അല്‍പ്പം കിതച്ചാണെങ്കിലും നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയിരിക്കുകയാണ്. ഇതുവരെ പ്രകടമായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ തുടരുമോയെന്നതാണ് ബിസിനസ് ലോകം ഉറ്റുനോക്കുന്നത്. ഘടകക്ഷികളുടെ പിന്തുണയോടെയാണ് ഭരിക്കുന്നതെങ്കിലും സാമ്പത്തിക നയങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ലെന്ന് വേണം വിലയിരുത്താന്‍. ധീരമായ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പേരില്‍ അറിയപ്പെട്ടിരുന്ന നരേന്ദ്ര മോദിക്ക് ഘടകക്ഷികളുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ ഭരണം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കൂ. മോദിയിലെ രാഷ്ട്രീയതന്ത്രജ്ഞനും ബിസിനസ് സൗഹൃദ ഭരണാധികാരിയും ഒരുപോലെ ഉണരേണ്ട കാലഘട്ടമാണ് വരാനിരിക്കുന്നത്.
ഇന്ത്യയില്‍ ദേശീയ ജനാധിപത്യ സഖ്യം (എന്‍ഡിഎ) വീണ്ടും സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തിലേറിയിരിക്കുകയാണ്. ഒരു ദശാബ്ദത്തിനിടെ കേന്ദ്ര തലത്തില്‍ വരുന്ന ആദ്യ സഖ്യകക്ഷി സര്‍ക്കാരാണിത്. 400 സീറ്റിലധികം നേടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി ഭരണം പിടിക്കുമെന്നായിരുന്നു പരക്കെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. മോദി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ തുടങ്ങിയത് തന്നെ അത്തരം അവകാശവാദം ഉന്നയിച്ചുകൊണ്ടായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ ദിവസമെത്തിയപ്പോള്‍ എന്‍ഡിഎ അധികാരത്തിലേറുമോയെന്ന കാര്യത്തില്‍ വരെ സംശയമുണ്ടായി.

ജെഡി (യു), ടിഡിപി ഘടകക്ഷികളുടെ സഹായത്തോടെയാണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലേറിയത്. 1962ന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രിയായി ഒരു നേതാവ് മൂന്ന് തവണ വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നത്. നരേന്ദ്ര മോദിയെ സംബന്ധിച്ചിടത്തോളം അത്യപൂര്‍വമായ ചരിത്രമാണ് പിറന്നിരിക്കുന്നത്. പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ബിജെപി തന്നെ കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.
അല്‍പ്പം ചരിത്രം
സാധാരണക്കാരനായ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്ന് കഠിനാധ്വനത്തിന്റെയും കൃത്യമായ രാഷ്ട്രീയ തന്ത്രങ്ങളുടെയും ബലത്തിലാണ് നരേന്ദ്ര മോദി ഉയര്‍ന്നുവന്നത്. 1980കളുടെ അവസാനത്തിലായിരുന്നു അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമായത്. 1989 മുതല്‍ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്നു നരേന്ദ്ര മോദി.
ഗുജറാത്തില്‍ ബി.ജെ.പി.യെ വലിയ ശക്തിയാക്കി മാറ്റിയതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേല്‍ രാജിവച്ചതിനെത്തുടര്‍ന്ന് 2001 ഒക്ടോബര്‍ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതല്‍ തുടര്‍ച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. അദ്ദേഹത്തിന്റെ കാലത്തെ ഗുജറാത്ത് വികസന മാതൃക ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

