെ സ്വപ്നതുല്യമായി ഒരു ഉയിര്‍പ്പ്. പൊതുമേഖലയെ പിന്തുണയ്ക്കുന്ന മോദി സര്‍ക്കാരിന്റെ നയസമീപനമാണ് ടെലികോം വമ്പനും സഹായകരമായിരിക്കുന്നത്. ഒന്നിനൊന്ന് ഗംഭീര തീരുമാനങ്ങളെടുത്ത് മുന്നോട്ടുപോവുകയാണ് ടെലികോം മന്ത്രാലയവും ഒപ്പം ബിഎസ്എന്‍എലും. 2023 ജൂണില്‍ 89,047 കോടി രൂപയുടെ സഹായ പാക്കേജ് കേന്ദ്രം ബിഎസ്എന്‍എലിന് അനുവദിച്ചത് നിര്‍ണായകമായി. ദശാബ്ദത്തിന് ശേഷം കമ്പനി ആദ്യമായി പ്രവര്‍ത്തനലാഭം നേടിയെടുത്തു.
താരിഫ് കൂട്ടാതെ തന്ത്രം
വരിസംഖ്യ കൂട്ടാന്‍ ആദ്യം ജിയോയും പിന്നാലെ എയര്‍ടെലും വോഡഫോണ്‍ ഐഡിയയും തീരുമാനിച്ചെങ്കിലും ഇതില്‍ നിന്ന് വിട്ടുനിന്നാണ് ബിഎസ്എന്‍എല്‍ ഞെട്ടിച്ചത്. ഈ ഒരൊറ്റ തീരുമാനം തന്നെ കമ്പനിക്ക് ലക്ഷക്കണക്കിന് ഉപയോക്താക്കളെ നേടിക്കൊടുത്തു. കഴിഞ്ഞ മൂന്ന് മാസമായി പ്രതിമാസം 50-60 ലക്ഷം വരിക്കാരെ ബിഎസ്എന്‍എല്‍ നേടുന്നുണ്ട്.
4ജിയില്‍ ആത്മനിര്‍ഭര്‍
4ജി സേവനങ്ങളുടെ ലോഞ്ചായിരുന്നു അടുത്ത വലിയ ചുവടുവെപ്പ്. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ഉപകരണങ്ങളുടെ സഹായത്തോടെയാണ് ബിഎസ്എന്‍എല്‍ 4ജി കൊണ്ടുവന്നതെന്ന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടുന്നു. വളരെ ബുദ്ധിമുട്ടേറിയ പാതയാണ് തെരഞ്ഞെടുത്തതെങ്കിലും ഇപ്പോള്‍ പൂര്‍ണമായും ആത്മനിര്‍ഭര്‍ സംരംഭമാണ് ബിഎസ്എന്‍എലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര സാങ്കേതിക വിദ്യ വന്നതിനാല്‍ 4ജി യില്‍ നിന്ന് 5ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ഇനി അധികം പ്രയാസമില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ ടവറുകള്‍
ഏറ്റവും വിദൂരത്തുള്ള വ്യക്തിക്കും സേവനം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് മുന്നേറുന്ന ബിഎസ്എന്‍എല്‍ 50,000 പുതിയ 4ജി ടവറുകളാണ് പുതിയതായി രാജ്യമെങ്ങും സ്ഥാപിച്ചത്. ഇതില്‍ ബഹുഭൂരിപക്ഷം ടവറുകളും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മുക്കിലും മൂലയിലും കൂടുതല്‍ കരുത്തുറ്റ ബിഎസ്എന്‍എല്‍ സിഗ്‌നലുകള്‍ ഇന്ന് ലഭ്യമാണ്. 2025 ജൂണ്‍ ആവുമ്പോഴേക്കും 1 ലക്ഷം ടവറുകള്‍ സ്ഥാപിക്കുകയെന്നതാണ്.
സിമ്മില്ലാതെ ഫോണ്‍ വിളിക്കാം
വരിക്കാരെ ആകര്‍ഷിക്കാന്‍ പുതിയ ഏഴ് സേവനങ്ങള്‍ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് ബിഎസ്എന്‍എല്‍. സ്പാം കോളുകളില്ലാത്ത നെറ്റ്വര്‍ക്ക് കമ്പനി ഓഫര്‍ ചെയ്യുന്നു. ഏറ്റവും ശ്രദ്ധേയം സിം ഇല്ലാതെ ഫോണ്‍ വിളിക്കാനുള്ള ഡി2ഡി (ഡയറക്റ്റ് ടു ഡിവൈസ്) സാങ്കേതിക വിദ്യയാണ്. മൊബൈല്‍ നെറ്റ്വര്‍ക്കില്ലാതെ തന്നെ കോളുകള്‍ വിളിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. ഡിവൈസുകളെ സാറ്റലൈറ്റുകള്‍ വഴി ബന്ധിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. വിയാസാറ്റുമായി കൈകോര്‍ത്താണ് ബിഎസ്എന്‍എല്‍ ഇത് നടപ്പാക്കുന്നത്.
വെല്ലുവിളിയായി പ്ലാന്‍-150
താരിഫ് വര്‍ധിപ്പിക്കാതെ ഇരിക്കുന്നതിനൊപ്പം ആകര്‍ഷകമായ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുന്നതിനും ബിഎസ്എന്‍എല്‍ ശ്രമിക്കുന്നുണ്ട്. 150 ദിവസത്തേക്കുള്ള പ്ലാനാണ് കമ്പനി പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. 400 രൂപയ്ക്ക് താഴെ ലഭ്യമായ ഈ പ്ലാന്‍ പൊതുവെ 28 ദിവസത്തെ പ്ലാനിന് പ്രാമുഖ്യം നല്‍കുന്നു സ്വകാര്യ ടെലികോം കമ്പനികളെ ഒന്നുലച്ചിട്ടുണ്ട്. 30 ദിലസത്തെ അണ്‍ലിമിറ്റഡ് കോളുകള്‍, പ്രതിദിനം 2ജിബി ഡേറ്റ എന്നിവയാണ് പ്ലാന്‍ നല്‍കുന്നത്.
റീബ്രാന്‍ഡിംഗ്
ആകെ ഒന്നുഷാറായതിന്റെ മാറ്റം കമ്പനിയുടെ ലോഗോയിലും സ്ലോഗനിലുമടക്കം ദൃശ്യമാണ്. 24 വര്‍ഷത്തിനു ശേഷം റീബ്രാന്‍ഡിംഗ് നടത്തിയിരിക്കുകയാണ് ബിഎസ്എന്‍എല്‍. കണക്ടിംഗ് ഇന്ത്യ എന്നതിന് പകരം കണക്ടിംഗ് ഭാരത് എന്നാണ് പുതിയ സ്ലോഗന്‍.

