തൊണ്ണൂറുകളില്‍ ടാറ്റയെ എഴുതി തള്ളിയവര്‍ക്ക് ഒരു പതിറ്റാണ്ടിന് ശേഷം സ്വയം തിരുത്തേണ്ടി വന്നു. ടോംകോയും ലാക്മെയും കൈവിട്ട കച്ചവട സമവാക്യം കൊണ്ട് ടാറ്റ എന്ന ഭീമന്‍ കച്ചവട സാമ്രാജ്യത്തെ അളക്കരുത്. കോറസ് എന്ന യൂറോപ്പിലെ ഉരുക്ക് ഭീമനെയും ടെറ്റ്ലി എന്ന ആംഗ്ലോ ഡച്ച് പാരമ്പര്യ പാനീയ അതികായനേയും വാഹന രംഗത്ത് ജാഗ്വാര്‍ എന്ന ബ്രിട്ടീഷ് പുലിയെയും വിഴുങ്ങാന്‍ ടാറ്റക്ക് സാധിച്ചെങ്കില്‍ ടാറ്റക്ക് വഴങ്ങാത്തത് ലോകത്ത് മറ്റൊന്നുമില്ലെന്ന് ഭാരതത്തിന്റെ പതാക ഉയര്‍ത്തി വിടവാങ്ങുന്നതിന് മുന്‍പ് രതന്‍ ടാറ്റ സ്വര്‍ണ്ണ ലിപിയില്‍ ചരിത്രത്തില്‍ കുറിച്ചു.

അന്‍പത്തിമൂന്ന് വര്‍ഷം ടാറ്റ വ്യവസായ സാമ്രാജ്യത്തിന്റെ തലവനായിരുന്ന, ജെആര്‍ഡി ടാറ്റ എന്ന പേരില്‍ അറിയപ്പെട്ട ജഹാംഗീര്‍ രതന്‍ജി ദാദാബായ് ടാറ്റ 1991ല്‍ വിരമിക്കുമ്പോള്‍ പിന്‍ഗാമിയായി രതന്‍ ടാറ്റയെ നാമനിര്‍ദ്ദേശം ചെയ്തു. ടാറ്റ ഗ്രൂപ്പിലെ നേതൃത്വ മാറ്റം യാദൃച്ഛികമായി ഭാരതത്തിന്റെ സാമ്പത്തിക ചരിത്രത്തില്‍ പുതിയ അദ്ധ്യായം തുറക്കുന്ന വര്‍ഷവുമായിരുന്നു. വ്യവസായ രംഗത്ത് പുത്തന്‍ ഉണര്‍വ് പകരാന്‍ ആവശ്യമായ സാമ്പത്തിക ഉദാരവല്‍ക്കരണം, ഘടനാപരമായ പരിഷ്‌കരണം, ആഗോളവല്‍ക്കരണം, ‘ലൈസന്‍സ് പെര്‍മിറ്റ് രാജ്’ നിര്‍ത്തലാക്കാ
നുള്ള സര്‍ക്കാര്‍ നയം എന്നിവ ഭാരതത്തില്‍ കേട്ടുതുടങ്ങിയ കാലം.

ഭാരതത്തിലെ കമ്പനികള്‍ക്ക് ആഗോള വിപണിയില്‍ സാധ്യതകള്‍ കണ്ടെത്താനും പാശ്ചാത്യ കമ്പനികള്‍ക്ക് ഭാരതത്തില്‍ പുതിയ അവസരങ്ങള്‍ ഒരുക്കാനുമുള്ള നയ രൂപീകരണങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. അപ്പോഴേക്കും ടാറ്റ കച്ചവട സാമ്രാജ്യത്തിന്ന് പ്രായം ഒരു നൂറ്റാണ്ട് കഴിഞ്ഞു. പല മേഖലകളിലും കച്ചവടം കെട്ടിപ്പടുത്തെങ്കിലും പല കമ്പനികളും വിവിധ തലത്തില്‍ ഭീഷണികളും കടുത്ത മത്സരങ്ങളും നേരിട്ട് കൊണ്ടിരുന്ന കാലമായിരുന്നു അത്. എന്നാലും ഒരു സാധാരണ ഭാരതീയന്റെ ജീവിതത്തില്‍ ടാറ്റ സ്പര്‍ശിക്കാത്ത മേഖലകള്‍ കുറവായിരുന്നു. കുളിക്കാനും അലക്കാനുമുള്ള സോപ്പുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നിവ മുതല്‍ ആകാശ യാത്രയില്‍ വരെ ടാറ്റയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.

