2013 ഏപ്രില്‍ മാസത്തില്‍ ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്റെ മൂല്യം 50-100 ഡോളര്‍ റേഞ്ചിലായിരുന്നു. 11 വര്‍ഷങ്ങള്‍ക്കിപ്പുറത്ത് 1 ലക്ഷം ഡോളര്‍ കടന്നിരിക്കുകയാണ് ബിറ്റ്കോയിന്‍. 2013 ല്‍ 100 ഡോളറിന് അഥവാ ഏകദേശം 8000 രൂപയ്ക്ക് ഒരു ബിറ്റ്കോയിന്‍ വാങ്ങിയിരുന്നെങ്കില്‍ ഇന്ന് 1 ലക്ഷം ഡോളര്‍ അഥവാ 80 ലക്ഷം രൂപയായി അത് വളര്‍ന്നേനെയെന്ന് സാരം. ബിറ്റ്കോയിനെക്കുറിച്ചും കോയിന്‍ മൈനിംഗിനെക്കുറിച്ചുമൊക്കെ ആളുകള്‍ കേട്ടുതുടങ്ങിയ കാലം മാത്രമായിരുന്നു അത്.

അതുകൊണ്ടുതന്നെ ബിറ്റ്കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സിയില്‍ നിക്ഷേപം നടത്താന്‍ വിമുഖതയും കാട്ടി. അന്നും ഇന്നും ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടുകളില്‍ കാര്യമായ മാറ്റം വന്നിട്ടില്ല. ബിറ്റ്കോയിനെയോ മറ്റ് ക്രിപ്റ്റോകറന്‍സികളെയോ സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. എന്നാല്‍ പൊതുജനം ഈ ഡിജിറ്റല്‍ കറന്‍സിയെ ഭാവിയുടെ നിക്ഷേപമെന്ന നിലയില്‍ കുറെയൊക്കെ സ്വീകരിക്കാന്‍ തയാറായിക്കഴിഞ്ഞു.
വലിയ നേട്ടം
ഓഹരി വിപണിക്കോ സ്വര്‍ണത്തിനോ ഒന്നും എത്തിപ്പിടിക്കാനാവാത്തത്ര നേട്ടമാണ് ക്രിപ്റ്റോകളുടെ ആകര്‍ഷണീയത. ക്രിപ്റ്റോകളില്‍, പ്രത്യേകിച്ച് ബിറ്റ്കോയിനില്‍ നിക്ഷേപിക്കുന്ന പണം വളരെ വേഗമാണ് പല മടങ്ങായി വര്‍ധിക്കുന്നത്. ഒരു കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കില്‍ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന ചെയ്ത ഡിജിറ്റല്‍ കറന്‍സിയാണ് ക്രിപ്റ്റോകറന്‍സി. ഏതെങ്കിലും കേന്ദ്ര അതോറിറ്റിയുടെയോ കേന്ദ്ര ബാങ്കുകളുടെയോ അംഗീകാരമോ നിയന്ത്രണമോ ഇവയ്ക്കുണ്ടാവില്ല. ആളുകളുടെ വ്യക്തിപരമായ കോയിന്‍ ഉടമസ്ഥാവകാശവും മറ്റും ഒരു ഡിജിറ്റല്‍ ലെഡ്ജറില്‍ രേഖപ്പെടുത്തിയിരിക്കും. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

2009 ല്‍ പുറത്തിറക്കിയ ബിറ്റ്കോയിനാണ് ഏറ്റവും ആദ്യത്തെ ക്രിപ്റ്റോകറന്‍സി. നിലവില്‍ ലോകത്തെ ക്രിപ്റ്റോകറന്‍സികളുടെ എണ്ണം 25000 കടന്നിരിക്കുന്നു. ഇതില്‍ 40 ഓളം ക്രിപ്റ്റോകറന്‍സികള്‍ക്ക് ഒരു ബില്യണ്‍ ഡോളറിലധികം വിപണി മൂലധനമുണ്ട്.
