കുറഞ്ഞചെലവില്‍ മികച്ച വരുമാനം നേടാന്‍ കഴിയുന്ന ഒരു തൊഴിലാണ് അലങ്കാര മത്സ്യകൃഷി. ഒരു ഹോബിയായി അലങ്കാര മത്സ്യങ്ങളെ വളര്‍ത്താന്‍ തുടങ്ങിയ പലരും ഇന്ന് അതിന് ഒരു വരുമാന മാര്‍ഗമായി കണ്ടിരിക്കുകയാണ്. അലങ്കാര മത്സ്യകൃഷി ശുദ്ധജലത്തിന്റെ ലഭ്യതയുള്ള എവിടെയും നടത്താവുന്നതാണ്. ടാങ്കുകളില്‍ വെള്ളം നിറച്ച് തരാം തിരിച്ചാണ് കൃഷി നടത്തുക. പതിനായിരം രൂപയില്‍ താഴെ മാത്രം നിക്ഷേപം നടത്തി അതില്‍ നിന്നും വരുമാനം നേടാന്‍ കഴിയും.
വീടുകള്‍, വിശ്രമമന്ദിരങ്ങള്‍, ഭോജനശാലകള്‍, പാര്‍ക്കുകള്‍, എക്സിബിഷന്‍ സ്റ്റാളുകള്‍, ഹോട്ടല്‍ മുറികള്‍, ഏറോഡ്രോം ലോഞ്ചുകള്‍ – എന്നുവേണ്ട, ആശുപത്രികളില്‍ പോലും സ്വാഭാവിക പരിസ്ഥിതിയുടെ പുനഃസൃഷ്ടി എന്ന നിലയ്ക്ക് കണ്ണാടിക്കൂടുകളില്‍ വര്‍ണ്ണമത്സ്യങ്ങളെ വളര്‍ത്തുന്നു. ഇതെല്ലാം തന്നെ അലങ്കാര മത്സ്യ വിപണനത്തിന്റെ അനന്ത സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അലങ്കാര മത്സ്യ പരിപാലനം ആരംഭിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വിപണന സാധ്യതയുള്ള മത്സ്യങ്ങളെ തെരഞ്ഞെടുക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

ഗപ്പികള്‍ ചെറിയ മീനല്ല
അലങ്കാര മത്സ്യപരിപാലനം ആരംഭിക്കുന്ന തുടക്കക്കാരായ വ്യക്തികളുടെ ആദ്യത്തെ ചോയ്സാണ് ഗപ്പികള്‍. കൊതുകിന്റെ കൂത്താടിയെ പിടിക്കാന്‍ വളര്‍ത്തിയിരുന്ന മീന്‍ എന്ന നിലയ്ക്കാണ് ഗപ്പികള്‍ വിപണി പിടിച്ചത്. കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞന്മാരായ മീനുകള്‍. എന്നാല്‍ ഗപ്പികള്‍ ഇത്തിരിക്കുഞ്ഞന്മാര്‍ മാത്രമല്ല. ജോടിക്ക് പതിനായിരം രൂപ വരെയുള്ള ഗപ്പികള്‍ വരെ ഇന്ന് വിപണിയിലുണ്ട്.
അതിനാല്‍ തന്നെ അലങ്കാര മത്സ്യവിപണിയില്‍ ഇന്ന് ഏറെ ശ്രദ്ധ ലഭിക്കുന്ന ഒന്നാണ് ഗപ്പി വളര്‍ത്തല്‍. മീന്‍വളര്‍ത്തലിനു സമൂഹമാധ്യമങ്ങളിലൂടെ ലഭിച്ച വലിയ പ്രചാരമാണ് ഗപ്പിയെ അതിഥിമുറിയിലെ കേമനാക്കിയത്. വിവിധ വര്‍ണങ്ങളിലുള്ള ഗപ്പികള്‍ മാത്രമുള്ള അക്വേറിയത്തിനാണ് ഇപ്പോള്‍ ആവശ്യക്കാര്‍ കൂടുതലുള്ളത്. ഒരേ നിറത്തിലുള്ള ഗപ്പികള്‍ ഒന്നിച്ചു നീന്തുന്നതു കാണുന്നതു തന്നെ വലിയൊരലങ്കാരമാണ്.