പക്ഷേ ഉദാരവല്‍ക്കരണത്തിന്റെ കാലം തുടങ്ങിയപ്പോഴേക്കും ടാറ്റ അതിന്റെ കച്ചവടത്തിന് ആരംഭം കുറിച്ച തുണി വ്യവസായത്തില്‍ നിന്നും പൂര്‍ണ്ണമായും വിട പറഞ്ഞിരുന്നു. ടാറ്റ ഒഴിഞ്ഞിട്ട തുണി വ്യവസായം, ക്രൂഡോയില്‍ പര്യവേഷണം, എണ്ണ ശുദ്ധീകരണ പ്രക്രിയയില്‍ വേര്‍തിരിക്കുന്ന പോളിയസ്റ്റര്‍, പ്ലാസ്റ്റിക്കുകള്‍, അത് പോലെ മറ്റ് അനേകം ഉല്‍പ്പന്നങ്ങളിലൂടെ അംബാനിയെ പോലുള്ള പുതിയ സംരംഭകര്‍ കോര്‍പ്പറേറ്റ് രംഗത്ത് ആഭ്യന്തര വിപണിയില്‍ ടാറ്റയേക്കാള്‍ വലുതായി. പക്ഷെ മാത്സര്യ ബുദ്ധിയേക്കാള്‍ കൂടുതല്‍ ടാറ്റ ശ്രദ്ധിച്ചത് മൂല്യവത്തായ കമ്പനികളെ കെട്ടിപ്പടുക്കാനും ആഗോള വ്യവസായ രംഗത്ത് ഭാരതത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്താനുമാണ്.

ടാറ്റയെ മൊത്തമായി ആഗോളവല്‍ക്കരിച്ച് ടാറ്റയുടെ സാന്നിദ്ധ്യം ലോകത്ത് എല്ലായിടത്തും ഉറപ്പ് വരുത്തുന്നതില്‍ രതന്‍ ടാറ്റ വിജയിക്കുകയും ചെയ്തു. വെല്ലുവിളികളെ നേരിടാന്‍ ടാറ്റക്ക് പാരമ്പര്യമായി തന്നെ കഴിവുണ്ടായിരുന്നെങ്കിലും ചിലപ്പോള്‍ പിഴവുകളും നേരിടാറുണ്ടായിരുന്നു. അത് കൊണ്ടാണ് മറ്റൊരു ഭാഗത്ത് ലാഭകരമല്ലാത്തതും കടുത്ത മത്സരം നേരിടുന്നതുമായ ചില മേഖലകളില്‍ നിന്ന് ടാറ്റ വിട പറഞ്ഞത്.
രതന്‍ ടാറ്റ അധികാരമേറ്റെടുത്ത് രണ്ടു വര്‍ഷത്തിനുള്ളില്‍ ടാറ്റയുടെ എഫ്എംസിജി കമ്പനിയായിരുന്ന ടോംകോ എന്നറിയപ്പെട്ട ടാറ്റ ഓയില്‍ മില്‍സ് വിപണിയില്‍ അതിന്റെ കടുത്ത എതിരാളിയായിരുന്ന ഹിന്ദുസ്ഥാന്‍ ലിവറിന് (ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍) കൈമാറപ്പെട്ടു. അങ്ങനെ ടാറ്റ കണ്‍സ്യൂമര്‍ ഉല്‍പ്പന്ന മേഖലയില്‍ നിന്ന് വിട പറഞ്ഞു. അഞ്ച് വര്‍ഷത്തിനുശേഷം 1998ല്‍ ടാറ്റയുടെ പ്രശസ്തമായ സൗന്ദര്യവര്‍ദ്ധക വസ്തു ബ്രാന്‍ഡായ ലാക്മെയും 200 കോടി രൂപയുടെ ഇടപാടിലൂടെ ഹിന്ദുസ്ഥാന്‍ ലിവറിന് കൈമാറപ്പെട്ടു. സ്വദേശി ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ സ്വീകാര്യത നേടുന്ന കാലത്താണ് ടാറ്റയുടെ രണ്ട് കമ്പനികള്‍ ബഹുരാഷ്ട്ര കമ്പനിക്ക് വില്‍ക്കപ്പെട്ടത്. ഈ രണ്ട് വില്‍പ്പനയും ടാറ്റാ സാമ്രാജ്യത്തിനുണ്ടായ കളങ്കമായി പലരും വിലയിരുത്തി.

