Connect with us

Hi, what are you looking for?

The Profit Premium

ഡീപ്പ്‌സീക്ക്; ദ ഗുഡ്, ബാഡ് ആന്‍ഡ് അഗ്ലി…

എത്രമാത്രം മറ്റ് മേന്മകള്‍ ഉണ്ടെങ്കിലും ഡീപ്പ്‌സീക്കിന്റെ ജനാധിപത്യ, പുരോഗമനവിരുദ്ധ സമീപനം അതിന്റെ സ്വീകാര്യതയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

ജനുവരി 27 എന്ന കറുത്ത തിങ്കളാഴ്ച്ചയില്‍ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനികളിലൊന്നായ എന്‍വിഡിയയുടെ 593 ബില്യണ്‍ ഡോളറാണ് ആവിയായി പോയത്. കേട്ടുകേള്‍വിയില്ലാത്ത ചൈനീസ് സ്റ്റാര്‍ട്ടപ്പായ ഡീപ്പ്‌സീക്കാണ് ആ ഡീപ് ലോസിന് വഴിവെച്ചത്. ആപ്പ് സ്റ്റോറിലെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ചാറ്റ്ജിപിടിയെയും പിന്നിലാക്കി ഡീപ്പ്‌സീക്ക് കുതിക്കുന്നു. ടെക് ലോകത്തെ പുതിയ ഡിസ്‌റപ്ഷനായി വിലയിരുത്തപ്പെടുമ്പോഴും ഡീപ്പ്‌സീക്കിനുമുണ്ട് ഗുഡ്, ബാഡ്, അഗ്ലി വശങ്ങള്‍. അത് സമഗ്രമായി പരിശോധിക്കുന്നു ദിപിന്‍ ദാമോദരന്‍

പ്രതിവര്‍ഷം 1,000 കിലോ വാട്ട് അവര്‍ (കെഡബ്ല്യുഎച്ച്) ഊര്‍ജമാണ് ഇന്ത്യയിലെ ഓരോ വീട്ടിലും ഉപയോഗിക്കുന്നതെന്ന് കരുതുക. അങ്ങനെയെങ്കില്‍ 2.5 കോടി ഇന്ത്യന്‍ വീടുകളില്‍ വൈദ്യുതി എത്തിക്കാനുള്ള ഊര്‍ജമാണ് അമേരിക്ക 2026ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക. ഏകദേശം 270 ടിഡബ്ല്യുഎച്ച് ഊര്‍ജം വരുമിത്. ലോക സാമ്പത്തിക ഫോറത്തിന്റേതാണ് കണക്കുകള്‍. അതയാത്, നമ്മള്‍ കൃത്രിമ ബുദ്ധി, നിര്‍മിത ബുദ്ധി എന്നെല്ലാം വിളിക്കുന്ന എഐ സങ്കേതങ്ങള്‍ വലിച്ചെടുക്കുന്ന ഊര്‍ജത്തിന് കൈയ്യും കണക്കൊന്നുമില്ല. അതിനുവേണ്ടി വരുന്ന ചെലവിനും.

ഈ പശ്ചാത്തലമാണ് ചൈന പൊടുന്നനെ അവതരിപ്പിച്ച ഡീപ്പ്‌സീക്ക് എന്ന എഐ ചാറ്റ്‌ബോട്ട് ലോകമെങ്ങും ഒരു ഡിസ്‌റപ്റ്റീവ് പ്രൊഡക്റ്റായി വിലയിരുത്തുന്നതിന് പ്രധാന കാരണം. ചൈനീസ് സ്റ്റാര്‍ട്ടപ്പെന്നാം വിളിക്കാമെങ്കിലും സ്റ്റേറ്റിന്റെ പിന്തുണയില്‍ കൃത്യമായ ആസൂത്രണത്തോടെ യഥാസമയത്ത് ലോഞ്ച് ചെയ്ത രാഷ്ട്രീയ ഉല്‍പ്പന്നം തന്നെയാണിത്. യുഎസ് കമ്പനി ഓപ്പണ്‍ എഐ അവതരിപ്പിച്ച വിപ്ലവാത്മക എഐ ടൂളായ ചാറ്റ് ജിപിടിയെ അപേക്ഷിച്ച് ഊര്‍ജ ഉപഭോഗവും ചെലവും വളരെ കുറവാണ് ഡീപ്പ്‌സീക്കിനെന്നതാണ് പ്രസക്തം. ഡീപ്പ്‌സീക്കിനെ സംബന്ധിച്ച ഏറ്റവും മികച്ച (ദ ഗുഡ് തിങ്) കാര്യം അങ്ങനെയെങ്കില്‍ അതുതന്നെയാണ്. അതിനുള്ള കാരണങ്ങള്‍ നമുക്ക് നോക്കാം…