ആരാണ് നകാമോട്ടോ
ബിറ്റ്കോയിന്‍ ആരാണ് വിപണിയിലിറക്കിയതെന്ന് ഇന്നും ലോകത്തിന് അജ്ഞാതമാണ്. സതോഷി നകാമോട്ടോ എന്ന വ്യക്തിയാണ് ബിറ്റ്കോയിന്റെ ഉപജ്ഞാതാവെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതൊരു സാങ്കേതിക കഥാപാത്രം മാത്രമാണ്. ലോകത്ത് നിരവധി അന്വേഷണങ്ങള്‍ നകാമോട്ടോയെക്കുറിച്ച് നടന്നെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ബിറ്റ്കോയിനെപ്പറ്റി തുടക്കത്തില്‍ തന്നെ ആശങ്കകള്‍ ഉയര്‍ന്നതിന് ഇതടക്കം നിരവധി കാരണങ്ങളുണ്ടായിരുന്നു. ബിറ്റ്കോയിന് പിന്നാലെ നെയിംകോയിന്‍, ലൈറ്റ്കോയിന്‍, പീര്‍കോയിന്‍ തുടങ്ങി ക്രിപ്റ്റോകറന്‍സികളും 2011 ആയപ്പോഴേക്കും പുറത്തുവന്നു.
ക്രിപ്റ്റോകറന്‍സികളുടെ ചാഞ്ചാട്ട സ്വഭാവം മാത്രമല്ല അവയെക്കുറിച്ച് ആര്‍ബിഐ അടക്കം ഇന്ത്യയിലെ സാമ്പത്തിക നിയന്ത്രാതാക്കളെ ജാഗരൂകരാക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളും ഏറെയാണ്. ഭീകരവാദ ഫണ്ടിംഗ് മുതല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് വരെ ക്രിപ്റ്റോകറന്‍സികള്‍ പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്
പൂജ്യത്തില്‍ തുടക്കം; ഇപ്പോള്‍ ലക്ഷത്തിനരികെ
2009 ല്‍ പുറത്തിറക്കിയപ്പോള്‍ ബിറ്റ്കോയിന്റെ മൂല്യം പൂജ്യത്തിലായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ ബിറ്റ്കോയിനില്‍ ഉയര്‍ച്ച താഴ്ചകള്‍ നിരവധി കണ്ടു. 2011 ല്‍ 25 ഡോളര്‍ മൂല്യത്തിലെത്തിയ ബിറ്റ്കോയിന്‍ 2012 ല്‍ 100 ഡോളര്‍ കടന്നു. 2013 ല്‍ മൂല്യം 500 ഡോളറിലേക്കും 2014 ന്റെ തുടക്കത്തില്‍ 1000 ഡോളറിലേക്കും വര്‍ധിച്ചു. ഇതിനിടെ പൊടുന്നനെയുള്ള താഴ്ചകളും ഉണ്ടായി. അതിവേഗം വളരുന്ന ഈ സ്വഭാവമാണ് പലരെയും ബിറ്റ്കോയിനുകളുടെ ആരാധകരാക്കിയത്. എന്നാല്‍ ഉയര്‍ന്ന ചാഞ്ചാട്ട സ്വഭാവം പലപ്പോഴും നഷ്ടങ്ങളിലേക്കും നയിച്ചു.
