ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ഒട്ടും പിന്നിലല്ല ഇന്ത്യയിലെ ടോപ് ബിസിനസ് കുടുംബങ്ങള്‍. നവംബറില്‍ പുറത്തിറങ്ങിയ ഹൂറണ്‍ ഫിലാന്ത്രോപ്പി ലിസ്റ്റ് പ്രകാരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം പണം മുടക്കിയത് എച്ച്സിഎല്‍ ടെക്നോളജി സ്ഥാപകന്‍ ശിവ് നാടാരും കുടുംബവുമാണ്.

2153 കോടി രൂപയാണ് ഈ വര്‍ഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹവും കുടുംബവും ചെലവിട്ടത്. മറ്റ് വ്യവസായികളേക്കാള്‍ വളരെയധികം മുന്നിലാണ് ചാരിറ്റിക്കായുള്ള പണം മുടക്കലില്‍ ശിവ് നാടാര്‍. പ്രധാനമായും വിദ്യാഭ്യാസ മേഖലയിലാണ് അദ്ദേഹം ശിവ് നാടാര്‍ ഫൗണ്ടേഷന്‍ മുഖേന പണം ചെലവാക്കിയത്.
അംബാനിയും ബജാജും
ഹൂറണ്‍ ലിസ്റ്റ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയും കുടുംബവും 407 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ഫൗണ്ടേഷന്‍ മുഖേന ചെലവാക്കിയത്. 352 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ട ബജാജ് കുടുംബം മൂന്നാം സ്ഥാനത്തുണ്ട്. എന്‍ജിനീയറിംഗ് വിദ്യാഭ്യാസ മേഖലയിലാണ് ബജാജ് ഗ്രൂപ്പ് ട്രസ്റ്റ് പണം ചെലവാക്കിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 33% തുക അധികമായി ചെലവഴിച്ച് ആറാം സ്ഥാനത്തു നിന്ന് മൂന്നാം സ്ഥാനത്തേക്ക് ബജാജ് കുടുംബം എത്തി.

ബിര്‍ള കുടുംബവും അദാനിയും
334 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കിയ കുമാര്‍ മംഗളം ബിര്‍ളയാണ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ളത്. ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍ ഫൗണ്ടേഷന്‍ വഴി വിദ്യാഭ്യാസ മേഖലയ്ക്കായാണ് പണം ചെലവഴിച്ചത്. അദാനി ഫൗണ്ടേഷനിലൂടെ വിദൂര ഗ്രാമങ്ങളിലെ വിദ്യാഭ്യാസത്തിനായി 330 കോടി രൂപ ചെലവഴിച്ച ഗൗതം അദാനിയും കുടുംബവുമാണ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയത്.

നിലേക്കനി ദമ്പതികള്‍
307 കോടി രൂപയാണ് ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേക്കനി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ വര്‍ഷം ചെലവാക്കിയത്. നിലേക്കനി ഫൗണ്ടേഷന്‍ വഴി ആവാസവ്യവസ്ഥയുടെ നിര്‍മിതിക്കായാണ് പണം ചെലവാക്കിയത്. ഹൂറണ്‍ ഫിലാന്ത്രോപ്പി പട്ടികയില്‍ ആറാം സ്ഥാനത്തുണ്ട് അദ്ദേഹം.

നന്ദന്റെ ഭാര്യ രോഹിണി നിലേക്കനിയും പട്ടികയിലെ ആദ്യ പത്തില്‍ ഇടം പിടിച്ചത് ശ്രദ്ധേയമാണ്. രോഹിണി നിലേക്കനി ഫൗണ്ടേഷനിലൂടെ 154 കോടി രൂപ ചെലവഴിച്ച രോഹിണി, പട്ടികയില്‍ പത്താം സ്ഥാനത്താണെത്തിയത്.
ഐഐടി മദ്രാസിനായി 228 കോടി
228 കോടി രൂപ ഐഐടി മദ്രാസിന് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡോവ്മെന്റായി നല്‍കിയ യുഎസ് ആസ്ഥാനമാക്കിയ സംരംഭകന്‍ ഡോ. കൃഷ്ണ ചിവുക്കുലയാണ് ഫിലാന്ത്രോപ്പി പട്ടികയില്‍ ഏഴാമത്. ഇതാദ്യമായാണ് അദ്ദേഹം പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിക്കുന്നത്. ഐഐടി മദ്രാസിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ കൃഷ്ണ ചിവുക്കുല വിമാന ഘടകങ്ങള്‍ നിര്‍മിക്കുന്ന സംരംഭത്തിന് ഉടമയാണ്.
കനിവിന്റെ വേദാന്തം
ഇന്ത്യയുടെ ‘മെറ്റല്‍ കിംഗ്’ എന്ന് വിളിപ്പേരുള്ള വേദാന്ത റിസോഴ്സസ് ലിമിറ്റഡ് സ്ഥാപകനായ അനില്‍ അഗര്‍വാളാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാരമായി സംഭാവന ചെയ്ത എട്ടാമത്തെ ബില്യണര്‍. അനില്‍ അഗര്‍വാള്‍ ഫൗണ്ടേഷന്‍ ഈ വര്‍ഷം വിദ്യാഭ്യാസ മേഖലയില്‍ ചെലവിട്ടത് 181 കോടി രൂപയാണ്.

