ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് വരുമാന പിന്തുണ ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയിലെ 16-ാം ഗഡുവിന്റെ വിതരണം ഈ മാസം 28ന് (ഫെബ്രുവരി 28) നടക്കും. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കഴിഞ്ഞ ഓഗസ്റ്റിലെ കണക്കുപ്രകാരം 8.56 കോടി കര്‍ഷകരാണ് പദ്ധതിപ്രകാരം ആനുകൂല്യം നേടാന്‍ യോഗ്യര്‍. കേരളത്തില്‍ 23.41 ലക്ഷം പേരുണ്ട്.
പി.എം കിസാന്‍ സമ്മാന്‍ നിധി പ്രതിവര്‍ഷം 2,000 രൂപയുടെ മൂന്ന് ഗഡുക്കളായി ആകെ 6,000 രൂപയാണ് കര്‍ഷകര്‍ക്ക് പി.എം കിസാന്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. കര്‍ഷകര്‍ക്ക് ആശ്വാസമാണ് ഈ തുക. ഇക്കഴിഞ്ഞ ബജറ്റില്‍ ഇത് 8,000 മുതല്‍ 10,000 രൂപവരെയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല. സ്ത്രീകര്‍ഷകര്‍ക്കുള്ള ആനുകൂല്യമെങ്കിലും കൂട്ടുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും അതും ധനമന്ത്രി നിര്‍മ്മല സിതാരാമന്‍ പരിഗണിച്ചില്ല.
പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് https://pmkisan.gov.in/ വെബ്സൈറ്റ് സന്ദര്‍ശിച്ച് യോഗ്യത പരിശോധിക്കാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇ-കെ.വൈ.സി (eKYC) നിര്‍ബന്ധമാണ്. മേല്‍പ്പറഞ്ഞ പോര്‍ട്ടല്‍ വഴി ഒ.ടി.പി അധിഷ്ഠിതമായി ഇ-കെ.വൈ.സി നല്‍കാം. അല്ലെങ്കില്‍ തൊട്ടടുത്തെ ജനസേവന കേന്ദ്രം (CSC centre) സന്ദര്‍ശിച്ചും ഇ-കെ.വൈ.സി നല്‍കാം.

