കേരളത്തിന്റെ വാണിജ്യ, വ്യവസായ ചരിത്രത്തിനൊപ്പം സഞ്ചരിച്ച സംരംഭമാണ് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്. 1887ലേക്ക് ആ ചരിത്രം നീളും, നൈനാന്‍ മത്തായി മുത്തൂറ്റ് സ്ഥാപിച്ച ഹോള്‍സെയ്ല്‍ ബിസിനസിലേക്ക്…തടിയും ധാന്യങ്ങളുമായിരുന്നു കച്ചവടം. അദ്ദേഹത്തിന്റെ മകന്‍ എം മാത്യു മുത്തൂറ്റ് ബിസിനസ് കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിച്ചു. 1970ല്‍ സ്വതന്ത്രമായ കാല്‍വെപ്പിലൂടെ എം മാത്യു മുത്തൂറ്റ് ധനകാര്യ മേഖലയില്‍ സ്വന്തം ഫിനാന്‍സ് കമ്പനി തുടങ്ങി. 1998ല്‍ എം മാത്യു മുത്തൂറ്റും റോയ് എം മാത്യുവും ചേര്‍ന്ന് ആര്‍ബിഐക്ക് കീഴില്‍ ഔപചാരികമായി എന്‍ബിഎഫ്സി (ബാങ്ക് ഇതര ധനകാര്യ സ്ഥാപനം) റെജിസ്റ്റര്‍ ചെയ്തതോടെ വളര്‍ച്ചയുടെ പുതുയുഗത്തിന്റെ ആരംഭം കുറിച്ചു. ഇന്ന് കോര്‍പ്പറേറ്റ് ലോകത്തെ യുവസാന്നിധ്യമായ മാത്യു മുത്തൂറ്റിന്റെ ചടുലമായ നേതൃത്വമാണ് മുത്തൂറ്റ് മിനി ഗ്രൂപ്പിനെ നയിക്കുന്നത്. ആധുനിക മാനേജ്മെന്റ് രീതികളിലൂടെ ഗ്രൂപ്പിനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമ്പോഴും ഒരു നൂറ്റാണ്ടിലധികം വരുന്ന പാരമ്പര്യത്തിന്റെ നന്മയും തനിമയും കൈവിടുന്നില്ല മാത്യു. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 925 ശാഖകളിലൂടെ പടര്‍ന്ന് പന്തലിച്ചുകഴിഞ്ഞു മുത്തൂറ്റ് മിനി ഗ്രൂപ്പ്. 3 മില്യണ്‍ ഉപഭോക്താക്കളും 4,563 ജീവനക്കാരും ഗ്രൂപ്പിന്റെ ഭാഗമായുണ്ട്. കൈകാര്യം ചെയ്യുന്നത് 3,700 കോടി രൂപയിലധികം ആസ്തി. 7,000 കോടി രൂപയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
എഐ അധിഷ്ഠിത സാങ്കേതികവിദ്യയുടെ വരവോടെ, ധനകാര്യ സേവന മേഖലയില്‍ അതിവേഗം പരിവര്‍ത്തനം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് മുത്തൂറ്റ് മിനി ഗ്രൂപ്പിന്റെ വളര്‍ച്ചാതന്ത്രങ്ങളും സ്വര്‍ണ പണയ മേഖലയുടെ ഭാവിയും തന്റെ സ്വപ്നങ്ങളുമെല്ലാം ‘പ്രോഫിറ്റ്’ മാസികയുമായി പങ്കുവെക്കുകയാണ് മാനേജിംഗ് ഡയറക്റ്ററായ മാത്യു മുത്തൂറ്റ്.
ധനകാര്യസേവന മേഖലയിലെ താങ്കളുടെ യാത്രയെ കുറിച്ചു പറയാമോ, ഒപ്പം മുത്തൂറ്റ് മിനിയുടെ നേതൃസ്ഥാനത്ത് വന്നതിന് ശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ചും?
ധനകാര്യ മേഖലയിലെ എന്റെ യാത്രയെ പ്രാഥമികമായും സ്വാധീനിച്ചത് ഈ രംഗത്ത് എന്റെ മുത്തച്ഛന്റെ മഹത്തായ പാരമ്പര്യമാണ്. 1920ലാണ് അദ്ദേഹം (എം മാത്യു മുത്തൂറ്റ്) സംരംഭകരംഗത്ത് സജീവമാകുന്നത്. ആദ്യകാലം മുതല്‍ക്കേ ധനകാര്യ, ചിട്ടി ബിസിനസില്‍ ശ്രദ്ധവെച്ചിരുന്ന അദ്ദേഹം 1970ലാണ് സ്വതന്ത്രമായി ഫിനാന്‍സ് കമ്പനി തുടങ്ങുന്നത്. ഈ വിപണിയെ അറിഞ്ഞ്, ധനകാര്യ സേവനം ജനകീയമാക്കിയതില്‍ വലിയ പങ്കുവഹിച്ച അദ്ദേഹമാണ് എന്നും എന്റെ പ്രചോദനം.