അലങ്കാര മത്സ്യങ്ങള്‍ക്ക് പിടിപെടുന്ന പലരോഗങ്ങളും ഗപ്പികള്‍ക്ക് പിടിപെടുന്നില്ല. തായ്‌ലന്‍ഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഗപ്പികളെ വളര്‍ത്തുന്നത്.വിദ്യാര്‍ഥികളും വീട്ടമ്മമാരുമാണ് കൂടുതല്‍ വരുമാനം ലഭിക്കുന്നതിനായി ഈ രംഗത്ത് മുന്നിട്ടു പ്രവര്‍ത്തിക്കുന്നത്. വളരെ പെട്ടെന്നു പെറ്റുപെരുകുന്ന മത്സ്യമായതുകൊണ്ട് ബിസിനസ് ചെയ്യുന്നവര്‍ക്ക് വലിയതോതില്‍ ലാഭം ഉണ്ടാക്കാവുന്നതാണ് ഗപ്പി വളര്‍ത്തല്‍. അലങ്കാര മല്‍സ്യഫാമുകളില്‍ ഒരു ദിവസം ശരാശരി ഒരു മണിക്കൂര്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ തന്നെ മികച്ച വരുമാനം നേടാനാകും.
ഗപ്പികള്‍ പലവിധം
സാരിവാലന്‍ എന്നറിയപ്പെട്ടിരുന്ന ഇത്തിരിക്കുഞ്ഞന്‍ ഗാപ്പ്പികളെ ഇനി മറക്കാം. ആനച്ചെവിയന്‍, സില്‍വര്‍ റാഡോ, ജര്‍മന്‍ റെഡ്, റെഡ് ചില്ലി, ഗോള്‍ഡന്‍ കളര്‍, ഫുള്‍ ബ്ലാക്ക്, ഫുള്‍ റെഡ്, ആല്‍ബിനോ കൊയ്, ആല്‍ബിനോ റെഡ് ഐ, കിങ് കോബ്ര, വൈറ്റ് ടെക്സിഡോ, എമറാള്‍ഡ് ഗ്രീന്‍, ബ്ലൂ ഈഗിള്‍, പര്‍പ്പിള്‍ മൊസൈക്ക് തുടങ്ങിയ ഒട്ടേറെ ഗപ്പികള്‍ ഇപ്പോള്‍ ലോകത്തുണ്ട്.

ഗപ്പിയുടെ ശരാശരി ആയുസ് 2-3 വര്‍ഷമാണ്. 15 രൂപ മുതല്‍ 15000 രൂപ വരെയാണ് ഗപ്പികളുടെ വില. സില്‍വര്‍ റാഡോയ്ക്കാണ് ജോടിക്ക് 10,000 രൂപ വില. ആല്‍ബിനോ കൊയ്, ഫുള്‍ ഗോള്‍ഡ്, റോയല്‍ റെഡ് ലെയ്‌സ് എന്നിവയ്ക്ക് 1200 രൂപയും റോയല്‍ ബ്ലൂ ലെയ്‌സിന് 800 രൂപയുമാണ് വില. എക്‌സിബിഷനുകളിലെ താരങ്ങളാണ് ഈ മത്സ്യങ്ങള്‍.
