എക്കാലത്തും ആഘോഷിക്കപ്പെട്ട ബിസിനസ് വ്യക്തിത്വമാണ് രതന്‍ ടാറ്റ. സെലിബ്രിറ്റി സ്റ്റാറ്റസ് കൈവരിച്ച ഇന്ത്യയിലെ ആദ്യ സംരംഭകരിലൊരാള്‍. അടുത്തിടെ അന്തരിക്കുവോളം അദ്ദേഹത്തിന്റെ ശബ്ദത്തിനായി ഇന്ത്യന്‍ വ്യവസായരംഗം കാതോര്‍ത്തു. നവസംരംഭകര്‍ക്ക് എന്നും പ്രചോദനമായിരുന്നു രതന്‍. 2024 ഒക്റ്റോബര്‍ 9 നാണ് തന്റെ സംരംഭകയാത്രയും ജീവിതവും അവസാനിപ്പിച്ച് രതന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്.

താന്‍ പോയതിന് ശേഷം തന്റെ സ്വത്തുക്കള്‍ സമൂഹത്തിന് ഉപകരിക്കും വിധം പ്രയോജനപ്പെടുത്താന്‍ രണ്ട് വഴികളാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്. രതന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന്‍, രതന്‍ ടാറ്റ എന്‍ഡോവ്മെന്റ് ട്രസ്റ്റ് എന്നിവയാണവ. ഈ സംഘടനകളിലേക്ക് രതന്‍ ടാറ്റയുമായി ബന്ധപ്പെട്ട ആളുകളെ നാമനിര്‍ദേശം ചെയ്യുകയാണ് ആദ്യപടി. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍, ടാറ്റ ട്രസ്റ്റ്സ് ചെയര്‍മാന്‍ നോയല്‍ ടാറ്റ, പ്രമീത് ഝവേരി തുടങ്ങിയവര്‍ അംഗങ്ങളായേക്കുമെന്നാണ് സൂചന.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റും സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിന്തുണയും എല്ലാം തുടരുമെന്ന് അദ്ദേഹം ഉറപ്പാക്കിയിരിക്കുന്നു. തന്റെ കുടുംബത്തിനും ആത്മാര്‍ത്ഥമായി കൂടെ നിന്ന ജീവനക്കാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും തന്റെ എല്ലാമായിരുന്ന അരുമ മൃഗങ്ങള്‍ക്കുമായി കൂടി സമ്പത്ത് പങ്കുവെച്ച ശേഷമാണ് രതന്‍ ടാറ്റ പോയത്. ഹൈക്കോടതിയുടെ സര്‍ഫിക്കേഷന്‍ ലഭിച്ച ശേഷമേ രതന്റെ വില്‍പ്പത്രം നടപ്പാക്കാനാരംഭിക്കൂ. ഇതിന് ആറ് മാസം വരെ എടുക്കാം.
രതന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ രതന്‍ ടാറ്റയുടെ കാലശേഷവും തുടരുമെന്ന് രതന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷന്‍ ഉറപ്പാക്കും. ഉയര്‍ന്നുവരുന്ന ടെക്നോളജികളിലെ റിസര്‍ച്ച്, ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വെച്ച് സാമൂഹ്യ ഇടപെടലുകള്‍ എന്നിവ ഫൗണ്ടേഷന്റെ ചുമതലയായിരിക്കും. ശേഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ടാറ്റ എന്‍ഡോവ്മെന്റ് ട്രസ്റ്റ് നടത്തുക.
അരുമകള്‍ക്കായി…
10000 കോടി രൂപ കവിയുന്നതാണ് രതന്‍ ടാറ്റയുടെ വില്‍പ്പത്രം. ഏറ്റവും ശ്രദ്ധേയമായത് തന്റെ അരുമ മൃഗങ്ങള്‍ തന്റെ മരണശേഷവും അല്ലലില്ലാതെ എല്ലാ സൗകര്യത്തോടെയും കഴിയുമെന്ന് രതന്‍ ടാറ്റ ഉറപ്പാക്കിയെന്നതാണ്. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്തുവളര്‍ത്തിയ ടിറ്റോ എന്ന ജര്‍മന്‍ ഷെപ്പേഡ് നായയുടെ പരിചരണം അദ്ദേഹം വില്‍പ്പത്രത്തില്‍ ഉറപ്പാക്കിയിരിക്കുന്നു. തന്റെ വിശ്വസ്തനായ പാചകക്കാരനായ രാജന്‍ ഷായെയാണ് രതന്‍ ടാറ്റ, ടിറ്റോയുടെ പരിചരണം ഏല്‍പ്പിച്ചിരിക്കുന്നത്.