ഐടി കമ്പനിയായ എല്‍ടിഐ മൈന്‍ഡട്രീയുടെ സ്ഥാപകരായ സുസ്മിത ബാഗ്ചിയും സുബ്രതോ ബാഗ്ചിയും 179 കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിട്ട് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്തെത്തി. പൊതുജനാരോഗ്യ മേഖലയിലാണ് സുസ്മിതയും സുബ്രതോയും ഫണ്ട് ചെലവിട്ടത്.
കൂടുതല്‍ തുക ജീവകാരുണ്യ മേഖലയ്ക്കായി ചെലവഴിച്ച് ആദ്യ പത്തിലെത്തിയ സംരംഭകരില്‍ കൂടുതല്‍ പേരും വിദ്യാഭ്യാസ മേഖലയിലാണ് ഈ പണം ചെലവഴിച്ചതെന്നത് ശ്രദ്ധേയമാണ്. ആദ്യ പത്തില്‍ ഉള്‍പ്പെട്ടില്ലെങ്കിലും 120 കോടി രൂപ ചെലവഴിച്ച സിറോധ സ്ഥാപകന്‍ നിഖില്‍ കാമത്ത് ഹൂറണ്‍ റിച്ച് ലിസ്റ്റില്‍ മുന്‍പന്തിയിലെത്തിയ പ്രായം കുറഞ്ഞ സംരംഭകനായി
കൂടുതല്‍ തുക ജീവകാരുണ്യ മേഖലയ്ക്കായി ചെലവഴിച്ച് ആദ്യ പത്തിലെത്തിയ സംരംഭകരില്‍ കൂടുതല്‍ പേരും വിദ്യാഭ്യാസ മേഖലയിലാണ് ഈ പണം ചെലവഴിച്ചതെന്നത് ശ്രദ്ധേയമാണ്. ആദ്യ പത്തില്‍ ഉള്‍പ്പെട്ടില്ലെങ്കിലും 120 കോടി രൂപ ചെലവഴിച്ച സിറോധ സ്ഥാപകന്‍ നിഖില്‍ കാമത്ത് ഹൂറണ്‍ റിച്ച് ലിസ്റ്റില്‍ മുന്‍പന്തിയിലെത്തിയ പ്രായം കുറഞ്ഞ സംരംഭകനായി. 38 കാരനായ നിഖില്‍, പരിസ്ഥിതി പരിരക്ഷണ സംഘടനയായ റെയിന്‍മാറ്റര്‍ ഫൗണ്ടേഷനാണ് തുക നല്‍കിയത്.
സിഎസ്ആര്‍ കടമ
കൂടുതല്‍ മെച്ചപ്പെട്ട ഒരു സമൂഹത്തിനും സംശുദ്ധമായ പരിസ്ഥിതിക്കുമായി കമ്പനികള്‍ സ്വമേധയാ ചെലവഴിക്കുന്ന പണത്തെയാണ് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സിബിലിറ്റി (സിഎസ്ആര്‍) എന്ന് പറയുന്നത്. 2013 ലെ കമ്പനി നിയമത്തിന്റെ സെക്ഷന്‍ 135 പ്രകാരം പ്രത്യേക മാനദണ്ഡത്തില്‍ പെടുന്ന കമ്പനികള്‍ സിഎസ്ആര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 500 കോടി രൂപയ്ക്ക് മുകളില്‍ ആസ്തിയുള്ള കമ്പനികള്‍, 1000 കോടി രൂപയ്ക്ക് മുകളില്‍ വിറ്റുവരവുള്ള കമ്പനികള്‍, 5 കോടി രൂപയ്ക്ക് മുകളില്‍ ലാഭമുള്ള കമ്പനികള്‍ എന്നിവയാണ് സിഎസ്ആര്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്.
സമൂഹത്തിനും ദുര്‍ബല വിഭാഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിസ്ഥിതിക്കും നേട്ടമുണ്ടാകുന്നതിനൊപ്പം ഒരു കമ്പനി എന്ന നിലയില്‍ സമൂഹത്തോടും രാജ്യത്തോടുമുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിക്കാന്‍ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളാല്‍ സാധിക്കും. സിഎസ്ആര്‍ മുഖേന ലഭിക്കുന്ന മീഡിയ വിസിബിളിറ്റി, കമ്പനിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ ഉപകരിക്കും. ഉപഭോക്താക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും കമ്പനിയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്താനും സിഎസ്ആറിലൂടെ സാധിക്കും.