ഉദാരവല്‍ക്കരണത്തില്‍ ലഭ്യമായ സാധ്യതകളെ ഉപയോഗിക്കാതെ ടാറ്റ പല കച്ചവടങ്ങളില്‍ നിന്നും പിന്‍വലിയുന്നത് ടാറ്റയുടെ പരാജയമായി ചിലര്‍ കണ്ടു തുടങ്ങി. അങ്ങിനെ ടാറ്റ സാമ്രാജ്യത്തെ പലരും എഴുതി തള്ളി. എന്നാല്‍ ഒരു പതിറ്റാണ്ടിനു ശേഷം രതന്‍ ടാറ്റ വ്യവസായ രംഗത്ത് ആഗോള തലത്തില്‍ വളരാനുള്ള പുതിയ പാതകള്‍ ഒരുക്കിയെന്ന് കാണാന്‍ കഴിയും. ടാറ്റ സാമ്രാജ്യത്തിന്റെ കുലപതിയായ ജാംഷേട്ജി ടാറ്റയുടെ ദീര്‍ഘവീക്ഷണവും ആഗോള തലത്തിലെ അക്ഷീണമായ അന്വേഷണവും രതന്‍ ടാറ്റക്ക് ഒരു വലിയ പാഠമായിരുന്നു. ലക്ഷ്യ ബോധത്തോടെ ദീര്‍ഘകാലത്തേക്ക് തയാറാക്കുന്ന പദ്ധതി, മാറ്റങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കി പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ലോകം മുഴുവന്‍ അന്വേഷിക്കാനുള്ള ഊര്‍ജ്ജം, ക്ഷമ എന്നിങ്ങനെയുള്ള ജാംഷേട്ജിയുടെ സവിശേഷമായ പ്രേരണ രതന്‍ ടാറ്റയിലുമുണ്ടായിരുന്നു.
കഠിനമായ ആരംഭഘട്ടത്തിലെ ജാംഷേട്ജിയുടെ പ്രവര്‍ത്തനവും സ്വപ്നവും സാക്ഷാത്കരിക്കാന്‍ രതന്‍ ടാറ്റക്ക് സാധിച്ചത് തീര്‍ച്ചയായും കാലത്തിന്റെ കാവ്യനീതിയാണെന്ന് പറയാം. ഏറ്റവും മികച്ച ഇരുമ്പയിര് നിക്ഷേപം മധ്യഭാരതത്തില്‍ നാഗ്പൂരിനടുത്ത ചന്ദ് ജില്ലയില്‍ ലഹോറ എന്ന സ്ഥലത്താണെന്ന് ജര്‍മ്മന്‍ ജിയോളജിസ്റ്റായ റിറ്റര്‍ വോണ്‍ ഷ്വാര്‍ട്സിന്റെ ഒരു റിപ്പോര്‍ട്ട് ഒരിക്കല്‍ ജാംഷേട്ജി വായിച്ചു. അതിന് സമീപത്ത്, വാറോറയില്‍ കല്‍ക്കരി നിക്ഷേപമുണ്ടായിരുന്നു. അന്ന് ജാംഷേട്ജിയുടെ പ്രായം 43 വയസ്സ്, വര്‍ഷം 1882. അദ്ദേഹം ഉരുക്ക് വ്യവസായത്തിന്റെ അനന്ത സാധ്യതകള്‍ മനസിലാക്കിയ കാലം ഭാരതത്തില്‍ ആളുകള്‍ക്ക് ഉരുക്ക് വ്യവസായത്തെ കുറിച്ച് സ്വപ്നം പോലും കാണാന്‍ കഴിഞ്ഞിരുന്നില്ല. എങ്ങും എത്താതിരുന്ന തന്റെ അന്വേഷണം വര്‍ഷങ്ങള്‍ നീണ്ടു.