2018 ല്‍ 20000 ഡോളര്‍ തൊട്ട ബിറ്റ്കോയിന് കോവിഡ് കാലത്ത് തിരിച്ചടിയേറ്റു. രണ്ടു വര്‍ഷത്തിന് ശേഷം 10000 ലേക്ക് മൂല്യം ഇടിഞ്ഞു. എന്നാല്‍ പ്രതീക്ഷകള്‍ പലതും തെറ്റിച്ച് 2021 ല്‍ 50000 ഡോളറും കടന്ന് കുതിച്ചു ബിറ്റ്കോയിന്‍. ഇപ്പോള്‍ ഒരു ലക്ഷമെന്ന ചരിത്രപരമായ ലക്ഷ്യത്തിനരികെയാണ് ബിറ്റ്കോയിന്‍ ട്രേഡ് ചെയ്യുന്നത്. ബിറ്റ്കോയിനില്‍ നിന്ന് ലാഭമുണ്ടാക്കാനാഗ്രഹിച്ച് ട്രേഡ് ചെയ്യുകയും നിക്ഷേപങ്ങള്‍ നടത്തുകയും ചെയ്യുന്ന ആളുകളാണ് ഇതിന്റെ ഡിമാന്‍ഡിനെയും മൂല്യത്തെയും വളരെവേഗം മുന്നോട്ടു നയിക്കുന്നത്.

ട്രംപിന്റെ പിന്തുണ
ബിറ്റ്കോയിന് അനുകൂലമായ നിലപാടാണ് പുതിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്നത്. ബിറ്റ്കോയിന്റെ മൂല്യം ഒരു ലക്ഷം ഡോളര്‍ കടന്നതിനെ ആവേശത്തോടു കൂടിയാണ് അദ്ദേഹം സ്വാഗതം ചെയ്തത്. ട്രംപിന്റെ പ്രചാരണത്തുടക്കത്തില്‍ 70000 ഡോളറില്‍ കിടന്ന ബിറ്റ്കോയിനാണ് അദ്ദേഹം വിജയതിലകം ചൂടിയശേഷം ഒരു ലക്ഷം ഡോളറിലെത്തി ചരിത്രം സൃഷ്ടിച്ചത്. ക്രിപ്റ്റോകറന്‍സികള്‍ക്ക് നിയമപരമായ പ്രാബല്യം ട്രംപ് നല്‍കുമെന്ന പ്രതീക്ഷയാണ് ഈ കുതിപ്പിന് കാരണം.
യുഎസ് ഓഹരി വിപണി നിയന്ത്രാതാവായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ (എസ്ഇസി) നേതൃസ്ഥാനത്തേക്ക് പോള്‍ ആറ്റ്കിന്‍സണെ നിയമിക്കാനുള്ള ട്രംപിന്റെ തീരുമാനവും ക്രിപ്റ്റോകറന്‍സികള്‍ക്ക് ആവേശം പകര്‍ന്നു. ക്രിപ്റ്റോകറന്‍സികളുടെ ശക്തമായ പിന്തുണക്കാരനായ ആറ്റ്കിന്‍സ് 2017 മുതല്‍ ഡിജിറ്റല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ കോ-ചെയര്‍മാനാണ്.

മുന്‍പ് ക്രിപ്റ്റോകറന്‍സികളെ തട്ടിപ്പെന്ന് വിശേഷിപ്പിച്ച ട്രംപ്, അടുത്തിടെ വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന പേരില്‍ സ്വന്തം ഡിജിറ്റല്‍ കറന്‍സി പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. ട്രംപിന്റെ ഏറ്റവുമടുത്ത സൃഹൃത്തുക്കളിലൊരാളായ ഇലോണ്‍ മസ്‌കും ക്രിപ്റ്റോകറന്‍സികളെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തയാണ്.
