1915 ലാണ് ഉത്തര കൊറിയയിലെ ചെറിയ ഗ്രാമമായ ടോംഗ്ചോണില്‍ ചുംഗ് ജു-യുംഗ് ജനിച്ചത്. നെല്‍കര്‍ഷകരായിരുന്നു യുംഗിന്റെ കുടുംബം. ഏഴ് സഹോദരങ്ങളില്‍ മൂത്ത പുത്രനായ യുംഗ് കുടുംബത്തിന്റെ കൃഷി പാരമ്പര്യം ഏറ്റെടുക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ ഒരു അധ്യാപകനാകാനായിരുന്നു യുംഗ് മോഹിച്ചത്. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട സ്ഥിതിയിലായിരുന്നില്ല കുടുംബം. വിദ്യാഭ്യാസമെന്നത് അതിനാല്‍ ഒരു ആഡംബരമായിരുന്നു.

കൃഷി ചെയ്യുന്നതില്‍ നിന്ന് രക്ഷപെടാന്‍ വീട്ടില്‍ നിന്നും ചുംഗ് അവസരങ്ങള്‍ തേടി പലതവണ ഒളിച്ചോടി. പതിനാറാം വയസില്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഒരു ജോലി കിട്ടി. എങ്കിലും പിതാവ് അവിടെ നിന്നും വീണ്ടും ചുംഗിനെ പിടികൂടി തിരികെ വീട്ടിലെത്തിച്ചു. ഒടുവില്‍ 1934 ല്‍ കുടുംബമൊന്നാകെ സ്ഥലവും വിറ്റ് ദക്ഷിണ കൊറിയയിലേക്ക് കുടിയേറി.
അരിക്കടയുടമ
ദക്ഷിണ കൊറിയയില്‍ ഒരു അരിക്കടയില്‍ ഡെലിവറി ബോയിയായി ചുംഗിന് ജോലി ലഭിച്ചു. ചുംഗിന്റെ അര്‍പ്പണബോധത്തിലും സത്യസന്ധതയിലും സന്തുഷ്ടനായ കടയുടമ അദ്ദേഹത്തെ മാനേജരായി പ്രൊമോട്ട് ചെയ്തു. 1937 ല്‍ കടയുടമ രോഗബാധിതനായപ്പോള്‍ മുഴുവന്‍ ബിസിനസിന്റെയും ചുമതല ചുംഗിനായി. 22 ാം വയസില്‍ അങ്ങനെ ചുംഗ് ഒരു അരിക്കട മുതലാളിയായി. 1939 ല്‍ ഈ അരിക്കട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. ചുംഗിന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഇത്.

ഒരു സുഹൃത്തിന്റെ പക്കല്‍ നിന്ന് പണം കടം വാങ്ങി ഒരു വാഹന വര്‍ക്ക്ഷോപ്പ് ആരംഭിച്ചു അദ്ദേഹം. ബിസിനസ് കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നതിനിടെ രണ്ടാം ലോകമഹായുദ്ധം എത്തി. ജപ്പാന്‍ സൈന്യം ചുംഗിന്റെ കട അടച്ചുപൂട്ടി.
ഹ്യൂണ്ടായ് എന്‍ജിനീയറിംഗ്
1945 ല്‍ യുദ്ധം അവസാനിച്ചപ്പോള്‍ ചുംഗിന്റെ ഭാഗ്യവും തെളിഞ്ഞു. ഹ്യൂണ്ടായ് എന്ന പേരില്‍ എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനി അദ്ദേഹം ആരംഭിച്ചു. കൊറിയന്‍ ഭാഷയില്‍ ‘നവീനത’ എന്നായിരുന്നു ഈ പദത്തിന്റെ അര്‍ത്ഥം. 1950 ല്‍ കൊറിയന്‍ യുദ്ധം ആരംഭിച്ചതോടെ ബുസാനിലേക്ക് പലായനം ചെയ്യേണ്ടി വന്നെങ്കിലും വൈകാതെ തിരികെയെത്തി തന്റെ ബിസിനസ് വിപുലീകരിക്കാന്‍ അദ്ദേഹം ശ്രമമാരംഭിച്ചു.

യുഎസ് സൈന്യത്തില്‍ നിന്നും ദക്ഷിണ കൊറിയന്‍ ഭരണകൂടത്തില്‍ നിന്നും വലിയ കരാറുകള്‍ ചുംഗിന്റെ കമ്പനിക്ക് ലഭിച്ചു. ഇത് വളര്‍ച്ചയില്‍ ഗണ്യമായി സഹായിച്ചു. 1961 ല്‍ ജനറല്‍ പാര്‍ക് ചുംഗ്-ഹീ അധികാരത്തിലെത്തിയപ്പോള്‍ ദക്ഷിണ കൊറിയയുടെ പുനര്‍ നിര്‍മാണത്തില്‍ ഹ്യൂണ്ടായ്ക്ക് നിര്‍ണായക ചുമതല ലഭിച്ചു. വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഹ്യൂണ്ടായ് ഏറ്റെടുത്തു.
ആദ്യത്തെ കാര്‍
ഒരു വമ്പന്‍ വ്യവസായ ഗ്രൂപ്പായി ഹ്യൂണ്ടായ് വളരുന്നതാണ് പിന്നീട് കണ്ടത്. സെമികണ്ടക്ടര്‍ മുതല്‍ കപ്പലുകള്‍ വരെ നിര്‍മിക്കുന്ന 86 കമ്പനികളുടെ ഗ്രൂപ്പായാണ് ഹ്യൂണ്ടായ് മാറിയത്. വാഹന മേഖലയിലെ വമ്പന്‍ അവസരങ്ങള്‍ തിരിച്ചറിഞ്ഞ് മധ്യവര്‍ഗത്തിനായി കാറുകള്‍ ഡിസൈന്‍ ചെയ്യാന്‍ ചുംഗ് തീരുമിനിച്ചു.