കടമ്പകള്‍ ഏറെ ഉണ്ടായിരുന്നു. എന്നാലും ജാംഷേട്ജി തന്റെ ആഗ്രഹം ഉപേക്ഷിച്ചില്ല. അടുത്ത പതിനേഴു വര്‍ഷക്കാലം ജംഷേട്ജി ഇന്ത്യയില്‍ ലഭ്യമായ ധാതുക്കളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ശേഖരിച്ചു. എല്ലാ സാധ്യതകളേയും കുറിച്ച് സൂഷ്മപരിശോധന നടത്തി. കര്‍ശനമായ ഖനന നിയമങ്ങളും ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിബന്ധനകളും വറോറയില്‍ നിന്ന് ശേഖരിച്ച കല്‍ക്കരിയുടെ ഗുണനിലവാരക്കുറവും കാരണം ജാംഷേട്ജിക്ക് തന്റെ സ്വപ്നം ബാക്കിയാക്കി പദ്ധതി തുടക്കത്തില്‍ ഉപേക്ഷിക്കേണ്ടി വന്നു. പക്ഷെ യൂറോപ്പില്‍ മാറി മറഞ്ഞ വ്യവസായ സാഹചര്യങ്ങള്‍ ഭാരതത്തിലെ ഖനന മേഖലയില്‍ പുതിയ സാധ്യതകളെ കുറിച്ച് ചിന്തിക്കാനും ഉദാരമായ നയങ്ങള്‍ സ്വീകരിക്കാനും ബ്രിട്ടീഷ് സര്‍ക്കാറിനെ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി 1899-ല്‍ വൈസ്രോയി ലോര്‍ഡ് കഴ്സണ്‍ ഖനന നയം ഉദാരമാക്കി.

അതേ വര്‍ഷം തന്നെ മേജര്‍ ആര്‍എച്ച് മഹോണ്‍ ഇന്ത്യയിലെ ഇരുമ്പിന്റെയും ഉരുക്കിന്റെയും നിര്‍മ്മാണത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ഇരുമ്പ്, ഉരുക്ക് നിര്‍മ്മാണം ഗണ്യമായ തോതില്‍ സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് മഹോണ്‍ പറഞ്ഞു. പൂര്‍വ്വ ഭാരതത്തില്‍ ജാരിയ കല്‍ക്കരിപ്പാടങ്ങള്‍ (ഇപ്പോള്‍ ജാര്‍ഖണ്ഡിലെ ധാന്‍ബാദ് ജില്ലയില്‍) ആവശ്യമായ കല്‍ക്കരി ലഭ്യമാണെന്ന് തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉരുക്ക് വ്യവസായത്തിനാവശ്യമായ ഇരുമ്പയിര് തമിഴ് നാട്ടിലും, മധ്യ ഭാരതത്തിലെ ചന്ദ് ജില്ലയിയും ബംഗാളിലും ലഭിക്കുമെന്ന് മഹോണ്‍ സൂചിപ്പിച്ചു. ജാംഷേട്ജി വീണ്ടും അന്വേഷണം ആരംഭിച്ചു.