ചാഞ്ചാട്ടം
പേമെന്റിനുള്ള ഒരു സാമ്പത്തിക രീതിയെന്ന നിലയിലാണ് ബിറ്റ്കോയിന്‍ രൂപകല്‍പ്പന ചെയ്തത്. എന്നാല്‍ ഒരു നിക്ഷേപമെന്ന നിലയിലാണ് നിക്ഷേപകരുടെയും ട്രേഡേഴ്സിന്റെയും ഇടയില്‍ ഇത് ശ്രദ്ധയാകര്‍ഷിച്ചത്. എന്നാല്‍ ഒരു സുരക്ഷിത നിക്ഷേപമെന്ന് ബിറ്റ്കോയിനുകളെ പറയാനാവില്ല. മൂല്യത്തിലെ അതിവേഗ ചാഞ്ചാട്ടമാണ് ഇതിന് കാരണം. വളരെ റിസ്‌കുള്ള ഒരു നിക്ഷേപ മാര്‍ഗമാണ് ബിറ്റ്കോയിനെന്ന് സാരം. നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപക ഉദ്ദേശ്യങ്ങളും ലക്ഷ്യങ്ങളും സംബന്ധിച്ച് സാമ്പത്തിക രംഗത്തെ പ്രൊഫഷണലുകളുമായി സംസാരിച്ച് വേണ്ട ഉപദേശം തേടിക്കൊണ്ട് വേണം ബിറ്റ്കോയിനടക്കം ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപിക്കേണ്ടത്.
ഇന്ത്യയില്‍ നിരോധനമില്ല
ഇന്ത്യയില്‍ ബിറ്റ്കോയിനുകളടക്കം ക്രിപ്റ്റോകറന്‍സികള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടില്ല. ഡിജിറ്റല്‍ ആസ്തികളില്‍ ട്രേഡ് ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനും ആളുകള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ കറന്‍സിക്ക് ബദലായോ മറ്റോ ഇവ ഉപയോഗിക്കാനാവില്ല. നിയമപരമായ ഈ അവ്യക്തത നിക്ഷേപകര്‍ക്കും ട്രേഡര്‍മാര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ക്കുമെല്ലാം ഒരേപോലെ വെല്ലുവിളിയാണ്. ക്രിപ്റ്റോകറന്‍സികളില്‍ നിന്നുള്ള നേട്ടത്തിന് 30% നികുതിയും 1% ടിഡിഎസുമാണ് നിലവില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രിപ്റ്റോകറന്‍സിയെ ഒരു ഫിനാന്‍ഷ്യല്‍ അസറ്റായി സര്‍ക്കാര്‍ അംഗീകരിക്കുന്നെന്ന് ഇത് സൂചിപ്പിക്കുന്നെന്ന് വിദഗ്ധര്‍ പറയുന്നു.
അപായ സാധ്യതകള്‍
ക്രിപ്റ്റോകറന്‍സികളുടെ ചാഞ്ചാട്ട സ്വഭാവം മാത്രമല്ല അവയെക്കുറിച്ച് ആര്‍ബിഐ അടക്കം ഇന്ത്യയിലെ സാമ്പത്തിക നിയന്ത്രാതാക്കളെ ജാഗരൂകരാക്കുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവ ഉപയോഗിക്കപ്പെടാനുള്ള സാധ്യതകളും ഏറെയാണ്. ഭീകരവാദ ഫണ്ടിംഗ് മുതല്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന് വരെ ക്രിപ്റ്റോകറന്‍സികള്‍ പ്രയോജനപ്പെടുത്താന്‍ സാധ്യതയുണ്ട്.

കേന്ദ്ര ബാങ്ക് പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സികള്‍ക്ക് മാത്രമേ നിയമസാധുതയുള്ളെന്ന് അതിനാല്‍ ആര്‍ബിഐ ഊന്നിപ്പറയുന്നു. കള്ളപ്പണ നിരോധന നിയമം (പിഎംഎല്‍എ) ഉപയോഗിച്ചാണ് നിലവില്‍ ഇന്ത്യ ക്രിപ്റ്റോകളെ നിയന്ത്രിക്കുന്നത്. ആര്‍ബിഐ, സെബി, ധനമന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അംഗങ്ങളായ സംഘം ക്രിപ്റ്റോകറന്‍സികളെ നിയന്ത്രിക്കാനുള്ള നിയമവശങ്ങള്‍ തയാറാക്കി വരികയാണ്.