ചാറ്റ് ജിപിടിയുടെ ഊറ്റല്‍

2022ല്‍ പുറത്തിറക്കി രണ്ട് മാസത്തിനുള്ളില്‍ പ്രതിമാസം 100 മില്യണ്‍ ഉപയോക്താക്കള്‍ എന്ന തലത്തിലേക്ക് ചാറ്റ് ജിപിടിക്ക് ഉയരാന്‍ സാധിച്ചു എന്നതാണ് ശ്രദ്ധേയം. പിന്നീടങ്ങോട്ട് സര്‍ച്ച് എന്‍ജിനായ ഗൂഗിളിനെ വരെ വെല്ലുവിളിച്ചുള്ള മുന്നേറ്റമായിരുന്നു ചാറ്റ് ജിപിടിയുടേത്.

എന്നാല്‍ നിങ്ങള്‍ ചാറ്റ് ജിപിടിയോട് ഒരു ചോദ്യം ചോദിക്കുമ്പോള്‍ പ്രകൃതിക്ക് എന്ത് സംഭവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? ചാറ്റ് ജിപിടിയുടെ ഊര്‍ജ ഉപഭോഗം വലിയ പാരിസ്ഥിതിക ആഘാതമാണ് സൃഷ്ടിക്കുന്നത്. ഓരോ തവണ ചാറ്റ് ജിപിടിയോട് ചോദ്യം ചോദിക്കുമ്പോഴും അത് ഉപയോഗിക്കുന്നത് .0029 കെഡബ്ല്യുഎച്ച് ഇലക്ട്രിസിറ്റിയാണ്. ഒരു ഗൂഗിള്‍ സര്‍ച്ചില്‍ ഉപയോഗിക്കുന്ന ഇലക്ട്രിസിറ്റിയെ അപേക്ഷിച്ച് 10 മടങ്ങ് കൂടുതലാണിത്. ഒരു സര്‍ച്ചിന് ഗൂഗിള്‍ ഉപയോഗിക്കുന്നത് .0003 കെഡബ്ല്യുഎച്ച് (കിലോ വാട്ട് അവര്‍) ഇലക്ട്രിസിറ്റിയാണെന്ന് ദ ഇലക്ട്രിക് പവര്‍ റീസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പറയുന്നു.

പ്രതിവര്‍ഷം 226.82 മില്യണ്‍ കെഡബ്ല്യുഎച്ച് ഇലക്ട്രിസിറ്റിയാണ് ചാറ്റ് ജിപിടി ഉപയോക്താക്കള്‍ക്ക് ഉത്തരം നല്‍കുന്നതിനായി ഉപയോഗിക്കുന്നത്. അതായത് ഇത്രയും ഇലക്ട്രിസിറ്റി ഉപയോഗിച്ച് 313 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ മുഴുവനായി ചാര്‍ജ് ചെയ്യാം. 47.87 മില്യണ്‍ ഐഫോണുകള്‍ പ്രതിദിനമെന്ന തോതില്‍ ഒരു വര്‍ഷത്തേക്ക് ചാര്‍ജ് ചെയ്യാം.

ഇതിന്റെ ചെലവറിയണ്ടേ…29.71 മില്യണ്‍ ഡോളര്‍. ഉപയോക്താവിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ചാറ്റ്ജിപിടിക്കായി പ്രതിവര്‍ഷം ഓപ്പണ്‍ എഐ ചെലവഴിക്കുന്നത് 29.71 ദശലക്ഷം ഡോളറാണ്. ഏകദേശം 251 കോടി രൂപയോളം വരുമിത്.