അടുത്ത വര്‍ഷം, ജാംഷേട്ജി ഇന്ത്യയുടെ സ്റ്റേറ്റ് സെക്രട്ടറി ജോര്‍ജ്ജ് ഹാമില്‍ട്ടണ്‍ പ്രഭുവിനെ കാണാന്‍ ഇംഗ്ലണ്ടിലെത്തി. രണ്ട് പതിറ്റാണ്ടായി ജാംഷേട്ജി സ്വപ്നം കണ്ട് തയ്യാറാക്കിയ ഉരുക്ക് വ്യവസായ പദ്ധതി ഹാമില്‍ട്ടന്‍ പ്രഭുവിനെ അത്ഭുതപ്പെടുത്തി. യൗവനകാലത്ത് കണ്ടിരുന്ന ഉരുക്ക് വ്യവസായ സ്വപ്നം വാര്‍ദ്ധക്യത്തിന്റെ പടിവാതിലില്‍ എത്തിയപ്പോഴും ജാംഷേട്ജി നിലനിര്‍ത്തി. അത് ഭാരതത്തിന് വേണ്ടിയുള്ള പദ്ധതിയാണെന്ന് ഹാമില്‍ട്ടണ്‍ പ്രഭുവിന് ബോധ്യപ്പെട്ടു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ പിന്തുണ തേടി ഭാരതത്തില്‍ നിന്നും ഇംഗ്ലണ്ടില്‍ എത്തിയ ജാംഷേട്ജിക്ക് ഹാമില്‍ട്ടണ്‍ പ്രഭു സഹായം ഉറപ്പ് നല്‍കി.

ഇരുമ്പയിരും കല്‍ക്കരിയും എവിടെ ലഭ്യമാണെന്ന് മനസ്സിലാക്കി ഖനനം ചെയ്ത് ഉരുക്ക് വ്യവസായം തുടങ്ങാന്‍ ഏറെ വര്‍ഷങ്ങള്‍ ആവശ്യമാണെന്ന് ഒരിക്കല്‍ ജൂലിയന്‍ കെന്നഡി എന്ന അമേരിക്കന്‍ ജിയോളജിസ്റ്റ് അന്ന് 60 വയസ്സിലേറെ പ്രായമുള്ള ജാംഷേട്ജിയെ ഓര്‍മ്മപ്പെടുത്തി. ആവശ്യമായ കല്‍ക്കരി ഖനനത്തിന് 1903 മുതല്‍ ചന്ദ് ജില്ലയില്‍ തുടര്‍ച്ചയായ അന്വേഷണം നടന്നു. പല തടസ്സങ്ങളും
നേരിടേണ്ടി വന്നു. എന്നാലും ജാംഷഡ്പൂരില്‍ ടാറ്റ സ്റ്റീലിന്റെ ഉരുക്ക് ചൂളകളില്‍ അഗ്നി ജ്വലിക്കുന്നതിന് മുന്‍പ് തന്നെ ജാംഷേട്ജിയുടെ സ്വപ്നത്തില്‍ ഭാരതത്തിലെ ഉരുക്ക് വ്യവസായം ജ്വലിച്ചുനിന്നു – ആര്‍ എം ലാല തന്റെ ‘ക്രിയേഷന്‍ ഓഫ് വെല്‍ത്ത് : ദ ടാറ്റാസ് ഫ്രം ദ 19ത് സെഞ്ചുറി ടു ദ 20ത് സെഞ്ച്വറി’ എന്ന പുസ്തകത്തില്‍ എഴുതി.