ഞങ്ങളുടെ അടിസ്ഥാന മൂല്യമായ വിശ്വാസ്യതയിലൂന്നി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുന്നതിലാണ് നേതൃത്വമേറ്റെടുത്ത ശേഷം ഞാന്‍ പ്രധാനമായും ശ്രദ്ധയൂന്നി വരുന്നത്. പതിനൊന്നു സംസ്ഥാനങ്ങളിലായി 925 ബ്രാഞ്ചുകള്‍ എന്ന തലത്തിലേക്ക് സ്ഥാപനത്തെ വളര്‍ത്താന്‍ കഴിഞ്ഞു. കൂടാതെ, ഉപഭോക്തൃ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള സാങ്കേതികവിദ്യ സ്വീകരിക്കാന്‍ കഴിഞ്ഞു. സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും ശക്തമായ വളര്‍ച്ച നിലനിര്‍ത്താന്‍ ഇത്തരം മാറ്റങ്ങള്‍ സഹായകമായിട്ടുണ്ട്.
വരുന്ന 5 വര്‍ഷത്തില്‍ മുത്തൂറ്റ് മിനി ലക്ഷ്യമിടുന്നത് എന്തെല്ലാമാണ്?
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഇന്ത്യയിലെ മുന്‍നിര ധനകാര്യ സേവന ദാതാവെന്ന നിലയില്‍ മുത്തൂറ്റ് മിനിയുടെ സ്ഥാനം ഉറപ്പിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ബ്രാഞ്ചുകളുടെ എണ്ണം 1400 ആയി ഉയര്‍ത്തണം, അതോടൊപ്പം ഉപഭോക്തൃ അടിത്തറ നിലവിലെ 3 മില്യണില്‍ നിന്ന് 7 മില്യണിലേക്ക് എത്തിക്കുകയെന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കൈകാര്യം ചെയ്യുന്ന ആസ്തി (അസറ്റ് അണ്ടര്‍ മാനേജ്മെന്റ്) 2027 ആകുമ്പോഴേക്കും 7,000 കോടി രൂപയിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നു.

ഇന്ത്യയിലെ മറ്റ് ധനകാര്യ സേവന ദാതാക്കളില്‍ നിന്ന് മുത്തൂറ്റ് മിനിയെ വ്യത്യസ്തമാക്കുന്നത് എന്താണ്?
ഉപഭോക്തൃ കേന്ദ്രീകൃതമായ പ്രതിബദ്ധതയുടെ പര്യായമായാണ് മുത്തൂറ്റ് മിനിയെ ഞങ്ങള്‍ അടയാളപ്പെടുത്തുന്നത്. വിശ്വാസ്യതയ്ക്കും സാമൂഹ്യ സേവനത്തിനും ഊന്നല്‍ നല്‍കി സ്വര്‍ണ്ണ വായ്പാ മേഖലയില്‍ ഞങ്ങള്‍ ഒരു വിശ്വസനീയ ബ്രാന്‍ഡായി വളര്‍ന്നു.
ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ മുന്‍കൂട്ടി മനസിലാക്കി അവര്‍ക്കായി വൈവിധ്യമാര്‍ന്ന ധനകാര്യ സേവനങ്ങള്‍ ഞങ്ങള്‍ ഉറപ്പാക്കുന്നു. ഉപഭോക്താക്കള്‍ക്കൊപ്പം നില്‍ക്കുന്നു എന്നതിനാലാണ് മികച്ചൊരു ഉപഭോക്തൃനിര പടുത്തുയര്‍ത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്.

