മണ്ണിടിച്ചില്‍ ദുരന്തത്തെത്തുടര്‍ന്ന് വയനാട്ടിലുണ്ടായ ടൂറിസം തിരിച്ചടിയ്ക്ക് പരിഹാരമെന്നോണം പ്ലാന്റേഷന്‍ ടൂറിസം സജീവമാക്കി ഹാരിസണ്‍സ് മലയാളം ലിമിറ്റഡ്. സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങളുള്‍പ്പെടെ പുനരുജ്ജീവിപ്പിച്ച് വയനാട്ടിലെ ടൂറിസം മേഖലയെ തിരിച്ചു കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് ഹാരിസണ്‍സ് മലയാളം നടത്തുന്നത്.
വര്‍ഷം ഏതാണ്ട് 17.5 ലക്ഷം സഞ്ചാരികളാണ് വയനാട്ടിലേക്കെത്തിയിരുന്നു. ടൂറിസത്തിലൂടെ 3165 കോടി രൂപയായിരുന്നു വയനാടിന്റെ മാത്രം സംഭാവന. ദുരന്തത്തെത്തുടര്‍ന്ന് ദിവസം ഒരു കോടി രൂപയോളമാണ് വയനാടിന്റെ നഷ്ടമായി കണക്കാക്കുന്നത്. ടൂറിസം വകുപ്പിന്റെയും വയനാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും പിന്തുണയോടെ പ്രചാരണ പരിപാടികള്‍ നടത്തുന്നതും സഹായകരമാകുന്നുണ്ട്.
അച്ചൂര്‍, ചൂണ്ടേല്‍, സെന്റിനല്‍ റോക്ക് എന്നീ തോട്ടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഹാരിസണ്‍സ് മലയാളത്തിന്റെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ടീ മ്യൂസിയം, സിപ് ലൈന്‍, തേയില ഫാക്ടറി സന്ദര്‍ശനം, എടിവി റൈഡ്, ക്യാമ്പിംഗ് തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. ഇതില്‍ ടീ മ്യൂസിയത്തിനോട് ചേര്‍ന്ന് കുട്ടികള്‍ക്കുള്ള സാഹസിക പാര്‍ക്ക് അടുത്ത മാസത്തോടെ പൂര്‍ണമായി പ്രവര്‍ത്തനം തുടങ്ങുമെന്ന് ഹാരിസണ്‍സ് മലയാളം സിഇഒ ചെറിയാന്‍ എം ജോര്‍ജ്ജ് പറഞ്ഞു.
വയനാട് തോട്ടം മേഖലയിലെ സുപ്രധാന പങ്കാളിയെന്ന നിലയില്‍ തദ്ദേശവാസികളോട് തികഞ്ഞ പ്രതിബദ്ധത ഹാരിസണ്‍സ് മലയാളത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടും അല്ലാതെയും 140 പ്രദേശവാസികള്‍ക്ക് പ്ലാന്റേഷന്‍ ടൂറിസം മേഖലയില്‍ തൊഴില്‍ നല്‍കുന്നുണ്ട്. ടൂറിസം പ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നതോടെ കൂടുതല്‍ പേര്‍ക്ക് മേഖലയില്‍ അവസരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സാഹസിക ടൂറിസം സജീവമാക്കാനുള്ള ശ്രമങ്ങള്‍ ഹാരിസണ്‍സ് മലയാളം നടത്തി വരികയാണ്. ഇത്തരം ടൂറിസം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇന്ത്യയിലെ തന്നെ മികച്ച ഏജന്‍സികളുമായി ചേര്‍ന്ന് വിവിധ ആക്ടിവിറ്റികള്‍ നടത്താനുള്ള സാധ്യതകള്‍ തേടുകയാണ്. വരും ദിവസങ്ങളില്‍ ഇവ കൂടി സജീവമാകുന്നതോടെ സഞ്ചാരികളുടെ ഇഷ്ട ഡെസ്റ്റിനേഷനായി വയനാട്ടിലെ ടൂറിസം പ്രദേശങ്ങള്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെറിയാന്‍ എം ജോര്‍ജ്ജ് പറഞ്ഞു.
2017 മുതല്‍ പ്ലാന്റേഷന്‍-സാഹസിക ടൂറിസം പ്രവര്‍ത്തനങ്ങള്‍ ഹാരിസണ്‍സ് മലയാളം നടത്തി വരുന്നുണ്ടെന്ന് കമ്പനിയുടെ ന്യൂ വെഞ്ച്വേഴ്‌സ് വിഭാഗം തലവന്‍ സുനില്‍ ജോണ്‍ ജോസഫ് ചൂണ്ടിക്കാട്ടി. ദുരന്തത്തെ തുടര്‍ന്ന് മുഴുവന്‍ ടൂറിസം പ്രവര്‍ത്തനങ്ങളും മന്ദഗതിയിലായി. തോട്ടം ബംഗ്ലാവുകള്‍ നവീകരിച്ച് പ്ലാന്റേഷന്‍ ടൂറിസത്തിന്റെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തി ഈ മേഖലയെ തിരികെ കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