അടുത്ത വര്‍ഷം ജാംഷേട്ജിയുടെ മരണത്തോടെ ഉരുക്ക് സംരംഭത്തിന്റെ തുടര്‍ന്നുള്ള ഉത്തരവാദിത്വം മകന്‍ ദൊറാബ്ജി ടാറ്റയുടെ കൈയിലെത്തി. അച്ഛന്‍ കണ്ടിരുന്ന ഉരുക്ക് വ്യവസായ സ്വപ്നം ടാറ്റാ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ (ടിസ്‌കോ) സ്ഥാപനത്തോടെ 1907 ല്‍ മകന്‍ സാക്ഷാത്കരിച്ചു. കമ്പനിയില്‍ നിന്നും ആദ്യത്തെ ഉരുക്ക് പാളം പുറത്തിറങ്ങാന്‍ പിന്നെയും അഞ്ച് വര്‍ഷമെടുത്തു. ഒന്നാം ലോക യുദ്ധകാലത്ത് ടാറ്റാ 1500 മൈല്‍ ഉരുക്കു പാളങ്ങള്‍ മെസൊപ്പൊട്ടാമിയയിലേക്ക് കയറ്റി അയച്ചതായി ആര്‍ എം ലാല തന്റെ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
ടാറ്റാ സ്റ്റീല്‍ ഒരു നൂറ്റാണ്ട് എത്തിയപ്പോള്‍ രതന്‍ ടാറ്റ അതിന് പുതിയ മാനം നല്‍കി. 2007 ല്‍ 40 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കോറസ് എന്ന ആംഗ്ലോ-ഡച്ച് ഉരുക്ക് കമ്പനി 12 ബില്യണ്‍ ഡോളറിന് ടാറ്റ വാങ്ങിയതോടെ ടാറ്റാ സ്റ്റീല്‍ ഒരു ആഗോള ഉരുക്ക് ഭീമന്‍ എന്ന പദവിയില്‍ അതിന്റെ ശതാബ്ദി ആഘോഷിച്ചു. പിന്നീട് അതിന് ടാറ്റാ സ്റ്റീല്‍ യൂറോപ്പ് എന്ന പേരു നല്‍കി ആഗോള വിപണിയില്‍ ഒരു ഭാരതീയ ഉരുക്ക് കമ്പനിയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ രതന്‍ ടാറ്റക്ക് സാധിച്ചു.

ഇന്ന് ലോകത്ത് അസംസ്‌കൃത ഉരുക്ക് നിര്‍മ്മാണത്തില്‍ ഭാരതം രണ്ടാം സ്ഥാനത്താണ്. സാമ്പത്തിക വര്‍ഷം 2023-24 ല്‍ 143 ദശലക്ഷം ടണ്‍ അസംസ്‌കൃത ഉരുക്കാണ് ഭാരതത്തില്‍ നിര്‍മ്മിച്ചത്. അതിന്റെ വലിയൊരു ഭാഗം നിര്‍മ്മിച്ചതും ഏറ്റവും വലിയ ഉരുക്ക് കമ്പനി എന്ന നിലയില്‍ ടാറ്റാ സ്റ്റീല്‍ തന്നെ. 1998 ല്‍ ടാറ്റ അതിന്റെ ഗ്രൂപ്പ് കമ്പനിയായ ലാക്മെ വിറ്റ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ടാറ്റ ടീ, 450 ദശലക്ഷം ഡോളര്‍ നല്‍കി 1837 ല്‍ യോര്‍ക്ക്ഷേറില്‍ സ്ഥാപിതമായ ടെറ്റ്ലി എന്ന കൂറ്റന്‍ ബ്രിട്ടിഷ് കമ്പനിയെ ഏറ്റെടുത്ത് പാശ്ചാത്യ ലോകത്തെ ഞെട്ടിച്ചു. ആദ്യമായി ഭാരതത്തില്‍ നിന്ന് ഒരു കമ്പനി ലോകത്തിലെ ഒരു വലിയ കമ്പനിയെ വില കൊടുത്തു വാങ്ങുന്നത് അവിശ്വസനീയമായിരുന്നു. ടാറ്റ ടീയുടെ വിപണി മൂല്യത്തേക്കാള്‍ മൂന്നിരട്ടി നല്‍കിയാണ് ടെറ്റ്ലിയുടെ ഉടമസ്ഥാവകാശം ടാറ്റ ടീ സ്വന്തമാക്കിയത്.
പാരമ്പര്യ പാനീയ രംഗത്ത് ബ്രിട്ടനിലും കാനഡയിലും അമേരിക്കന്‍ ഐക്യനാടുകളിലും ഒന്നാമനായിരുന്നു ടെറ്റ്ലി. തേയില, കാപ്പി നിര്‍മ്മാണ വിതരണ രംഗത്ത് 40 രാജ്യങ്ങളില്‍ വിപണന ശൃംഖലയും ടാറ്റ ഏറ്റെടുക്കുമ്പോള്‍ ടെറ്റ്ലിക്ക് ഉണ്ടായിരുന്നു. ഇത് ടാറ്റക്ക് ഭാരതത്തിലെ ബഹുരാഷ്ട്ര കച്ചവട ഭീമന്‍ എന്ന പേരും നല്‍കി. അതിന് ശേഷം ഒരു പതിറ്റാണ്ടിനിടയില്‍ ദുര്‍നടപ്പില്‍ തകര്‍ന്ന ഇരുപതോളം കമ്പനികള്‍ പാശ്ചാത്യ വിപണിയില്‍ നിന്ന് വന്‍ തുക നിക്ഷേപിച്ച് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ട്.