സ്ഥാപനത്തിന്റെ ഏത് രംഗത്തെ പ്രവര്‍ത്തനങ്ങള്‍ എടുത്ത് നോക്കിയാലും ഉപഭോക്തൃ സംതൃപ്തിയാണ് അടിസ്ഥാനം എന്ന് മനസിലാക്കാന്‍ കഴിയും. സുതാര്യമായ ആശയവിനിമയം, വ്യക്തിഗതമാക്കിയ സേവനങ്ങള്‍, കാര്യക്ഷമമായ ലോണ്‍ പ്രോസസ്സിംഗ് സമയം എന്നിവയിലൂടെ ഉപഭോക്താക്കളെ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്തുന്നു. അവരുടെ പരാതികള്‍, ആശങ്കകള്‍ എന്നിവയ്ക്ക് വളരെ പെട്ടെന്ന് പരിഹാരം കണ്ടെത്തുന്നതിനായി മികച്ചൊരു ടീം തന്നെ ഞങ്ങള്‍ക്കൊപ്പമുണ്ട്. മാത്രമല്ല, കൃത്യമായ സമയങ്ങളില്‍ ഉപഭോക്താക്കളില്‍ നിന്നും ഫീഡ്ബാക്കുകള്‍ സ്വീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഉപഭോക്തൃ സംതൃപ്തിയാണ് എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം.
ഇതുവരെ നേരിട്ട വലിയ വെല്ലുവിളികള്‍ എന്തെല്ലാമായിരുന്നു. എങ്ങനെയാണ് അതിനെയെല്ലാം മറികടന്നത്?
വിവിധങ്ങളായ സാമ്പത്തിക നിയന്ത്രണങ്ങള്‍, മേഖലയിലെ മത്സരങ്ങള്‍, വിപണിയിലെ ചാഞ്ചാട്ടം തുടങ്ങി നിരവധി വെല്ലുവിളികള്‍ നിലനില്‍ക്കുന്നു. ഇതെല്ലാം കാര്യക്ഷമമായി പരിഹരിക്കുന്നതിന് സാങ്കേതികവിദ്യയിലും പ്രവര്‍ത്തനത്തിലും വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട് ഞങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് കൃത്യമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. ബാഹ്യ സമ്മര്‍ദങ്ങള്‍ മറികടക്കാനുള്ള ഊര്‍ജം ഞങ്ങള്‍ക്കുണ്ട്. അതേസമയം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നതില്‍ വിട്ടുവീഴ്ച്ച ഉണ്ടാകുകയുമില്ല. സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കുക എന്ന രീതിയാണ് ഞങ്ങളുടെ ടീം അവലംബിച്ചിരിക്കുന്നത്.

ധനകാര്യസേവന രംഗത്തെ മാറ്റങ്ങളുമായി കമ്പനി എങ്ങനെയാണ് പൊരുത്തപ്പെട്ടുവന്നത്, പ്രത്യേകിച്ചും ഡിജിറ്റല്‍ ഫിനാന്‍സ് കാലത്ത്?
ഡിജിറ്റല്‍ പരിവര്‍ത്തനത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുകയാണ് മുത്തൂറ്റ് മിനി ചെയ്തത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു. മൈ മുത്തൂറ്റ് ആപ്പ് ഇതിനൊരുദാഹരണമാണ്. സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിലൂടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. ഡിജിറ്റല്‍ സൊലൂഷനുകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്ന രംഗത്ത് ഇത്തരം മാറ്റങ്ങള്‍ കൂടുതല്‍ ഗുണം ചെയ്യുന്നു.

