ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതികള്‍ വിവിധ മേഖലകളില്‍ പോസിറ്റീവ് ചെയ്ഞ്ചാണ് വരുത്തുന്നത്. സാമൂഹ്യവും സാമ്പത്തികവുമായി പുറകില്‍ നില്‍ക്കുന്നവരെ ആരോഗ്യ, വിദ്യാഭ്യാസ, ഭവന മേഖലകളില്‍ ശാക്തീകരിക്കുന്നതുള്‍പ്പടെയുള്ള നിരവധി പദ്ധതികളാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷന്റെ കീഴില്‍ ജോയ്ആലുക്കാസ് ഗ്രൂപ്പ് നടപ്പാക്കുന്നത്. സമൂഹത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്ന ഈ പദ്ധതികള്‍ക്ക് പിന്നിലെ പ്രേരകശക്തിയെക്കുറിച്ച് പറയുകയാണ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ജോയ് ആലുക്കാസ്.

മനുഷ്യന്‍ പലതലങ്ങളില്‍ ഉയരങ്ങളിലെത്തുന്നതിനൊപ്പം തന്നെ സമൂഹത്തിന് തിരിച്ചുനല്‍കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്. ചരിത്രാതീത കാലം മുതല്‍ അത്തരം അനേകം ഉദാഹരണങ്ങള്‍ നമുക്ക് കാണം. മനുഷ്യനില്‍ നിന്ന് സംരംഭത്തിലേക്കും കമ്പനികളിലേക്കും കാന്‍വാസ് വ്യാപിക്കുമ്പോള്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ മാനങ്ങളും കൂടുതല്‍ വ്യാപ്തിയും കൈവരുന്നു. ഫിലാന്ത്രോപ്പി അഥവാ ജീവകാരുണ്യ, സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ഇന്ന് സാമൂഹ്യ പ്രതിബദ്ധതയുള്ള ബിസിനസുകാരുടെയും മുന്‍ഗണനാ വിഷയമായി മാറിക്കഴിഞ്ഞു. സാമ്പത്തിക, സാമൂഹ്യ അസമത്വങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുമ്പോള്‍ ജീവിതമെന്ന യാത്രയില്‍ തങ്ങളുടേതല്ലാത്ത കുറ്റങ്ങളാല്‍ പുറകിലായിപ്പോകുന്നവരുടെ, ഇടറി വീഴുന്നവരുടെ കൈപിടിച്ച് ഉയര്‍ത്തേണ്ടതുണ്ട്. ഇതിനായാണ് വാറന്‍ ബഫറ്റിനെപ്പോലുള്ള ആഗോള സംരംഭകര്‍ ‘ഗിവിങ് പ്ലഡ്ജ്’ പോലുള്ള മഹത്തായ ഫിലാന്ത്രോപ്പി മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത്.

2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ഇന്ത്യയിലെ 10 മുന്‍നിര ബിസിനസുകാര്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത് 5,800 കോടി രൂപയാണ്. മലയാളി സംരംഭകര്‍ ചെലവഴിച്ചതാകട്ടെ 435 കോടി രൂപയും. പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായും വിവിധ സാമൂഹികവികസന പ്രവര്‍ത്തനങ്ങള്‍ക്കായുമാണ് മലയാളി സംരംഭകര്‍ 435 കോടി രൂപ ചെലവഴിച്ചത്. സമൂഹത്തില്‍ ശരിയായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് നിസ്വാര്‍ഥമായ ഈ പ്രവര്‍ത്തനങ്ങളെല്ലാം. ഇതില്‍ മുന്‍നിരയിലുണ്ട് ജോയ്ആലുക്കാസ് ബിസിനസ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ജോയ് ആലുക്കാസ്. ധാര്‍മിക മൂല്യങ്ങള്‍ ചിന്തയിലും പ്രവൃത്തിയിലും ബിസിനസിലും ഒരുപോലെ കാത്ത് സൂക്ഷിക്കുന്ന സംരംഭകന്‍.
യുഎസ് മുതല്‍ മലേഷ്യ വരെ നീളുന്ന വമ്പന്‍ ജൂവല്‍റി റീട്ടെയ്ല്‍ ബിസിനസ് സാമ്രാജ്യമാണ് ജോയ് ആലുക്കാസിന്റേത്. തൃശൂര്‍ റൗണ്ടില്‍ അള്ളിപ്പിടിച്ച് നിന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് 1980കളുടെ അവസാനം ജോയ് ആലുക്കാസ് ഗള്‍ഫിലേക്ക് വിമാനം കയറിയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. നൂതനാത്മക ബിസിനസ് മാതൃകകളിലൂടെ ജൂവല്‍റി റീറ്റെയ്ല്‍ രംഗത്തെയാകെ മാറ്റി മറിച്ചു അദ്ദേഹം. മള്‍ട്ടിപ്പിള്‍ ഷോറൂം പോലുള്ള ആശയങ്ങള്‍ ആദ്യമായി അവതരിപ്പിച്ചു. ഇന്ന് 11 രാജ്യങ്ങളില്‍ 160 ജൂവല്‍റി സ്‌റ്റോറുകളില്‍ പരന്നുകിടക്കുന്നു ജോയ് ആലുക്കാസിന്റെ ബിസിനസ് സാമ്രാജ്യം.

വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോഴും സമൂഹത്തിന് തിരിച്ച് നല്‍കേണ്ടതിന്റെ പ്രാധാന്യം എന്നും ഓര്‍ക്കുന്ന സംരംഭകനാണ് അദ്ദേഹം. ഹുറണ്‍ ഇന്ത്യ ഫിലാന്ത്രോപ്പി പട്ടിക അനുസരിച്ച് 2023 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം 13 കോടി രൂപയാണ് അദ്ദേഹം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചത്. ജോയ്ആലുക്കാസ് ഫൗണ്ടേഷന് കീഴിലാണ് ഗ്രൂപ്പിന്റെ സാമൂഹ്യപ്രതിബദ്ധതാ പദ്ധതികള്‍. സിഎസ്ആര്‍ എന്ന ആശയത്തെക്കുറിച്ചും ഗ്രൂപ്പിന്റെ സിഎസ്ആര്‍ പദ്ധതികളെക്കുറിച്ചുമെല്ലാം വിശദമായി സംസാരിക്കുകയാണ് ജോയ് ആലുക്കാസ്. നല്ല മാറ്റത്തിന് ഉത്തേജകമാകാനും സമൂഹത്തിന്റെ സുസ്ഥിര വികസനത്തിന് അര്‍ത്ഥപൂര്‍ണ്ണമായി സംഭാവന നല്‍കാനുമാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷനിലൂടെ തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പറയുന്നു അദ്ദേഹം.
കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സ്ബിലിറ്റിയെക്കുറിച്ച് താങ്കള്‍ക്കും ജോയ്ആലുക്കാസ് ഗ്രൂപ്പിനുമുള്ള കാഴ്ച്ചപ്പാട് പങ്കുവയ്ക്കാമോ?
ജോയ്ആലുക്കാസില്‍, കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി എന്ന ആശയത്തിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട് ഞങ്ങള്‍. നമ്മുടെ ചുറ്റുമുള്ള ജനങ്ങളുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നതിനെ ചുറ്റിപ്പറ്റിയാണ് സാമൂഹ്യഉത്തരവാദിത്ത പദ്ധതികള്‍ക്ക് രൂപം നല്‍കുന്നത്. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, പാരിസ്ഥിതിക സുസ്ഥിരത, സാമൂഹിക-സാമ്പത്തിക വികസനം എന്നിവ ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങളിലൂടെയാണ് സമൂഹത്തിന് തിരികെ നല്‍കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ മുന്നോട്ട് പോകുന്നത്.
വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഈ പദ്ധതികള്‍ക്ക് നല്ല സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ജോയ്ആലുക്കാസ് ഫൗണ്ടേഷനിലൂടെയാണ് സിഎസ്ആര്‍ പ്രതിബദ്ധത ഞങ്ങള്‍ നിറവേറ്റുന്നത്. ഞങ്ങളുടെ ബിസിനസ് ഫിലോസഫിയുടെ അവിഭാജ്യ ഘടകം കൂടിയാണിത്. ഒരു കോര്‍പ്പറേറ്റ് പൗരന്‍ എന്ന നിലയില്‍ വലിയ നന്മയിലേക്ക് സംഭാവന നല്‍കാനുള്ള ഞങ്ങളുടെ ഉത്തരവാദിത്തത്തെ പ്രതിഫലിപ്പിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്.