തെക്കന്‍ കൊറിയയില്‍ ഒരുകാലത്ത് 40% വാഹനങ്ങള്‍ വിറ്റിരുന്ന ദെയ്വു കൊമേഴ്സ്യല്‍ വെഹിക്കിള്‍ കമ്പനി എന്ന ഓട്ടോമൊബൈല്‍ ഭീമന്റെ ട്രക്ക് നിര്‍മ്മാണ യൂണിറ്റ് 2004 മാര്‍ച്ച് മാസം 102 ദശലക്ഷം ഡോളര്‍ നല്‍കി ടാറ്റ ഏറ്റെടുത്തതും അതേവര്‍ഷം തന്നെ 172 ദശലക്ഷം ഡോളര്‍ മുടക്കി സിംഗപ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാറ്റ്സ്റ്റീല്‍ ഹോള്‍ഡിംഗ്സ് എന്ന ഉരുക്ക് കമ്പനി വാങ്ങിയതും, 2008 ല്‍ ജാഗ്വാര്‍ ആന്റ് ലാന്‍ഡ് റോവര്‍ (ജെഎല്‍ആര്‍) എന്ന ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മ്മാണ കമ്പനി 2.36 ബില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഫോര്‍ഡ് മോട്ടോറില്‍ നിന്ന് വാങ്ങിയതും ടാറ്റയെ എഴുതി തള്ളിയവര്‍ക്ക് രത്തന്‍ ടാറ്റ നല്‍കിയ ഒരു വലിയ സന്ദേശമായിരുന്നു – കമ്പനികള്‍ വില്‍ക്കുന്നവരല്ല കച്ചവടം വ്യാപിപ്പിക്കാന്‍ വില കൊടുത്ത് വാങ്ങുന്നവരാണ് ടാറ്റയെന്ന സന്ദേശം.
ഭാരതത്തിന്റെ പതാക ആഗോള വ്യവസായ രംഗത്ത് ഉയര്‍ത്തിക്കാട്ടി ടാറ്റയുടെ സാന്നിദ്ധ്യം ആഗോളതലത്തില്‍ ഉറപ്പിക്കുന്നതില്‍ രതന്‍ ടാറ്റ വിജയിച്ചു. അതായിരുന്നു രതന്‍ ടാറ്റ പുതിയ തലമുറക്ക് നല്‍കാന്‍ ആഗ്രഹിച്ച പാഠവും. അത് തന്നെ ആയിരുന്നു തന്റെ സ്ഥാനം വഹിക്കാന്‍ ആദ്യം തിരഞ്ഞെടുത്തിരുന്ന, പ്രായത്തില്‍ ഒരു തലമുറയുടെ അന്തരമുള്ള സൈറസ് മിസ്ത്രിയുമായുള്ള രതന്‍ ടാറ്റയുടെ അകല്‍ച്ചക്ക് കാരണം. ഭാരതത്തിനും ടാറ്റയുടെ ടോംകോയും ലാക്മെയും ബഹുരാഷ്ട്ര കമ്പനി വിഴുങ്ങിയപ്പോള്‍ ടാറ്റയെ എഴുതി തള്ളിയവര്‍ പിന്നീട് സ്വയം തിരുത്തേണ്ടി വന്നു.
(മുംബൈയില്‍ ആര്‍ജവ മീഡിയയുടെ ഗ്രൂപ്പ് എഡിറ്ററാണ് ലേഖകന്‍)


Sukumar
1 January 2025 at 07:05
Thank you for this detailed write up about Tata.