എട്ട് വര്‍ഷത്തെ പ്രയത്നത്തിനൊടുവില്‍ 1975 ലാണ് ആദ്യത്തെ കാറായ പോണി, ഹ്യൂണ്ടായ് അവതരിപ്പിക്കുന്നത്. താങ്ങാവുന്ന വിലയിലുള്ള ഈ സ്‌റ്റൈലിഷ് കാറിനെ കൊറിയയിലെ മധ്യവര്‍ഗം ഏറ്റെടുത്തു. കൊറിയന്‍ കാര്‍ വിപണിയുടെ 60% വൈകാതെ പോണിയുടെ കൈവശമായി.
വിദേശ വിപണികളിലേക്ക്
1982 ല്‍ ഹ്യൂണ്ടായ്, ബ്രിട്ടീഷ് വിപണിയിലേക്കും കടന്നുചെന്നു. ആദ്യ വര്‍ഷം തന്നെ 3000 കാറുകള്‍ വിറ്റഴിച്ചു. 1984 ല്‍ കാനഡ വിപണിയില്‍ പോണി 2 അവതരിപ്പിച്ചു. ഈ കാറും വലിയ ജനപ്രീതിയാര്‍ജിച്ചു. 1986 ല്‍ എക്സലുമായി യുഎസ് വിപണിയിലേക്കും ഹ്യൂണ്ടായ് കടന്നുചെന്നു. ആദ്യ വര്‍ഷം തന്നെ 1,70,000 കാറുകള്‍ യുഎസ് വിപണിയില്‍ വിറ്റഴിച്ച് ആ വര്‍ഷത്തെ ബെസ്റ്റ് സെല്ലറായി ഹ്യൂണ്ടായ് എക്സല്‍.
ഇന്ത്യയുടെ ഹ്യൂണ്ടായ്
1996 ലാണ് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സ്ഥാപിക്കപ്പെടുന്നത്. ചെന്നൈയിലെ ഇരുങ്ങാട്ടുകോട്ടൈയില്‍ ഉല്‍പ്പാദനശാല സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. 1998 ല്‍ ഹ്യൂണ്ടായ് ഇന്ത്യയുടെ ആദ്യ കാറായി സാന്‍ട്രോ പുറത്തിറങ്ങി. ഇന്ത്യന്‍ കാര്‍ വിപണിയുടെ കുത്തകാവകാശം കൈയിലുണ്ടായിരുന്ന മാരുതി സുസുക്കിക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തി ഇന്ത്യയുടെ മനം കവര്‍ന്നു ചെറുകാറായ സാന്‍ട്രോ. ഇന്ന് 87 രാജ്യങ്ങളിലേക്ക് കാറുകള്‍ കയറ്റിയയക്കുന്നുണ്ട് ഹ്യൂണ്ടായ് ഇന്ത്യ.

1999 ല്‍ ഹ്യൂണ്ടായിയുടെ നേതൃത്വം മകന്‍ ചുംഗ് മോംഗ്-കൂവിന് കൈമാറിയ ചുംഗ് ജു-യുംഗ് രണ്ട് വര്‍ഷത്തിന് ശേഷം ലോകത്തോട് വിടപറഞ്ഞു. ഹ്യൂണ്ടായ് മോട്ടോര്‍ കമ്പനിയില്‍ ഗവേഷണത്തിനും നൂതനതയ്ക്കും നിര്‍മാണത്തിനും മറ്റുമായി വന്‍ നിക്ഷേപമാണ് മാതൃകമ്പനിയായ ഹ്യൂണ്ടായ് ഗ്രൂപ്പ് പിന്നീടുള്ള വര്‍ഷങ്ങളില്‍ നടത്തിയത്.
ടൊയോട്ടയ്ക്കും ഫോക്സ്വാഗണും പിന്നില്‍ ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ നിര്‍മാണ കമ്പനിയായി ഇപ്പോള്‍ ഹ്യൂണ്ടായ് വളര്‍ന്നുകഴിഞ്ഞു. 193 രാജ്യങ്ങളിലായി 5000 ഡീലര്‍ഷിപ്പുകളും ഷോറൂമുകളുമായി കുതിക്കുകയാണ് ഈ ദക്ഷിണകൊറിയന്‍ കമ്പനി. കൃഷിക്കാരനാവുകയെന്ന തലവിധി മാറ്റിമറിക്കാന്‍ പലവിധി വീട്ടില്‍ നിന്ന് ഒളിച്ചോടിയ, പിന്നീട് നാടുവിട്ട് ഒരു അരിക്കച്ചവടക്കാരനായി മാറിയ ഒരു വ്യക്തിയുടെ അസാമാന്യമായ പരിവര്‍ത്തനത്തിന്റെയും നേതൃസാമര്‍ത്ഥ്യത്തിന്റെയും നൂതന ചിന്തയുടേയും പ്രതിഫലനമാണ് ഹ്യൂണ്ടായ് ഗ്രൂപ്പ്. ഒരു സാധാരണ കര്‍ഷകന്റെ മകന്‍ ഒരു രാഷ്ട്രത്തിന്റെ തന്നെ ശില്‍പ്പിയായി മാറുന്നത് ചുംഗിലൂടെ നാം കണ്ടു. സംരംഭകത്വത്തെക്കുറിച്ച് ചിന്തിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമാണ് അദ്ദേഹത്തിന്റ ജീവിതവും ഹ്യൂണ്ടായും.