താങ്കളുടെ അഭിപ്രായത്തില്‍ ഇന്ത്യ പോലൊരു രാജ്യത്ത് സിഎസ്ആര്‍ പദ്ധതികളുടെ പ്രസക്തി എന്താണ്?
ഇന്ത്യയെപ്പോലെ വൈവിധ്യവും ജനസംഖ്യയുമുള്ള ഒരു രാജ്യത്ത്, സാമൂഹിക-സാമ്പത്തിക അസമത്വങ്ങള്‍ പരിഹരിക്കുന്നതിലും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിലുമെല്ലാം സിഎസ്ആര്‍ പദ്ധതികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഒരു വലിയ ജനവിഭാഗം ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരും വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, സ്ത്രീ ശാക്തീകരണ അവസരങ്ങളുടെ അഭാവം എന്നിങ്ങനെയുള്ള വിവിധ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നവരുമായതിനാല്‍, സിഎസ്ആര്‍ സംരംഭങ്ങള്‍ സമൂഹങ്ങളെ ഉന്നതിയിലെത്തിക്കുന്നതിനും വ്യക്തികളെ ശാക്തീകരിക്കുന്നതിനും നല്ല മാറ്റങ്ങള്‍ വരുത്തുന്നതിനും സഹായകമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ പ്രധാന സിഎസ്ആര്‍ സംരംഭങ്ങള്‍ എന്തൊക്കെയാണ്? സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളുമായി ബന്ധപ്പെട്ട മേഖലകളും പദ്ധതികളും വിശദീകരിക്കാമോ?
വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സുസ്ഥിരത, കമ്മ്യൂണിറ്റി വികസനം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ പദ്ധതികള്‍. ഞങ്ങളുടെ ചില പ്രധാന പദ്ധതികള്‍ ഇതാ:
ജോയ് ഓഫ് ഹോപ്പ്: വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, കുട്ടികളുടെ ലൈബ്രറികള്‍ സ്ഥാപിക്കുക, പഠന കിറ്റുകള്‍ വിതരണം ചെയ്യുക, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് പഠനോപകരണങ്ങള്‍ നല്‍കുക തുടങ്ങിയവ എല്ലാമാണ് ഈ പദ്ധതിക്ക് കീഴില്‍ നടപ്പാക്കുന്നത്.
ജോയ് ഓഫ് ഹെല്‍ത്ത്: മെഡിക്കല്‍ ചാരിറ്റി ക്യാമ്പുകള്‍ നടത്തല്‍, സൗജന്യ മരുന്ന് വിതരണം, ഡയാലിസിസ് കിറ്റുകളുടെ വിതരണം, ചെലവേറിയ ചികിത്സകള്‍ക്കുള്ള ധനസഹായം നല്‍കല്‍, പാലിയേറ്റീവ് കെയര്‍, ആശുപത്രി വാര്‍ഡുകള്‍ നവീകരിക്കല്‍, പ്രമേഹ ബോധവല്‍ക്കരണം, കാഴ്ച വൈകല്യമുള്ളവര്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിതരണം തുടങ്ങിയവയാണ് ആരോഗ്യവുമായി ബന്ധപ്പെട്ട ജോയ് ഓഫ് ഹെല്‍ത്ത് കാംപെയ്‌ന് കീഴില്‍ നടപ്പാക്കുന്നത്.
ജോയ് ഓഫ് എര്‍ത്ത്: സുസ്ഥിരതാ കാംപെയ്‌നാണിത്. പരിസ്ഥിതി സംരക്ഷണത്തിനായി വൃക്ഷത്തൈ നടീല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും സുസ്ഥിരമായ വികസന രീതികള്‍ പ്രോത്സാഹിപ്പിക്കുകയുമെല്ലാമാണ് ജോയ് ഓഫ് എര്‍ത്ത് പദ്ധതിക്ക് കീഴില്‍ വരുന്നത്.
ജോയ് ഹോംസ്: കേരളത്തിലെ പ്രളയബാധിതരെ സഹായിക്കുന്നതിനും പാര്‍പ്പിട പരിഹാരങ്ങള്‍ നല്‍കിക്കൊണ്ട് അധഃസ്ഥിതര്‍ക്ക് പിന്തുണ നല്‍കുന്നതിനുമായി ആരംഭിച്ച മെഗാ ഭവന പദ്ധതിയാണ് ജോയ് ഹോംസ്. കോടിക്കണിക്കിന് രൂപ മുടക്കി പാവപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ള ഭവനങ്ങള്‍ നിര്‍മിച്ച് നല്‍കുകയാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.
ജോയ് ഓഫ് കമ്യൂണിറ്റി: കമ്യൂണിറ്റി ഡെവലപ്‌മെന്റ് പദ്ധതികളെ പിന്തുണയ്ക്കുന്നതിനായുള്ള ശ്രമമാണ് ജോയ് ഓഫ് കമ്യൂണിറ്റി. പ്രകൃതിക്ഷോഭങ്ങളെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, സാമൂഹ്യ-സാമ്പത്തിക ശാക്തീകരണ പദ്ധതികള്‍ തുടങ്ങിയവ എല്ലാം ഇതില്‍ ഉള്‍പ്പെടും.

ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍ എങ്ങനെയാണ് ഒരു സിഎസ്ആര്‍ പ്രോജക്റ്റ് ഏറ്റെടുക്കുന്നത്? അതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?
സമഗ്രമായ ഗവേഷണം, കമ്പനിയുടെ ഭാഗമായ പ്രധാന വ്യക്തികളുമായുള്ള കൂടിയാലോചന, ഞങ്ങളുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന വിലയിരുത്തല്‍ തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ചാണ് സിഎസ്ആര്‍ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നത്. സിഎസ്ആര്‍ പ്രോജക്ടുകള്‍ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്ന ചില കാര്യങ്ങള്‍ ഇവയാണ്…
- നമ്മള്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റികളിലെ സാമൂഹികമോ പാരിസ്ഥിതികമോ ആയ പ്രശ്നങ്ങള്‍ തിരിച്ചറിയല്‍.
- പദ്ധതിയുടെ ഭാവി ഇംപാക്റ്റും സുസ്ഥിരതയും തിരിച്ചറിയുകയും അതിനെ അഡ്രസ് ചെയ്യാന്‍ ശ്രമിക്കുകയും വേണം.
- ജീവനക്കാര്‍, ഉപഭോക്താക്കള്‍, പ്രാദേശിക കമ്മ്യൂണിറ്റികള്‍ എന്നിവരുള്‍പ്പെടെയുള്ള പങ്കാളികളുടെ സജീവ പങ്കാളിത്തവും ഇടപെടലും ഉറപ്പാക്കുന്നു.
- നൈതിക മാനദണ്ഡങ്ങള്‍, നിയമപരമായ ആവശ്യകതകള്‍, സിഎസ്ആര്‍ മാനേജ്‌മെന്റിലെ മികച്ച രീതികള്‍ എന്നിവ പാലിക്കുന്നുവെന്ന് ഉറപ്പാക്കും.

ഏതെങ്കിലും സിഎസ്ആര്‍ പദ്ധതികള്‍ ഉണ്ടാക്കിയ ഇംപാക്റ്റിനെക്കുറിച്ച് പറയാമോ?
തീര്‍ച്ചയായും. വലിയ മാറ്റമുണ്ടാക്കിയ ഒരു പദ്ധതിയാണ് ഞങ്ങളുടെ ജോയ് ഹോംസ്. കേരളത്തിലെ പ്രളയബാധിതര്‍ക്കായി 250 വീടുകള്‍
നിര്‍മ്മിക്കുന്നതിനായി ആരംഭിച്ചതാണ് ‘ജോയ് ഹോംസ്’ സംരംഭം. എന്നാല്‍ പ്രതീക്ഷകള്‍ക്കപ്പുറമായിരുന്നു പദ്ധതിയുടെ സ്വാധീനം. 310 വീടുകള്‍ നിര്‍മ്മിക്കാന്‍ ഇതിലൂടെ ഞങ്ങള്‍ക്ക് സാധിച്ചു. ജോയ് ഹോംസ് പ്രോജക്റ്റിന് കീഴിലുള്ള ഞങ്ങളുടെ പദ്ധതികള്‍ വിപുലീകരിക്കുന്നത് തുടരുകയാണ്. ദരിദ്രരായ ആളുകള്‍ക്ക് വീട് നല്‍കുന്നതിലുള്ള ഞങ്ങളുടെ ശ്രദ്ധ കൂടുതല്‍ ജാഗ്രത കൈവരിക്കുകയും ചെയ്യുന്നു.