പല സംസ്ഥാനങ്ങളും വികസന മാതൃകയെ കുറിച്ച് പഠിക്കാന്‍ തുടങ്ങുകയും ചെയ്തു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസി മണ്ഡലത്തില്‍ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തില്‍ നിന്നും, മോദി പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
സാമ്പത്തിക ഉയിര്‍ത്തെഴുനേല്‍പ്പ്
2014ല്‍ മോദി അധികാരമേല്‍ക്കുമ്പോള്‍ ലോകത്തെ ഏറ്റവും അസ്ഥിരമായ അഞ്ച് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായിരുന്നു ഇന്ത്യ. അവിടെനിന്ന് ലോകത്തെ ടോപ് 5 സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യയെ എത്തിക്കാന്‍ മോദി സര്‍ക്കാരിനായി എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചില സാമ്പത്തിക സൂചകങ്ങളും ഘടകങ്ങളുമെല്ലാം ഈ വാദത്തെ സാധൂകരിക്കുന്നുമുണ്ട്. 2014ല്‍ നരേന്ദ്ര മോദി അധികാരമേല്‍ക്കുന്ന സയമത്ത് രാജ്യത്തെ ഭവനവായ്പാ തോത് 5.39 ലക്ഷം കോടി രൂപയായിരുന്നു. 2023ല്‍ എത്തിനില്‍ക്കുമ്പോള്‍ ഇത് 18.44 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. സംഭവിച്ച മാറ്റം 242 ശതമാനത്തിന്റേതാണ്. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതിന്റെ സൂചകമായാണ് ഇതിനെ വിദഗ്ധര്‍ വിലയിരുത്തുന്നത്.

ജനങ്ങളുടെ സേവിംഗ്‌സ് നിക്ഷേപത്തിലും വര്‍ധനവുണ്ടായി. 2014ല്‍ ഇത് 20,05,441 കോടി രൂപയായിരുന്നു, 2024 ആയപ്പോഴേക്കും സേവിംഗ്‌സ് നിക്ഷേപം 59,58,755 കോടി രൂപയായി ഉയര്‍ന്നു. 197 ശതമാനമാണ് വര്‍ധന. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ പദ്ധതിയായി മോദി അനുകൂല വിദഗ്ധര്‍ അവകാശപ്പെടുന്ന ജന്‍ധന്‍ യോജന ജനങ്ങളുടെ സാമ്പത്തിക ശീലങ്ങള്‍ മാറ്റുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. 2014ല്‍ 10ല്‍ നാല് പേര്‍ക്കും രാജ്യത്ത് ബാങ്ക് എക്കൗണ്ട് ഉണ്ടായിരുന്നില്ല. 2024 ജനുവരി വരെയുള്ള കണക്കനുസരിച്ച് 51.50 ജന്‍ധന്‍ എക്കൗണ്ടുകളാണുള്ളത്. ഈ എക്കൗണ്ടുകളിലായി ഉള്ളത് 215,803.17 രൂപയാണ്.
കുതിച്ച് ഓഹരി വിപണി
പോയ പത്ത് വര്‍ഷത്തിനിടെ പല മടങ്ങ് വര്‍ധനയാണ് ഓഹരി വിപണിയിലുണ്ടായത്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചി(ബിഎസ്ഇ)ന്റെ വിപണി മൂലധനം അടുത്തിടെ 4 ട്രില്യണ്‍ ഡോളര്‍ കടന്നു. 2014 ലെ 1.1 ട്രില്യണ്‍ യുഎസ് ഡോളറില്‍ നിന്നാണ് ഏകദേശം നാലിരട്ടി വര്‍ധനയോടെ ഇത് നാല് ട്രില്യണ്‍ ഡോളര്‍ മറികടന്ന് കുതിക്കുന്നത്. ബിഎസ്ഇ സെന്‍സെക്സ് ഏകദേശം മൂന്നിരട്ടിയായി കുതിച്ചു. 2014 ലെ 24,000 ലെവലില്‍ നിന്ന് 73,000 മറികടന്നു ബിഎസ്ഇ സെന്‍സക്‌സ് സൂചിക.

