ജപ്പാനിലേക്ക് എസ്യുവിയായ ഫ്രോങ്ക്സ് കയറ്റിയയച്ച് മാരുതി സുസുക്കി. ജപ്പാനില്‍ മാരുതി ലോഞ്ച് ചെയ്യുന്ന ആദ്യ എസ്യുവിയാണ് ഫ്രോങ്ക്സ്. ഗുജറാത്തിലെ പിപാവാവ് തുറമുഖത്തു നിന്ന് 1600 കാറുകളുമായി ആദ്യ കപ്പല്‍ ജപ്പാനിലേക്ക് പുറപ്പെട്ടെന്ന് കമ്പനി അറിയിച്ചു.
മാരുതിയുടെ ഗുജറാത്തിലെ പ്ലാന്റിലാണ് ഫ്രോങ്ക്സ് നിര്‍മിക്കുന്നത്. ജപ്പാനില്‍ മാരുതി ലോഞ്ച് ചെയ്യുന്ന രണ്ടാമത്തെ കാറാണ് ഫ്രോങ്ക്സ്. 2016 ല്‍ ബലേനോ ജപ്പാനിലേക്ക് കയറ്റിയയച്ചിരുന്നു.
മാരുതിയുടെ 58 ശതമാനം ഓഹരിയുടമസ്ഥതയുള്ള ജാപ്പനീസ് കമ്പനിയായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ ഈ വര്‍ഷം അവസാനത്തോടെ ജപ്പാന്‍ വിപണിയില്‍ ഫ്രോങ്ക്സ് അവതരിപ്പിക്കാനാണ് തയാറെടുക്കുന്നത്. ജപ്പാന്‍ മാരുതിയുടെ ഈ കാറിനെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ എംഡിയും സിഇഒയുമായ ഹിസാഷി തകേയൂച്ചി പറഞ്ഞു.
2023 ഓട്ടോ എക്സ്പോയിലാണ് ഫ്രോങ്ക്സ് മാരുതി ലോഞ്ച് ചെയ്തത്. 2023 ഏപ്രിലില്‍ കാര്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. 10 മാസത്തിനകം 1 ലക്ഷം മോഡലുകള്‍ വിറ്റഴിയുന്ന ആദ്യ എസ്യുവിയായി ഫ്രോങ്ക്സ്.
2023 ജൂലൈയില്‍ ലാറ്റിന്‍ അമേരിക്ക, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കമ്പനി കയറ്റുമതി ആരംഭിച്ചു. ലോഞ്ച് ചെയ്തശേഷം ഇതിനകം 2 ലക്ഷം ഫ്രോങ്ക്സ് കാറുകള്‍ മാരുതി വിറ്റഴിച്ചിട്ടുണ്ട്.

