ചാര്‍ട്ടേഡ് എക്കൗണ്ടന്റായി ഡെല്‍ഹിയില്‍ പ്രാക്ടീസ് ചെയ്യുകയായിരുന്നെങ്കിലും ഗജേന്ദ്ര സിംഗ് റാഥോഡിന്റെ മനസില്‍ നിറയെ കാടായിരുന്നു. നഗരത്തിനു നടുവില്‍ ഗജേന്ദ്രയുടെ മനസില്‍ ഒരു ആരണ്യകം തഴച്ചു വളര്‍ന്നു. വനത്തിന്റെ വിളി കേട്ടു നടന്ന ഗജേന്ദ്ര വൈകാതെ ഒരു വനസംരംഭകനായി. ഇക്കോ ടൂറിസം മേഖലയിലെ എണ്ണം പറഞ്ഞ കമ്പനികളിലൊന്നായ ജംഗിള്‍ ക്യാംപ് ഇന്ത്യ ലിമിറ്റഡ് അങ്ങനെ പിറന്നു.
സിഎക്കാരന്‍
ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ആയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ച ആദ്യത്തെ ക്ലയന്റായിരുന്നു ഭരത്പൂരിലെ ഹെറിറ്റേജ് ഹോട്ടലായ സരിസ്‌ക പാലസ്. മിക്കവാറും ഇവിടം സന്ദര്‍ശിച്ചിരുന്ന അദ്ദേഹത്തിന്റെ മനസില്‍ കാടും സംരംഭകത്വവും സമ്മേളിച്ചു. ഇക്കോ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയില്‍ സ്വന്തം സംരംഭം ആരംഭിക്കാന്‍ പ്രചോദനം ലഭിച്ചത്് ഇവിടെ നിന്നാണ്. 2002 ല്‍ അങ്ങനെ ജംഗിള്‍ ക്യാംപ് ഇന്ത്യ പിറവിയെടുത്തു. ചാര്‍ട്ടേഡ് എക്കൗണ്ടന്റ് ജോലി പൂര്‍ണമായും ഒഴിവാക്കി റാഥോഡ് മുഴുവന്‍ സമയ സംരംഭകനായി.

ആദ്യത്തെ റിസോര്‍ട്ട്
2005-06 ആയപ്പോഴേക്കും മധ്യപ്രദേശിലെ കോഹ്കയിലെ പെഞ്ച് ടൈഗര്‍ റിസര്‍വില്‍ ആദ്യത്തെ പ്രകൃതി സൗഹൃദ റിസോര്‍ട്ടും അനുബന്ധ സേവനങ്ങളും ജംഗിള്‍ ക്യാംപ് ഇന്ത്യ ആരംഭിച്ചു. ഡീലക്സ് സഫാരി കോട്ടേജുകള്‍, ആഡംബര സഫാരി ടെന്റുകള്‍, ഫാമിലി സ്യൂട്ടുകള്‍, സ്പാ, ഡൈനിംഗ് ഹാളുകള്‍, ജീപ്പ് സഫാരി എന്നിവയെല്ലാം പെഞ്ച് ജംഗിള്‍ ക്യാംപില്‍ ലഭ്യമാണ്. വനത്തിനു നടുവില്‍, കാനനത്തോടിണങ്ങി കുറച്ചുദിവസം ചെലവഴിക്കാന്‍ ആഗ്രഹിച്ചവര്‍ക്കെല്ലാം മികച്ച അനുഭവം പകര്‍ന്നു നല്‍കി ജംഗിള്‍ ക്യാംപ്.
കൂടുതല്‍ കാടുകളിലേക്ക്
പെഞ്ച് ജംഗിള്‍ ക്യാംപ് വലിയ വിജയമായതോടെ കാനനത്തോടിണങ്ങിയ കൂടുതല്‍ പ്രൊജക്റ്റുകള്‍ കൊണ്ടുവന്നു റാഥോഡ്. കന്‍ഹ ടൈഗര്‍ റിസര്‍വിലും പെഞ്ചിന്റെ ബഫര്‍ സോണായ രുഘണ്ഡിലും തഡോബ ടൈഗര്‍ റിസര്‍വിലും ജംഗിള്‍ ക്യാംപിന്റെ റിസോര്‍ട്ടുകളും അനുബദ്ധ സൗകര്യങ്ങളും വന്നു. ഇന്ന് അഞ്ച് പ്രോപ്പര്‍ട്ടികളിലായി 87 റൂമുകളാണ് ജംഗിള്‍ ക്യാംപിനുള്ളത്. വനത്തെയും വന്യജീവികളെയും കൂടുതല്‍ അറിഞ്ഞ് കാടത്തിന്റെ സുഖശീതളിമയില്‍ സമയം ചെലവഴിക്കാനാഗ്രഹിക്കുന്നവരുടെ സ്വപ്ന ഡെസ്റ്റിനേഷനുകളായി ഇന്ന് ജംഗിള്‍ ക്യാംപ് മാറിയിരിക്കുന്നു.
2024 ല്‍ 18 കോടി രൂപ വരുമാനമാണ് ഡെല്‍ഹി ആസ്ഥാനമാക്കിയ ജംഗിള്‍ ക്യാംപ് ഇന്ത്യ നേടിയത്. 3.59 കോടി രൂപയായിരുന്നു നികുതിക്ക് ശേഷമുള്ള വരുമാനം. 2028 ഓടെ 100 കോടി രൂപ വരുമാനമുള്ള കമ്പനിയായി വളരാനാണ് ജംഗിള്‍ ക്യാംപ് ലക്ഷ്യമിട്ടിരിക്കുന്നത്. പ്രവര്‍ത്തന മൂലധനം കണ്ടെത്താനായി കൊണ്ടുവന്ന ഐപിഒയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ഇക്കോ ടൂറിസം
ടൂറിസം മേഖലയില്‍ വന്‍തോതില്‍ ഫണ്ട് ചെലവഴിക്കപ്പെടുന്നുണ്ടെങ്കിലും ഇക്കോ ടൂറിസത്തിലേക്ക് പോകുന്നത് വെറും 6% ഫണ്ട് മാത്രമാണ്. ഇന്ത്യയിലെ ഇക്കോ ടൂറിസം മേഖല വേണ്ടവിധം വികസിക്കാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. ഇക്കോ ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ. ഗജേന്ദ്ര് സിംഗ് റാഥോഡിനെ പോലെ കൂടുതല്‍ സ്വകാര്യ സംരംഭകര്‍ ഈ മേഖലയിലേക്ക് കടന്നു വരുന്നത് ഇത്തരം സാധ്യതകളെ പരമാവധി ഉപയോഗിക്കാന്‍ സഹായകരമാവും.