മുത്തൂറ്റ് മിനി ഗ്രൂപ്പില്‍ അടുത്തിടെ നടപ്പിലാക്കിയ പ്രധാനപ്പെട്ട ഏതെങ്കിലും സാങ്കേതിക മാറ്റങ്ങളെക്കുറിച്ച് പറയാമോ?
ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പ്രവര്‍ത്തന ക്ഷമത കൂടുതല്‍ മികവുറ്റതാക്കാനുമെല്ലാമായി അടുത്തിടെ നിരവധി ടെക്നോളജി ഇന്നവേഷനുകള്‍ ഞങ്ങള്‍ നടപ്പാക്കി. ഇതിന്റെ ഭാഗമായാണ് ‘മൈ മുത്തൂറ്റ്’ എന്ന ആപ്പ് അവതരിപ്പിച്ചത്. ഇതിലൂടെ ഓണ്‍ലൈനായി ലോണുകള്‍ക്ക് അപേക്ഷിക്കാനും തത്സമയം ആപ്ലിക്കേഷനുകള്‍ ട്രാക്ക് ചെയ്യാനും മൊബൈല്‍ ഉപകരണങ്ങള്‍ വഴി അക്കൗണ്ടുകള്‍ സൗകര്യപ്രദമായി കൈകാര്യം ചെയ്യാനും ഉപഭോക്താക്കള്‍ക്ക് കഴിയുന്നു. വിപുലമായ അനലിറ്റിക്‌സ് സംവിധാനങ്ങളും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുബന്ധമായി നടപ്പാക്കിയിട്ടുണ്ട്. പുതിയ കാലത്തിന് അനുസരിച്ച് തങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ മാനേജ് ചെയ്യാന്‍ ഇതിലൂടെ ഉപഭോക്താക്കള്‍ക്കും സാധിക്കുന്നു.
ധനകാര്യ സേവന മേഖലയുടെ ഭാവി നിര്‍വചിക്കുന്നതില്‍ ടെക്നോളജി വഹിക്കുന്ന പങ്കിനെക്കുറിച്ച് പറയാമോ?
കൂടുതല്‍ ജനകീയവും കാര്യക്ഷമവും വ്യക്തിഗതവുമായി ധനകാര്യസേവന മേഖലയെ മാറ്റാന്‍ ടെക്നോളജിക്ക് സാധിക്കും. ഫിന്‍ടെക് ശക്തി പ്രാപിക്കുന്നത് ഈ രംഗത്തെ കൂടുതല്‍ മല്‍സരാധിഷ്ഠിതമാക്കി മാറ്റുക മാത്രമല്ല ചെയ്യുക, മറിച്ച് ഞങ്ങളെപ്പോലുള്ള പരമ്പരാഗത സ്ഥാപനങ്ങളില്‍ ഇന്നവേഷന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യും.

