Connect with us

Hi, what are you looking for?

The Profit Premium

ബ്രാന്‍ഡുകളുടെയും തല; എംഎസ് ധോണി എന്‍ഡോഴ്സ് ചെയ്യുന്നത് 42 ബ്രാന്‍ഡുകള്‍; ആസ്തിയില്‍ മുമ്പന്‍ സച്ചിന്‍

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന സമയത്ത് തന്നെ ലഭിക്കുന്ന വരുമാനം വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ധോണി ശ്രമിച്ചിരുന്നു. സ്പോര്‍ട്സ് അക്കാദമികള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖല വരെ അദ്ദേഹത്തിന്റെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് നാല് വര്‍ഷം ആയെങ്കിലും ഇന്ത്യന്‍ സ്വീകരണ മുറികളിലെ ‘തല’ തന്നെയാണ് ഇന്നും ധോണി. 2024 ലെ ആദ്യ ആറ് മാസങ്ങളില്‍ 42 ബ്രാന്‍ഡുകളുടെ പരസ്യങ്ങളിലാണ് എംഎസ് ധോണി പ്രത്യക്ഷപ്പെട്ടത്. ബോളിവുഡ് സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്റെയും അമിതാഭ് ബച്ചന്റെയും മുകളിലാണ് ധോണിയുടെ ബ്രാന്‍ഡ് എന്‍ഡോഴ്സിംഗെന്ന് ടാം റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു.

എംഎസ് ധോണി

ടോപ് ബ്രാന്‍ഡുകളായ സിട്രോയന്‍, ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പായ എയ്റോസ്പേസ്, ഫ്ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ക്ലിയര്‍ട്രിപ്, പെപ്സികോയുടെ ലേയ്സ്, മാസ്റ്റര്‍കാര്‍ഡ്, ഗള്‍ഫ് ഓയില്‍, ഓറിയന്റ് ഇല്ക്ട്രിക് തുടങ്ങി വിപണിയുടെ വിശാലമായ മേഖലകളിലെല്ലാം കമ്പനികള്‍ ധോണിയെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ മല്‍സരിക്കുന്നു. വിവിധ തലമുറകളിലുള്ള, വിവിധ സാമ്പത്തിക ശ്രേണികളിലുള്ള, സമൂഹത്തിലെ വിവിധ തട്ടുകളിലുള്ള ആളുകളുടെയെല്ലാം ഇടയില്‍ ധോണിക്കുള്ള സ്വാധീനത്തിന്റെ തെളിവ് കൂടിയാണിത്.

വരുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍കിംഗ്സിനായി വീണ്ടും പാഡ് കെട്ടുമെന്ന് ഉറപ്പാക്കിയിരിക്കുന്ന 43 കാരനായ താരം യൂറോഗ്രിപ്പ് ടയേഴ്സുമായി പരസ്യ കരാറിലും ഒപ്പിട്ടിരിക്കുന്നു. ലക്ഷ്വറി കാറുകള്‍ മുതല്‍ നൂതന സ്റ്റാര്‍ട്ടപ്പുകളും വീട്ടുസാധനങ്ങളും വരെ വിവിധ ബ്രാന്‍ഡുകളുടെ വിശ്വാസ്യ മുഖമായി ധോണി മാറിയിരിക്കുന്നു. ബ്രാന്‍ഡുകള്‍ക്ക് ഇന്ന് ഇന്ത്യയില്‍ ആശ്രയിക്കാവുന്ന ഏറ്റവും വിശ്വാസ്യതയുള്ള സെലിബ്രിറ്റികളില്‍ ഒരാളാണ് മഹേന്ദ്ര സിംഗ് ധോണി.

തെരഞ്ഞെടുപ്പിലും ബ്രാന്‍ഡ് ധോണി

വാണിജ്യ മേഖലയില്‍ മാത്രം ഒതുങ്ങുന്നില്ല ധോണിയുടെ ഇമേജ്. സ്വന്തം സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ധോണിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ബ്രാന്‍ഡ് അംബാസഡര്‍. ആളുകളെ പോളിംഗ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ ധോണിയുടെ അഭ്യര്‍ത്ഥനകള്‍ക്ക് സാധിച്ചു.