മ്യൂച്വല്‍ ഫണ്ടുകള്‍ മാനേജ് ചെയ്യുന്ന ആസ്തികള്‍ (എയുഎം) 500 ശതമാനത്തിലധികം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 8.25 ലക്ഷം കോടി രൂപയില്‍ നിന്ന് ഇത് 50 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. പ്രൈവറ്റ് പ്ലേസ്മെന്റ് മാര്‍ക്കറ്റില്‍ സമാഹരിച്ച ഫണ്ട് 120 ശതമാനത്തിലധികം വര്‍ദ്ധിച്ചു-2014ലെ 3.99 ലക്ഷം കോടി രൂപയില്‍ നിന്ന് 2023ല്‍ 8.82 ലക്ഷം കോടി രൂപയായിട്ടാണ് ഇതുയര്‍ന്നത്.
ജിഡിപിയിലെ വമ്പന്‍ കുതിപ്പ്
2013ല്‍, മോര്‍ഗന്‍ സ്റ്റാന്‍ലി ഇന്ത്യയെ ‘ഫ്രാഗൈല്‍ ഫൈവ്’ സമ്പദ് വ്യവസ്ഥകളിലൊന്ന് എന്നാണ് വിശേഷിപ്പിച്ചത്. വളര്‍ന്നുവരുന്ന വിപണി സമ്പദ്വ്യവസ്ഥകളെന്ന വിലയില്‍, അവരുടെ വളര്‍ച്ചാ അഭിലാഷങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ വിശ്വസനീയമല്ലാത്ത വിദേശ നിക്ഷേപത്തെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്നായാണ് ഇത് വിലയിരുത്തപ്പെട്ടത്. തുര്‍ക്കി, ബ്രസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളായിരുന്നു അസ്ഥിര സമ്പദ് വ്യവസ്ഥാ ഗ്രൂപ്പിലെ അഞ്ച് അംഗങ്ങള്‍.
2023 എത്തിയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറി. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യയുടെ ജിഡിപി 2,72,40,712 കോടി രൂപയാണ്. 2014ല്‍ ഇത് 1,12,36,635.0 കോടി രൂപയായിരുന്നു. 162 ശതമാനമാണ് വര്‍ധന. ഈ കാലയളവില്‍ ഇന്ത്യക്കാരുടെ ആളോഹരി വരുമാനത്തിലുമുണ്ടായത് 135 ശതമാനം വര്‍ധനയാണ്.
അടിസ്ഥാനസൗകര്യത്തിലും കുതിപ്പ്
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ കുതിപ്പാണുണ്ടായിരിക്കുന്നത്. അടിസ്ഥാന സൗകര്യ പദ്ധതികളില്‍ വമ്പന്‍ നിക്ഷേപമാണ് എത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ മൂലധന ചെലവിടല്‍ ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. മൂലധന ചെലവിടലിന്റെ നല്ലൊരു ശതമാനവും അടിസ്ഥാനസൗകര്യ മേഖലയിലേക്കാണ് എത്തിയിരിക്കുന്നത്.

2014ല്‍ രാജ്യത്തെ ദേശീയ പാതയുടെ നീളം 91287 ആയിരുന്നുവെങ്കില്‍ 2023ല്‍ എത്തിയപ്പോഴേക്കും ഇത് 146145 കിലോമീറ്ററായി ഉയര്‍ന്നു. പ്രതിദിനം 36 കിലോമീറ്റര്‍ ഹൈവേ കണ്‍സ്ട്രക്ഷനാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തിന്റെ വിദേശകരുതല്‍ ധനശേഖരവും വലിയ തോതില്‍ കൂടി. 623 ബില്യണ്‍ ഡോളറാണ് നിലവില്‍ വിദശകരുതല്‍ ധനശേഖരം. 2014ല്‍ ഇത് 292 ബില്യണ്‍ ഡോളറായിരുന്നു. 112 ശതമാനമാണ് വിദേശകരുതല്‍ ധനശേഖരത്തിലുണ്ടായ വര്‍ധന.
പുതിയ സര്‍ക്കാരിന്റെ ഭാവി
2014ന് മുമ്പ് ഘടകക്ഷി ഭരണമുണ്ടായപ്പോള്‍ നയപരമായ മുരടിപ്പും അനിശ്ചതത്വങ്ങളുമെല്ലാം പ്രകടമായിരുന്നു. അതിനാല്‍ തന്നെ മോദി സര്‍ക്കാരിന്റെ മൂന്നാംവട്ട ഭരണത്തില്‍ അനിശ്ചിതാവസ്ഥകള്‍ ഉണ്ടാകുമോയെന്ന ഭയം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. നയപരമായ മുരടിപ്പ്, അഴിമതി, വിലക്കയറ്റം എന്നിവയിലേക്ക് ഭരണമെത്തുന്ന തലത്തിലേക്ക് ഘടകക്ഷി ഭരണം വീഴുമോയെന്ന ഭയം പഴയകാലചരിത്രം പരിശോധിക്കുമ്പോള്‍ പ്രസക്തമാണെന്ന് തോന്നാം.