പരിധികളില്ലാത്ത പരിചരണം ടിറ്റോയ്ക്ക് നല്‍കണമെന്നാണ് ടാറ്റ വില്‍പ്പത്രത്തില്‍ എഴുതിയിരിക്കുന്നത്. ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്ന രാജന്‍ ഷായ്ക്കും രതന്റെ സ്വത്തിന്റെ ഒരു വിഹിതം ലഭിക്കും. ഗോവയില്‍ നിന്നും രതന്‍ കൊണ്ടുവന്ന തെരുവുനായയായിരുന്ന ‘ഗോവ’ എന്ന നായയുടെ തുടര്‍ന്നുള്ള പരിചരണവും അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്. ബോംബെ ഹൗസിലെ ടാറ്റ ഗ്രൂപ്പ് ഓഫീസിലെ സ്ഥിരം താമസക്കാരനാണ് ഗോവ.
പ്രിയങ്കരനായ സുബ്ബയ്യ
ദീര്‍ഘകാലം പാചകക്കാരനായി ഒപ്പമുണ്ടായിരുന്ന സുബ്ബയ്യയുടെ പേര് വില്‍പ്പത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. മൂന്ന് പതിറ്റാണ്ട് കാലം രതന്‍ ടാറ്റയോടൊപ്പമുണ്ടായിരുന്ന സുബ്ബയ്യക്ക് അദ്ദേഹത്തോട് ഏറെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. കുടുംബത്തിലെ അംഗത്തെപ്പോലെ സുബ്ബയ്യയെ കണ്ടിരുന്ന ടാറ്റ അദ്ദേഹത്തിനായി ഡിസൈനര്‍ വസ്ത്രങ്ങളും മറ്റും വാങ്ങിയിരുന്നു. തന്റെ വിശ്വസ്തരായ ജീവനക്കാരെ അംഗീകരിക്കുകയും സ്നേഹിക്കുകയും രതന്‍ ടാറ്റയുടെ സ്വഭാവസവിശേഷതയുടെ പ്രതീകമാണ് സുബ്ബയ്യ.
വില്‍പ്പത്രത്തില്‍ ശന്തനുവും
അവസാന കാലത്ത് രതന്‍ ടാറ്റയുടെ അടുത്ത സുഹൃത്തും എക്സിക്യൂട്ടീവ് അസിസ്റ്റന്റുമായിരുന്ന ശന്തനു നായിഡുവാണ് വില്‍പ്പത്രത്തില്‍ ഇടം നേടിയ മറ്റൊരാള്‍. മൃഗസ്നേഹികളെന്ന നിലയിലാണ് 2014 ല്‍ ഇരുവരും കണ്ടുമുട്ടിയത്. തെരുവുനായ്ക്കളെ ആക്സിഡന്റുകളില്‍ നിന്നും രക്ഷിക്കാന്‍ രാത്രിയില്‍ തിളങ്ങുന്ന കോളറുകള്‍ ഘടിപ്പിക്കുന്ന പരിപാടിയുമായി രതനെ ബന്ധപ്പെട്ടായിരുന്നു ശന്തനു.

മുംബൈയിലേക്ക് ശന്തനുവിനെ വിളിച്ചുവരുത്തിയ ടാറ്റ, മോട്ടോപാവ്സ് എന്ന സ്റ്റാര്‍ട്ടപ്പില്‍ പാര്‍ട്ട്ണറായി. മൃഗങ്ങള്‍ക്കായി പിന്നെയും പല പരിപാടികള്‍ സുഹൃത്തുക്കള്‍ രണ്ടും ചേര്‍ന്ന് നടത്തി. ശന്തനുവിന്റെ വാര്‍ദ്ധക്യകാല സൗഹൃദ സംരംഭമായ ഗുഡ്ഫെലോസിലും ടാറ്റ നിക്ഷേപം നടത്തി. വില്‍പ്പത്ര പ്രകാരം ഗുഡ് ഫെലോസിലെ ഓഹരികള്‍ ശന്തനുവിന് തിരികെ നല്‍കിയ ടാറ്റ, ശന്തനുവിന് വിദേശവിദ്യാഭ്യാസത്തിന് നല്‍കിയ വായ്പയും എഴുതിത്തള്ളി.