ഗെയ്ന്‍ബിറ്റ്കോയിന്‍ എന്നൊരു തട്ടിപ്പ് ഇന്ത്യയില്‍ നടന്നിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളുടെ പണമാണ് ഇതില്‍ നഷ്ടമായത്. അജയ് ഭരദ്വാജ്, അമിത് ഭരദ്വാജ് എന്നീ സഹോദരന്‍മാരായിരുന്നു ഇതിന് പുറകില്‍. അസാധാരണമായ ലാഭമാണ് ഭരദ്വാജ് സഹോദരന്‍മാര്‍ വാഗ്ദാനം ചെയ്തത്. ഓരോ മാസവും 10 ബിറ്റ്കോയിനുകളുടെ മൂല്യം നല്‍കാമെന്നായിരുന്നു വാഗ്ദാനം.
2017 ല്‍ 6600 കോടി രൂപയുടെ ബിറ്റ്കോയിനുകളാണ് നിക്ഷേപകരുടെ പണം കൊണ്ട് ഭരദ്വാജ് സഹോദരന്‍മാര്‍ വാങ്ങിയത്. ബിറ്റ്കോയിന്‍ മൈനിംഗിന് ഈ പണം ഉപയോഗിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. നിക്ഷേപകര്‍ക്ക് വന്‍ നേട്ടമാണ് വാഗ്ദാനം ചെയ്തിരുന്നത്. ക്രിപ്റ്റോകറന്‍സികള്‍ സ്വകാര്യ വാലറ്റുകളിലേക്ക് മാറ്റുകയാണ് പിന്നീട് ഇവര്‍ ചെയ്തത്. ഒരു തരത്തിലും തങ്ങളുടെ നിക്ഷേപം തിരികെ പിടിക്കാന്‍ നിക്ഷേപകര്‍ക്ക് സാധിച്ചില്ല.

ഈ തട്ടിപ്പുകേസ് അന്വേഷിച്ച ഐപിഎസ് ഓഫീസര്‍ രവീന്ദ്രനാഥ് പാട്ടീല്‍, സെബര്‍ക്രൈം വിദഗ്ധനായ പങ്കജ് ഘോഡെ എന്നിവര്‍ അന്വേഷണത്തിനിടെ പിടിച്ചെടുത്ത ബിറ്റ്കോയിനുകള്‍ തങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടുകളിലേക്ക് മാറ്റി വീണ്ടും തട്ടിപ്പ് നടത്തി. 2022 ല്‍ കുറ്റക്കാരെന്നുകണ്ട് ഇരുവരെയും അറസ്റ്റ് ചെയ്തു.
ബിറ്റ്കോയിനുകളിലെ നിക്ഷേപം ആകര്‍ഷകമാണെങ്കിലും അവയുടെ ഭാവി സംബന്ധിച്ച് പ്രവചനങ്ങളൊന്നും സാധ്യമല്ല. ഉദാഹരണത്തിന് 2030 എത്തുമ്പോള്‍ ബിറ്റ്കോയിന്റെ മൂല്യം ചിലപ്പോള്‍ ദശലക്ഷങ്ങളാവാം. അതുപോലെതന്നെ മൂല്യം പൂജ്യത്തിലേക്ക് എത്താനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ അവയിലെ നിക്ഷേപങ്ങള്‍ വളരെ കരുതലോടെ തന്നെ വേണം.