മറ്റൊരു ശ്രദ്ധേയമായ പദ്ധതി ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടുള്ളതാണ്. 25,000ത്തിലധികം ഡയാലിസിസ് കിറ്റുകളാണ് ഞങ്ങള്‍ വിതരണം ചെയ്തത്. അത്യാവശ്യമായ ഡയാലിസിസ് മെഷീനുകള്‍ വിതരണം ചെയ്ത് ആശുപത്രികളെ പിന്തുണയ്ക്കുകയും ചെയ്തു. ഈ ശ്രമങ്ങള്‍ വിദൂര പ്രദേശങ്ങളിലുള്ള സാധാരണക്കാരിലേക്ക് നിര്‍ണായകമായ മെഡിക്കല്‍ സേവനങ്ങള്‍ എത്തിക്കുന്നതിന് സഹായിച്ചു. നിരവധി ജീവന്‍ രക്ഷിക്കാനും ജനങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമം മെച്ചപ്പെടുത്താനും കഴിഞ്ഞു.

ഇന്നത്തെ സാഹചര്യത്തില്‍ കോര്‍പ്പറേറ്റുകളുടെ സിഎസ്ആര്‍ സംഭാവന വര്‍ദ്ധിപ്പിക്കേണ്ടതുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ?
കോര്‍പ്പറേറ്റ് പൗരന്മാര്‍ എന്ന നിലയില്‍ നമുക്ക് സമൂഹത്തിന് ക്രിയാത്മകമായി സംഭാവന നല്‍കാനുള്ള നൈതികവും ധാര്‍മ്മികവുമായ ഉത്തരവാദിത്തമുണ്ട്. ഇന്ത്യ അഭിമുഖീകരിക്കുന്ന സാമൂഹിക-സാമ്പത്തിക വെല്ലുവിളികള്‍ കണക്കിലെടുത്ത് കോര്‍പ്പറേറ്റുകളുടെ ഭാഗത്തുനിന്നുള്ള സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികള്‍ ഇനിയും കൂടേണ്ടതുണ്ട്. കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങളുടെ സിഎസ്ആര്‍ ശ്രമങ്ങള്‍ വേഗത്തിലാക്കാനും സുസ്ഥിര വികസന സംരംഭങ്ങളില്‍ നിക്ഷേപം നടത്താനുമുള്ള സാഹചര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. സാമൂഹ്യക്ഷേമം, പരിസ്ഥിതി സംരക്ഷണം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച എന്നിവയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കാര്യമായ സ്വാധീനം ചെലുത്താനാകും. കൂടാതെ, നിയമം വരുന്നതിന് മുമ്പേ, ഇക്കാര്യങ്ങളെല്ലാം ഞങ്ങള്‍ സ്വമേധയാ ചെയ്തിട്ടുണ്ട്.

സിഎസ്ആര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൈവരിക്കാന്‍ എന്തെങ്കിലും പ്രത്യേക ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ?
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സിഎസ്ആര്‍ മേഖലയിലുള്ള ഞങ്ങളുടെ സംരംഭങ്ങളുടെ സാധ്യതയും വ്യാപ്തിയും വലിയ തോതില്‍ വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ജോയ് ഹോം പദ്ധതിയുടെ ഭാഗമായി തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന എന്നീ മൂന്ന് സംസഥാനങ്ങളില്‍ 50 വീടുകള്‍ വീതം നിര്‍മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ തെലങ്കാനയില്‍ ഒരു സ്‌കൂള്‍ കെട്ടിടവും ജോയ്ആലുക്കാസ് ഫൗണ്ടേഷന്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.

സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികള്‍ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിച്ചേരുകയും അവരുടെ ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഉയര്‍ന്നുവരുന്ന സാമൂഹിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് സമാനമനസ്‌കരായ പങ്കാളികളുമായി കൂടുതല്‍ സഹകരണവും പദ്ധതിയിലുണ്ട്. ഇതിന്റെ ഭാഗമായി പദ്ധതികളില്‍ നവീകരണവുമുണ്ടാകും.
പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട് സിഎസ്ആര്‍ പദ്ധതികള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു. ആത്യന്തികമായി, നല്ല മാറ്റത്തിന് ഉത്തേജകമാകാനും സമൂഹത്തിന്റെ സുസ്ഥിര വികസനത്തിന് അര്‍ത്ഥപൂര്‍ണ്ണമായി സംഭാവന നല്‍കാനുമാണ് ജോയ്ആലുക്കാസ് ഫൗണ്ടേഷനിലൂടെ ഞങ്ങള്‍ ആഗ്രഹിക്കുന്നത്.