പരിശീലനവും ചെലവേറിയത്

പരിശീലനം ചെയ്യപ്പെട്ടത് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ലാര്‍ജ് ലാംഗ്വേജ് മോഡലുകളാണ് ചാറ്റ് ജിപിടി. ഈ പരിശീലനത്തിനും വലിയ തോതിലുള്ള ഊര്‍ജം ആവശ്യമാണ്. പരിശീലന കാലയളവില്‍ വളരെ വലിയ അളവിലുള്ള ഡാറ്റയും ഉദാഹരണങ്ങളുമെല്ലാം ചാറ്റ് ജിപിടി പ്രോസസ് ചെയ്യും. ചാറ്റ് ജിപിടി-3 മോഡലിന്റെ 34 ദിവസത്തെ പരിശീലന കാലയളവില്‍ ഉപയോഗിക്കപ്പെട്ടത് 1,287,000 കിലോ വാട്ട് അവര്‍ ഇലക്ട്രിസിറ്റിയാണ്. അതേസമയം ജിപിടി-4 മോഡലിലേക്ക് എത്തിയപ്പോള്‍ ഉപഭോഗം വന്‍തോതില്‍ കൂടി. 62,318,800 കെഡബ്ല്യുഎച്ച് ഇലക്ട്രിസിറ്റിയാണ് ജിപിടി-4 മോഡലിനെ 100 ദിവസം പരിശീലിപ്പിക്കാന്‍ ഉപയോഗിച്ചത്. അതായത് ജിപിടി-3 മോഡലിന് ഉപയോഗിച്ച വൈദ്യുതിയുടെ 48 മടങ്ങ് കൂടുതല്‍.

അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ ഡയലോഗുകള്‍ ഉള്‍പ്പടെ ഏത് തരത്തിലുള്ള ഉള്ളടക്കവും സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്ന ചാറ്റ് ജിപിടി ആദ്യമായി അവതരിപ്പിക്കപ്പെടുന്നത് 2022 നവംബറിലാണ്. അതിവേഗമാണ് ചാറ്റ്ജിപിടി ജനകീയമായി മാറിയത്. പരിശീലനം നല്‍കപ്പെട്ടതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജനറേറ്റീവ് പ്രീ-ട്രെയിന്‍ഡ് ട്രാന്‍സ്‌ഫോര്‍മര്‍ എന്ന് വിളിക്കപ്പെടുന്ന ഒരു ചാറ്റ്‌ബോട്ടാണ് അടിസ്ഥാനപരമായി ചാറ്റ്ജിപിടി.

ചാറ്റ് ജിപിടിയുടെ വന്‍സ്വീകാര്യത ഓപ്പണ്‍ എഐയുടെ വിപണിമൂല്യത്തിലും വന്‍ വര്‍ധനവുണ്ടാക്കി. സാം ആള്‍ട്ട്മാന്‍, ഇലോണ്‍ മസ്‌ക്ക് തുടങ്ങിയ നിരവധി പ്രമുഖര്‍ ചേര്‍ന്നാണ് 2015ല്‍ ഓപ്പണ്‍ എഐക്ക് തുടക്കമിട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പിന്നീട് മസ്‌ക്ക് കമ്പനിയില്‍ നിന്ന് പുറത്തുപോന്നു. നിലവില്‍ സാം ആള്‍ട്ട്മാനാണ് സിഇഒ.

അതേസമയം ഡീപ്പ്‌സീക്ക് വി-3ക്ക് ആവശ്യമായി വന്നത് 836,400 കെഡബ്ല്യുഎച്ച് ഊര്‍ജമാണ്. ടെക്‌നോളജി സംരംഭകനായ ജോയ് സെബാസ്റ്റിയന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതനുസരിച്ച് ഏകദേശം 5 ലക്ഷത്തോളം രൂപ ഒരെണ്ണത്തിന് വിലയുള്ള പതിനായിരക്കണക്കിന് എന്‍വിഡിയ H100 ജിപിയുകള്‍ ആണ് മുന്‍നിര കമ്പനികളൊക്കെ എ ഐ ട്രെയിനിങ്ങിനും മോഡലുകളെ പ്രവര്‍ത്തിപ്പിക്കാനുമായി ഒരേ സമയം ഉപയോഗിക്കുന്നത്. ഈ മേഖലയിലെ കുത്തക ആയി മാറിയതോടെയാണ് വിപണിമൂല്യത്തില്‍ ലോകത്തെ മുന്‍നിരയിലേക്ക് എന്‍വിഡിയ അടുത്ത കാലത്ത് എത്തിയത്. ഇത്തരം ഭീമമായ തുക ആവശ്യമുള്ളത് കൊണ്ട് മള്‍ട്ടി മില്ല്യന്‍ ഡോളര്‍ വിപണി മൂല്യമുള്ള കമ്പനികള്‍ക്ക് പോലും ഒരു പക്ഷേ അപ്രാപ്യമായ രീതിയില്‍ ആയിരുന്നു എ ഐ ഡെവലപ്പ്‌മെന്റിന്റെ യാത്ര.