ബോളിവുഡ് സൂപ്പര്‍ താരമായ അക്ഷയ് കുമാറിനെ ഇന്ത്യയില്‍ പ്രതിദിനം 22 മണിക്കൂര്‍ വിവിധ പരസ്യങ്ങളിലൂടെയും മറ്റും ഇന്ത്യക്കാര്‍ കാണുന്നുണ്ട്. ഷാരൂഖ് ഖാന് 20 മണിക്കൂറും അമിതാഭ് ബച്ചന് 16 മണിക്കൂറുമാണ് ഇന്ത്യയിലെ സ്‌ക്രീന്‍ സാന്നിധ്യം. ധോണിക്കാവട്ടെ 14 മണിക്കൂര്‍ പ്രതിദിന സ്‌ക്രീന്‍ സാന്നിധ്യമുണ്ട്. എന്നിരുന്നാലും സ്വാധീനത്തില്‍ ആരെക്കാളും പിന്നിലല്ല മഹി.

സിഎസ്‌കെയുടെ തല

ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ ടീമുമായുള്ള ധോണിയുടെ ദീര്‍ഘകാല കൂട്ടുകെട്ട് അദ്ദേഹത്തിന്റെ ബ്രാന്‍ഡ് പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സഹായകമായിട്ടുണ്ട്. സിഎസ്‌കെയുടെ ഐപിഎല്‍ വിജയങ്ങളിലെല്ലാം ക്യാപ്റ്റന്‍ ധോണിയുടെ നിര്‍ണായക സ്വാധീനം കാണാം. സിഎസ്‌കെയുടെ മുഖമായി ധോണി മാറിയതോടെ ടീമിന് വമ്പന്‍ സ്പോണ്‍സര്‍മാരെയും മറ്റും ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ടീമിന്റെ ആരാധക അടിത്തറയും മറ്റേത് ടീമിനെക്കാളും വിശാലമാണ്.

2007 ലെ ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി എന്നീ ഐസിസി ലോക കിരീടങ്ങളാണ് ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടിയത്. ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണത്തിനൊപ്പം മികച്ച ഫിനിഷറായും ധോണി ഇക്കാലത്ത് തിളങ്ങി. കരിയറിലുടനീളം ഫിറ്റ്നസില്‍ ഉന്നത നിലവാരം പുലര്‍ത്തി. സച്ചിനോടൊപ്പം പോന്ന ഇതിഹാസ താര പരിവേഷമാണ് ഇത് ധോണിക്ക് നല്‍കിയത്.

വരുമാനവും നിക്ഷേപവും

3.5 കോടി രൂപ മുതല്‍ 6 കോടി രൂപ വരെയാണ് പരസ്യങ്ങള്‍ക്കായി ധോണി ഈടാക്കുന്നത്. റിട്ടയര്‍മെന്റിന് ശേഷം ക്രിക്കറ്റ് ഫീല്‍ഡില്‍ നിന്നുള്ള വരുമാനത്തിലും കാര്യമായ കുറവ് വന്നിട്ടില്ല. ചെന്നൈ സൂപ്പര്‍കിംഗ്സില്‍ നിന്ന് വാര്‍ഷിക വരുമാനമായി 50 കോടി രൂപയോളമാണ് അദ്ദേഹത്തിന് ലഭിക്കുക.

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന സമയത്ത് തന്നെ ലഭിക്കുന്ന വരുമാനം വിവിധ മേഖലകളില്‍ നിക്ഷേപിക്കാന്‍ ധോണി ശ്രമിച്ചിരുന്നു. സ്പോര്‍ട്സ് അക്കാദമികള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് മേഖല വരെ അദ്ദേഹത്തിന്റെ നിക്ഷേപം വൈവിധ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. റാഞ്ചിയിലെ ഹോട്ടല്‍ മഹി റെസിഡന്‍സി, സെവന്‍ ക്ലോത്തിംഗ്, ബെംഗളൂരുവിലെ എംഎസ് ധോണി ഗ്ലോബല്‍ സ്‌കൂള്‍ എന്നിവ ഇവയില്‍ ചിലതാണ്. ധോണി സ്പോര്‍ട്സ്ഫിറ്റെന്ന ജിംനേഷ്യം ശൃംഖലക്ക് രാജ്യത്തുടനീളം 200 ജിമ്മുകളുണ്ട്.