ക്രിപ്റ്റോകറന്‍സി വാങ്ങുമ്പോള്‍
വിപണിയില്‍ കഴിഞ്ഞ ദശാബ്ദത്തിനിടെ എത്തിയ ക്രിപ്റ്റോകറന്‍സികളില്‍ പലതിന്റെയും വളര്‍ച്ച മുരടിക്കുകയോ പൂര്‍ണമായും അപ്രത്യക്ഷമാവുകയോ ചെയ്തിട്ടുണ്ട്. അതിനാല്‍ ഇത്തരം ഡിജിറ്റല്‍ ആസ്തികളില്‍ ആകെ നിക്ഷേപത്തിന്റെ 5-10% മാത്രമേ നിക്ഷേപിക്കാവൂ. മികച്ച ഒരു ക്രിപ്റ്റോകറന്‍സി കണ്ടെത്തുക എന്നതാണ് അടുത്ത പണി. 5300 ല്‍ ഏറെ ക്രിപ്റ്റോകറന്‍സികള്‍ വിപണിയിലുണ്ട്. ബിറ്റ്കോയിന്‍, എഥേറിയം, ഡോജ്കോയിന്‍ തുടങ്ങിയ ചിലതൊക്കെ പ്രശസ്തമാണ്. ഏറ്റവും പ്രചാരമുള്ളത് ബിറ്റ്കോയിന് തന്നെ. കോയിന്‍മാര്‍ക്കറ്റ്കാപ്.കോം എന്ന വെബ്സൈറ്റില്‍ പോയാല്‍ വിവിധ ക്രിപ്റ്റോകറന്‍സികളുടെ തല്‍സമയ മൂല്യം അറിയാനാവും.

ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകളിലൂടെ മാത്രമാണ് ഇവ വാങ്ങാന്‍ സാധിക്കുക. ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനും ഈ ഡിജിറ്റല്‍ എക്സ്ചേഞ്ചുകള്‍ക്ക് ഫീ നല്‍കണം. നേരിട്ട് എക്സ്ചേഞ്ചില്‍ നിന്നോ ആസ്തികള്‍ വില്‍പ്പനയ്ക്ക് വെച്ചവരില്‍ നിന്നോ ഇവ വാങ്ങാം. വിറ്റതോ വാങ്ങിയതോ ആരാണെന്ന് അറിയാന്‍ കഴിയില്ലെന്നതാണ് ഒരു പ്രത്യേകത.
ക്രിപ്റ്റോ വാലറ്റുകളിലാണ് ഇത്തരത്തില്‍ വാങ്ങിയ ക്രിപ്റ്റോകറന്‍സികള്‍ സൂക്ഷിച്ചുവെക്കുക. ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ച ഹോട്ട് വാലറ്റുകളും ഇത്തരത്തില്‍ ബാഹ്യബന്ധമില്ലാത്ത, കൂടുതല്‍ സുരക്ഷിതമായ കോള്‍ഡ് വാലറ്റുകളും ഇതിനായി ഉപയോഗിക്കാം. ബ്ലോക്ക്ചെയിനിലെ ക്രിപ്റ്റോകറന്‍സികള്‍ അണ്‍ലോക്ക് ചെയ്യാന്‍ പബ്ലിക് കീയും പ്രൈവറ്റ് കീയും ആവശ്യമാണ്.
വാങ്ങിയ ക്രിപ്റ്റോകറന്‍സികള്‍ സുരക്ഷിതമായി സൂക്ഷിക്കുകയെന്നതും സുപ്രധാനമാണ്. സുരക്ഷിതമായ ഇടപാടുകള്‍ക്കായി മിക്കപ്പോഴും വിപിഎന്‍ നെറ്റ്വര്‍ക്കുകളാണ് ആളുകള്‍ ഉപയോഗിക്കുക. ക്രിപ്റ്റോകറന്‍സികള്‍ വികസിച്ചുവരുന്ന ഒരു സാമ്പത്തിക സാങ്കേതികവിദ്യയാണ്. ഇതിന്റെ ഉപയോഗങ്ങള്‍ പൂര്‍ണമായും ഇപ്പോഴും ബോധ്യമായിട്ടില്ല. അതുകൊണ്ടുതന്നെ സമയാസമയങ്ങളില്‍ ഇതില്‍നിന്ന് ലാഭം ബുക്ക് ചെയ്യാന്‍ നിക്ഷേപകര്‍ ശ്രദ്ധിക്കണം. തട്ടിപ്പുകളില്‍ നിന്ന് ജാഗരൂകരായി ഇരിക്കുകയും വേണം.

The author is News Editor at The Profit.