ചാറ്റ് ജിപിടി-3 മോഡലിന്റെ 34 ദിവസത്തെ പരിശീലന കാലയളവില്‍ ഉപയോഗിക്കപ്പെട്ടത് 1,287,000 കിലോ വാട്ട് അവര്‍ ഇലക്ട്രിസിറ്റി
62,318,800 കെഡബ്ല്യുഎച്ച് ഇലക്ട്രിസിറ്റിയാണ് ജിപിടി-4 മോഡലിനെ 100 ദിവസം പരിശീലിപ്പിക്കാന്‍ ഉപയോഗിച്ചത്
മുന്‍നിര കമ്പനികള്‍ 16,000 ചിപ്പുകളോ അതില്‍ കൂടുതലോ ഉപയോഗിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് അവരുടെ ചാറ്റ്‌ബോട്ടുകളെ പരിശീലിപ്പിക്കുന്നത്
ഡീപ്പ്‌സീക്ക് ഉപയോഗിക്കുന്നത് 2000 എന്‍വിഡിയ ചിപ്പുകള്‍ മാത്രം

അവിടെയാണ് ഈ മേഖലയില്‍ അഞ്ചര മില്ല്യന്‍ ഡോളര്‍ (അന്‍പത് കോടി രൂപ) ചെലവില്‍ വമ്പന്‍മാരോട് കിടപിടിക്കുന്നതോ അതിനേക്കാള്‍ മികച്ചതോ ആയ എഐ മോഡലുമായി കടന്നുവന്ന് ഡീപ്പ്‌സീക്ക് അത്ഭുതം സൃഷ്ടിച്ചത്. പല മേഖലയിലും ജിപിടി-4 നേക്കാളും മികച്ച റിസള്‍ട്ട് ഡീപ്പ്‌സീക്ക് നല്‍കുന്നുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.

ലോകത്തിലെ മുന്‍നിര കമ്പനികള്‍ സാധാരണയായി 16,000 ചിപ്പുകളോ അതില്‍ കൂടുതലോ ഉപയോഗിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചാണ് അവരുടെ ചാറ്റ്‌ബോട്ടുകളെ പരിശീലിപ്പിക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഏകദേശം 2,000 എന്‍വിഡിയ ചിപ്പുകള്‍ മാത്രമേ ആവശ്യമുള്ളൂവെന്ന് ഡീപ്സീക്കിന്റെ എഞ്ചിനീയര്‍മാര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എഐ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നവര്‍ ഏത് തരത്തിലുള്ള ഊര്‍ജ സ്രോതസുകളെയാണ് ആശ്രയിക്കുന്നതെന്ന് വ്യക്തമായി പഠനം നടത്തേണ്ടതുണ്ട്. ലോക സാമ്പത്തിക ഫോറം പുറത്തുവിട്ട ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ടെക് ഭീമന്‍ മൈക്രോസോഫ്റ്റിന്റെ കാര്‍ബണ്‍ പുറന്തള്ളലില്‍ 2020ന് ശേഷം 30 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. എഐ അധിഷ്ഠിത ഡാറ്റ സെന്റര്‍ വികസനമാണ് ഇതിന് പ്രധാന കാരണം. ഈ സാഹചര്യത്തില്‍ കുറഞ്ഞ ഊര്‍ജം ഉപയോഗിക്കുന്നത് ഡീപ്പ്‌സീക്കിന്റെ മേന്മയായി പലരും പറയുന്നു.