രതന്റെ ആസ്തി
മുംബൈയിലെ അലിബാഗില്‍ 2000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ബീച്ച് ബംഗ്ലാവ്, മുംബൈ ജുഹു താരാ റോഡില്‍ ഇരുനില വീട് എന്നിവ രതന്‍ ടാറ്റയുടെ പേരിലാണുള്ളത്. ജുഹുവിലെ വീട് സഹോദരന്‍ ജിമ്മി ടാറ്റയുടെ പേരിലാണ് എഴുതി വെച്ചിരിക്കുന്നത്. 350 കോടി രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റുകളും അദ്ദേഹത്തിനുണ്ട്. ടാറ്റ ഗ്രൂപ്പിന്റെ 165 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഹോള്‍ഡിംഗ് കമ്പനിയായ ടാറ്റ സണ്‍സില്‍ 0.83% വരുന്ന ഓഹരികള്‍ രതനുണ്ട്. ഇതടക്കം 7900 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ടാറ്റ സണ്‍സിലെ ഈ ഓഹരികള്‍ രതന്‍ ടാറ്റ എന്‍ഡോവ്മെന്റ് ഫൗണ്ടേഷനെന്ന (ആര്‍ടിഇഎഫ്) ചാരിറ്റബിള്‍ ട്രസ്റ്റിലേക്ക് കൈമാറും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ ഈ ആസ്തി ഉപയോഗിക്കപ്പെടും. ടാറ്റ മോട്ടേഴ്സില്‍ രതനുള്ള ആസ്തികളും ഇപ്രകാരം കൈമാറപ്പെടും.

രതന്റെ സമ്പത്തിന്റെ ഒരു ഭാഗം, 300 കോടി രൂപയോളം വരുന്ന എസ്റ്റേറ്റ്, അര്‍ദ്ധ സഹോദരിമാരായ ഷിറീന്‍, ഡിയാന ജീജീഭോയ് എന്നിവര്‍ക്ക് ലഭിക്കും. അവര്‍ ഇത് ഫൗണ്ടേഷന് തന്നെ കൈമാറാനാണ് സാധ്യത. അതേസമയം സഹോദരനും ടാറ്റ ട്രസ്റ്റ് ചെയര്‍മാനുമായ നോയല്‍ ടാറ്റ, അദ്ദേഹത്തിന്റെ മക്കളായ ലിയ, മായ, നെവില്‍ എന്നിവരുടെ പേരുകള്‍ വില്‍പ്പത്രത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്നാണ് വിവരം. ലിയയും മായയും നെവിലുമാണ് ഭാവിയില്‍ ടാറ്റ ഗ്രൂപ്പിനെ മുന്നോട്ടു നയിക്കുക.
200 കോടിയുടെ വീടും കാറുകളും
കൊളാബയിലെ ഹലേകി ഹൗസിലാണ് മരിക്കുന്നതു വരെ രതന്‍ ടാറ്റ കഴിഞ്ഞിരുന്നത്. ടാറ്റ സണ്‍സിന്റെ ഉപകമ്പനിയായ ഇവാര്‍ട്ട് ഇന്‍വെസ്റ്റ്മെന്റ്സിന്റെ കീഴിലാണ് ഈ വീട്. ടാറ്റ സണ്‍സാവും ഈ വീട് എന്ത് ചെയ്യണമെന്ന് തീരുമാനിക്കുക. മൂന്ന് നിലയില്‍ 13350 സ്‌ക്വയര്‍ ഫീറ്റ് വലിപ്പമുള്ള ഈ വീടിന്റെ മൂല്യം 200 കോടി രൂപയെന്നാണ് കണക്കാക്കിയിരിക്കുന്നത്.
രതന്റെ 30 ഓളം വരുന്ന ലക്ഷ്വറി കാറുകള്‍ ഹലേകി ഹൗസിലും താജ് വെല്ലിംഗ്ടണ്‍ മ്യൂസ് സര്‍വീസ് അപ്പാര്‍ട്ട്മെന്റ്സിലുമാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഫെരാരി കാലിഫോര്‍ണിയ റോഡ്സ്റ്റര്‍, മസെറാട്ടി ക്വാട്രെപോര്‍ട്ട, ജാഗ്വാര്‍ എക്സ്എഫ്-ആര്‍ എന്നിവ ഈ ശേഖരത്തിലുണ്ട്. ഇവ ലേലം ചെയ്യണോ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത് പുനെയിലെ മ്യൂസിയത്തിലേക്ക് മാറ്റണോ എന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണ്. 300 കോടി രൂപയോളം വിലയുള്ള ദസോ ഫാല്‍ക്കണ്‍ 2000 പ്രൈവറ്റ് ജെറ്റാണ് രതന്റെ മറ്റൊരു വലിയ ആസ്തി.