ആസ്തിയിലും മുന്നില്‍

ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളിലൂടെയും കളിക്കളത്തില്‍ നിന്നുള്ള വരുമാനത്തിലൂടെയും ബിസിനസുകളില്‍ നിന്നുള്ള ലാഭത്തിലൂടെയും ആസ്തിയിലും വളരെയേറെ മുന്നേറിയിട്ടുണ്ട് മഹി. 1040 കോടി രൂപയാണ് ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടികയനുസരിച്ച് അദ്ദേഹത്തിന്റെ ആസ്തി. എന്നിരുന്നാലും സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പിന്നിലാണ് ഇക്കാര്യത്തില്‍ അദ്ദേഹം.

11 വര്‍ഷം മുന്‍പ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആസ്തിയും വരുമാനവും ഉയരുകയാണ്. 1400 കോടി രൂപയാണ് സച്ചിന്റെ ഇപ്പോഴത്തെ ആസ്തി. 2020 ല്‍ ഇത് 885 കോടി രൂപ മാത്രമായിരുന്നു. ബ്രാന്‍ഡ് എന്‍ഡോഴ്സ്മെന്റുകളും ബിസിനസ് പങ്കാളിത്തങ്ങളുമാണ് സച്ചിന്റെ സമ്പത്ത് ഉയര്‍ത്തുന്നത്. ലൂമിനസ്, ബൂസ്റ്റ്, അണ്‍അക്കാദമി തുടങ്ങി വമ്പന്‍ കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡറാണ് സച്ചിന്‍.

കോഹ്ലിയും ജഡേജയും

അടുത്തിടെ ഈ താരങ്ങളെയെല്ലാം ആസ്തിയില്‍ മറികടന്ന് ഒരു ക്രിക്കറ്റര്‍ വിസ്മയിപ്പിച്ചു. മലയാളി വേരുകള്‍ കൂടിയുള്ള സാക്ഷാല്‍ അജയ് ജഡേജ. ഗുജറാത്തിലെ ജാംനഗര്‍ രാജകുടുംബത്തിലെ അടുത്ത അനന്തരാവകാശിയായി പ്രഖ്യാപിക്കപ്പെട്ടതോടെ ജഡേജയുടെ ആസ്തി 1450 കോടി രൂപ കടന്നു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി 1050 കോടി രൂപ ആസ്തിയുമായി ധോണിക്കൊപ്പമുണ്ട്.

ഓഡി, അഡിഡാസ്, പെപ്സി, ഗൂഗിള്‍ ഡുവോ, വിവോ, ഹീറോ മോട്ടോര്‍കോര്‍പ്പ്, റീബോക്ക്, ടൊയോട്ട, മാന്യവര്‍, ഹെഡ് ആന്‍ഡ് ഷോള്‍ഡേഴ്സ്, നെസ്ലെ, ഡിജിറ്റ് ഇന്‍ഷുറന്‍സ്, എംപിഎല്‍, കോള്‍ഗേറ്റ്, വോളിനി തുടങ്ങി എണ്ണം പറഞ്ഞ ബ്രാന്‍ഡുകളുടെ അംബാസഡറാണ് കോഹ്ലി. നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ആസ്തിയാവട്ടെ 214 കോടി രൂപയാണ്.

കളത്തിനു പുറത്ത് കാശ്

കളിക്കളത്തിന് പുറത്തുള്ള ഓരോ ദിവസവും കാശാക്കി മാറ്റാന്‍ പ്രമുഖ ക്രിക്കറ്റര്‍മാര്‍ ഒട്ടും മടി കാട്ടാറില്ല. ഒരു ദിവസത്തേക്ക് 1.5 കോടി രൂപയാണ് എംഎസ് ധോണി ഇവന്റുകള്‍ക്കും ഷൂട്ടുകള്‍ക്കും മറ്റുമായി വാങ്ങുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്ലിയും ഒരു ദിവസത്തേക്ക് 2 കോടി രൂപ വാങ്ങുന്നു. മൂന്നു ദിവസത്തെ കരാറുകളാണ് സാധാരണ കോഹ്ലി ഒപ്പിടാറുള്ളത്. ഫോട്ടോ ഷൂട്ടുകള്‍ക്കുപം പ്രസ് കോണ്‍ഫറന്‍സുകള്‍ക്കും മറ്റ് ഇവന്റുകള്‍ക്കുമായി ഈ മൂന്ന് ദിവസം താരത്തെ ബ്രാന്‍ഡുകള്‍ക്ക് ഉപയോഗിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

Cinema

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്