ടിയാന്‍മെന്‍ സ്‌ക്വയര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ചോ ചൈനീസ് സേച്ഛാധിപത്യത്തെക്കുറിച്ചോ ഉള്ള ചോദ്യം ഡീപ്പ് സീക്കിനോട് ചോദിക്കൂ…ഉത്തരം വരുന്നത് നമുക്ക് മറ്റെന്തിനെയെങ്കിലും കുറിച്ച് സംസാരിക്കാം എന്നതായിരിക്കും

ദ ബാഡ് തിങ്

കോപ്പി കാറ്റ് ഇന്നവേഷന് പണ്ടുമുതലേ കുപ്രസിദ്ധമാണ് ചൈന. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ മുതല്‍ കാറുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും വരെ അതില്‍ ഉള്‍പ്പെടും. ഡീപ്പ് സീക്ക് എഐ ടൂളിനെ ട്രെയ്ന്‍ ചെയ്യാന്‍ തങ്ങളുടെ മോഡലിനെയാണ് അവര്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നതെന്ന് ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പണ്‍എഐ വ്യക്തമാക്കിയതായി ആഗോള മാധ്യമമായ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിന് ഓപ്പണ്‍എഐയിലെ പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റും ഓപ്പണ്‍എഐ ടീമും തുടക്കമിട്ടിട്ടുണ്ട്. ചൈനയിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയിട്ടും എന്‍വിഡിയ ചിപ്പുകള്‍ ഉപയോഗിച്ച് ഡീപ്പ്‌സീക്ക് പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ എംഐടി ടെക്‌നോളജി റിവ്യൂവില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഉപരോധത്തിന് മുമ്പ് തന്നെ ഡീപ്പ് സീക്ക് 50,000ത്തോളം എ്ന്‍വിഡിയ എ100 ചിപ്പുകള്‍ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. വെറും 2000 ചിപ്പുകളെ ഉപയോഗപ്പെടുത്തിയാണ് എഐ മോഡലിനെ ഡീപ്പ്‌സീക്ക് ട്രെയിന്‍ ചെയ്തതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. വന്‍കിട കമ്പനികള്‍ 16,000 സ്‌പെഷലൈസ്ഡ് ചിപ്പുകള്‍ ഉപയോഗപ്പെടുത്തുന്നിടത്താണിത്. എന്നാല്‍ ഡീപ്പ്‌സീക്ക് എത്തരത്തിലുള്ള ചിപ്പുകളാണ് ഉപയോഗപ്പെടുത്തിയതെന്ന കാര്യത്തില്‍ ഇപ്പോഴും സുതാര്യതയില്ലെന്നാണ് ഇലോണ്‍ മസ്‌ക്ക് ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കിയത്.

ദ അഗ്ലി

ഗൂഗിള്‍ ആണെങ്കിലും എഐ അധിഷ്ഠിത ചാറ്റ് ജിപിടി ആണെങ്കിലും ലോകമൊട്ടാകെ അത് സ്വീകരിക്കപ്പെട്ടതിന് പ്രധാന കാരണം അവയുടെ തുറന്ന മനോഭാവമായിരുന്നു. സെന്‍സറിങ് ഇല്ലാതെ ഇത്തരമൊരു സംവിധാനം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ചൈനയെ അലോസരപ്പെടുത്തുന്ന ഒരു ചോദ്യത്തിനും ഡീപ്പ്‌സീക്ക് ഉത്തരം നല്‍കില്ല എന്നതാണ് അതിന്റെ ഏറ്റവും മോശമായ വശം. ടിയാന്‍മെന്‍ സ്‌ക്വയര്‍ അടിച്ചമര്‍ത്തലിനെക്കുറിച്ചോ ചൈനീസ് സേച്ഛാധിപത്യത്തെക്കുറിച്ചോ ഉള്ള ചോദ്യം ഡീപ്പ് സീക്കിനോട് ചോദിക്കൂ…ഉത്തരം വരുന്നത് നമുക്ക് മറ്റെന്തിനെയെങ്കിലും കുറിച്ച് സംസാരിക്കാം എന്നതായിരിക്കും. എത്രമാത്രം മറ്റ് മേന്മകള്‍ ഉണ്ടെങ്കിലും ഡീപ്പ്‌സീക്കിന്റെ ഈ ജനാധിപത്യ, പുരോഗമനവിരുദ്ധ സമീപനം അതിന്റെ സ്വീകാര്യതയെ ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Stock Market

ഇന്നലെ പുറത്തുവിട്ട കമ്പനിയുടെ രണ്ടാം പാദഫലങ്ങള്‍ പ്രതീക്ഷയ്ക്കൊത്തുയരാതിരുന്നതാണ് ഓഹരിയില്‍ ഇടിവുണ്ടാക്കിയത്.

Life

വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക

Banking & Finance

ഈ കടപ്പത്രങ്ങളുടെ വില്‍പന നവംബര്‍ 13 വരെ തുടരും