എഐ അധിഷ്ഠിത അനലിറ്റിക്സ് ഉപയോഗപ്പെടുത്തി വ്യക്തിഗത ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റുന്നതിന് ആവശ്യമായ കസ്റ്റമൈസ്ഡ് ഉല്‍പ്പന്നങ്ങള്‍ മറ്റെന്നത്തേക്കാളും മികവുറ്റ രീതിയില്‍ പുറത്തിറക്കാന്‍ സാധിക്കുന്നതാകും ഭാവി. ബ്ലോക്ക്ചെയിന്‍ ടെക്നോളജിയിലെ മുന്നേറ്റങ്ങള്‍ ഇടപാടുകളില്‍ സുതാര്യതയും സുരക്ഷയും വര്‍ധിപ്പിക്കും. ഉപഭോക്തൃ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വളര്‍ച്ചയ്ക്കും ടെക്നോളജിയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് മുത്തൂറ്റ് മിനി ശ്രമിക്കുക.
ഗ്രൂപ്പിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയെക്കുറിച്ച് പറയാമോ?
മുത്തൂറ്റ് മിനിയുടെ ധാര്‍മ്മികതയ്ക്കും ബിസിനസ് മോഡലിനും ഏറെ നിര്‍ണായകമായ ഘടകമാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍). ലാഭക്ഷമതയ്ക്ക് പുറകെ പോകുമ്പോള്‍ തന്നെ സമൂഹത്തിന് തിരിച്ചുനല്‍കുന്നതിനെക്കുറിച്ചും കമ്പനികള്‍ എപ്പോഴും ചിന്തിക്കേണ്ടതുണ്ട്. ഞങ്ങളുടെ സിഎസ്ആര്‍ പദ്ധതികള്‍ കൂടുതലും ശ്രദ്ധയൂന്നുന്നത് വിദ്യാഭ്യാസം, ആരോഗ്യസേവനം, സാമൂഹ്യവും സാമ്പത്തികവുമായി പിന്നോക്കം നില്‍കുന്നവരുടെ ശാക്തീകരണ പദ്ധതികള്‍ എന്നിവയിലാണ്.

മുത്തൂറ്റ് മിനിയുടെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായ ഏതെങ്കിലും പദ്ധതിയെക്കുറിച്ച് പറയാമോ?
സിഎസ്ആര്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള 22,000 നിര്‍ധനരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്നതിനായി പഠന സാമഗ്രികള്‍ വിതരണം ചെയ്തിരുന്നു ഞങ്ങള്‍. ഇതിനു പുറമെ സ്വയംതൊഴില്‍ ചെയ്യുന്നതില്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതിനായി തയ്യല്‍ മെഷീനുകളും സൈക്കിളുകളും പോലുള്ള അവശ്യ ഉപകരണങ്ങളും വിതരണം ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസത്തിലൂടെയും നൈപുണ്യ വികസനത്തിലൂടെയും സാമൂഹിക ഉന്നമനം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്. സമൂഹത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അര്‍ത്ഥവത്തായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇത്തരം സമീപനങ്ങള്‍ കൊണ്ട് സാധിക്കും എന്നാണ് ഞാന്‍ മനസിലാക്കുന്നത്.

കോര്‍പ്പറേറ്റ് രംഗത്തെ യുവേനേതാവെന്ന നിലയില്‍ ശ്രദ്ധേയനാണല്ലോ താങ്കള്‍. താങ്കളുടെ ലീഡര്‍ഷിപ്പ് സ്‌റ്റൈലിനെക്കുറിച്ച് പറയാമോ?
കൊളാബറേഷന്‍, ഇന്നവേഷന്‍, എംപവര്‍മെന്റ് (സഹകരണം, നൂതനാത്മകത, ശാക്തീകരണം) എന്നീ ഘടകങ്ങളിലൂന്നിയുള്ളതാണ് എന്റെ ലീഡര്‍ഷിപ്പ് സ്‌റ്റൈല്‍. ഓരോ ടീം അംഗത്തെയും അവര്‍ അര്‍ഹിക്കുന്ന മതിപ്പോടെ നോക്കിക്കാണുക എന്നതാണ് എന്റെ രീതി. ഇത് മികച്ച തൊഴില്‍ അന്തരീക്ഷം വളര്‍ത്തിയെടുക്കും. ഏതൊരു സ്ഥാപനത്തിന്റെ വിജയത്തിനും ഇത്തരം തൊഴില്‍ അന്തരീക്ഷം അനിവാര്യമാണ്. ടീമിനുള്ളില്‍ ഞാന്‍ തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നു. ഇത് സര്‍ഗ്ഗാത്മകതയ്ക്കുള്ള അന്തരീക്ഷം ഒരുക്കുന്നു.
മാത്രമല്ല, ഇത്തരം അന്തരീക്ഷത്തില്‍ ഓരോ വ്യക്തിയുടെയും സംഭാവനകള്‍ പ്രത്യേകം തിരിച്ചറിയാനും സാധിക്കും. ടീമിനെ കൂടുതല്‍ പ്രചോദിപ്പിക്കുന്നതിന് ചെറുതും വലുതുമായ നേട്ടങ്ങള്‍ ആഘോഷിക്കുകയും ചെയ്യുന്നു. കൂട്ടായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ഇത് സഹായിക്കും. പ്രൊഫഷണലായി കൂടുതല്‍ മികച്ച അവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു.

വരും വര്‍ഷങ്ങളില്‍ മുത്തൂറ്റ് മിനിയുടെ സേവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ എന്തൊക്കെയാണ്? എന്‍ബിഎഫ്‌സികളുടെ, പ്രത്യേകിച്ച് സ്വര്‍ണ വായ്പാ മേഖലയുടെ ഭാവി വളര്‍ച്ചയെ താങ്കള്‍ എങ്ങനെ നോക്കികാണുന്നു?
കൂടുതല്‍ സേവനങ്ങളും കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുമുള്ള വളര്‍ച്ചയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ബ്രാഞ്ച് ശൃംഖലയില്‍ വലിയ വര്‍ധനവുണ്ടാകും. ഒപ്പം വ്യത്യസ്തമായ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ പരിഗണിച്ചുള്ള പുതിയ ഉല്‍പ്പന്നങ്ങളും പുറത്തിറക്കും. വ്യത്യസ്ത മേഖലകളെയും ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാകുമിത്. സ്വര്‍ണ പണയ വിപണിക്ക് മികച്ച ഭാവിയുണ്ടെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങള്‍ വരുമ്പോള്‍ സ്വര്‍ണ പണയത്തിലൂടെ പണം കണ്ടെത്തുകയെന്നത് ഏതൊരാളെ സംബന്ധിച്ചും നിര്‍ണായകമാണ്. അതുതന്നെയാണ് ഈ മേഖലയുടെ സാധ്യതയും. അതേസമയം നിയമപരമായ മാറ്റങ്ങള്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കാം. അതിനെ അഭിമുഖീകരിക്കാന്‍ പാകത്തിലുള്ള സ്ട്രാറ്റജി കൈവരിക്കുകയാണ് പ്രധാനം.

ധനകാര്യസേവന മേഖലയിലെ ഒരു പ്രമുഖ സംരംഭകന്‍ എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചയെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗംഭീര വളര്‍ച്ചയാണ് ഇന്ത്യ കൈവരിച്ചത്. ധനകാര്യസേവനരംഗത്ത് നില്‍ക്കുന്ന സംരംഭകനെന്ന നിലയില്‍ സാമ്പത്തിക ഉള്‍ച്ചേര്‍ക്കലും ബാങ്കിംഗും ഫിന്‍ടെക്കും ഉള്‍പ്പടെയുള്ള മേഖലകളിലെ അതിവേഗ സാങ്കേതിക പുരോഗതിയുമെല്ലാം വലിയ സാധ്യതകള്‍ തുറന്നിട്ടുവെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

ധനകാര്യസേവനങ്ങള്‍ എത്തിപ്പെടാത്ത വിഭാഗങ്ങളിലേക്ക് നൂതനാത്മകമായ മാര്‍ഗങ്ങളിലൂടെ എത്തിച്ചേരാനുള്ള അവസരം കൂടിയാണ് മാറി വരുന്ന സാഹചര്യങ്ങള്‍ ഒരുക്കുന്നത്. മൊത്തത്തിലുള്ള സാമ്പത്തിക വികസനത്തിന് ഇത് വഴിവെക്കും. സംരംഭകരെന്ന നിലയില്‍ ഞങ്ങള്‍ മാറ്റങ്ങളോട് പ്രതികരിക്കേണ്ടതുണ്ട്, അവ അതിവേഗം സ്വാംശീകരിക്കുകയും വേണം. മൂല്യാധിഷ്ഠിതമായ സേവനങ്ങള്‍ നല്‍കാനായിരിക്കണം എപ്പോഴും ശ്രമിക്കേണ്ടത്.