ശ്രദ്ധയോടെ ഫാം നിര്‍മാണം
ചെറുകുളങ്ങള്‍, ടാങ്കുകള്‍-സിമിന്റ്/ഫെറോസിമന്റ്, സില്‍പോളിന്‍ കുളങ്ങള്‍ ശുദ്ധജലലഭ്യത ഉറപ്പാണെങ്കില്‍ ചെറുകിട ഇടത്തരം അലങ്കാരമത്സ്യകൃഷി തുടങ്ങാം.കോഴിക്കോട്, തിരുവമ്പാടി സ്വദേശി ബോണി ഏഴുവര്‍ഷം മുമ്പാണ് അലങ്കാര മത്സ്യകൃഷിയിലേക്ക് തിരിയുന്നത്. ഇന്നു കേരളത്തിലെ ഏറ്റവും മികച്ച അലങ്കാരമത്സ്യ സംരംഭകരില്‍ ഒരാളാണ് ബോണി.
ആറ് ഏക്കര്‍ വിസ്തൃതിയിലുള്ള വീട്ടുവളപ്പില്‍ രണ്ടരയേക്കര്‍ മത്സ്യ ടാങ്കുകള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. അടിഭാഗം സിമന്റുചെയ്യാത്ത 60 സിമന്റുടാങ്കുകളില്‍ കട്ടികൂടിയ സില്‍പ്പോളിന്‍ ഷീറ്റുകള്‍ വിരിച്ച് അതിലാണ് പ്രധാനമായും മത്സ്യം വളര്‍ത്തല്‍. അലങ്കാര മല്‍സ്യകൃഷിയിലെ വ്യത്യസ്തമായ മാതൃകയാണ് ബോണി പിന്തുടരുന്നത്
കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
എല്ലാവരും അലങ്കാര മത്സ്യകൃഷി ചെയ്യുന്നു എന്ന് കരുതി ഞാനും ചെയ്‌തേക്കാം എന്ന് കരുതരുത്. പൂര്‍ണമായും താല്പര്യത്തോട് കൂടി മാത്രമേ ഇഇഇ രംഗത്തേക്ക് ഇറങ്ങാവൂ. കൃത്യമായ പരിചരണം ലഭിച്ചില്ലെങ്കില്‍ മത്സ്യകൃഷി പരാജയമായിരിക്കും. ഗപ്പികള്‍ക്ക് പ്രാധാന്യം നല്‍കി വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പലതാണ്. ഒരേ കുടുംബത്തില്‍പ്പെട്ട ആണ്‍, പെണ്‍ മത്സ്യങ്ങളെ ഒന്നിച്ചു വളര്‍ത്തരുത്.
ഇങ്ങനെ വളര്‍ത്തുമ്പോള്‍ ഗപ്പികള്‍ ഇണചേര്‍ന്നു അടുത്ത തലമുറയ്ക്ക് അവയുടെ ഗുണവും നിറവും നഷ്ടപ്പെട്ടും. ഇത് അലങ്കാര മല്‍സ്യങ്ങളുടെ കൂട്ടത്തില്‍ ഗപ്പികളുടെ മാത്രം സ്വഭാവ സവിശേഷതമായാണ്. 28 ദിവസമാണ് ഗപ്പികളുടെ ഗര്‍ഭകാലം. പെണ്‍ മത്സ്യങ്ങള്‍ 20-100 വരെ കുഞ്ഞുങ്ങളെ പ്രസവിക്കാറുണ്ട്. 3 പെണ്‍ഗപ്പികള്‍ക്ക് ഒരു ആണ്‍മത്സ്യം എന്ന തോതിലാണു വളര്‍ത്തേണ്ടത്.
ഗപ്പികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കണം. അക്വേറിയത്തിലെ വൃത്തി, വായു ലഭ്യത എന്നിവയൊക്കെ എന്നും ശ്രദ്ധിക്കണം. അലങ്കാരമത്സ്യങ്ങള്‍ക്കായി നല്‍കുന്ന തീറ്റകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതല്ല എങ്കില്‍ അലങ്കാര മത്സ്യ പരിപാലനം പഠിപ്പിക്കുമ്പോള്‍ തീറ്റ എങ്ങനെ നിര്‍മിക്കാം എന്നും പഠിപ്പിക്കുന്നുണ്ട്. ലങ്കാരമത്സ്യങ്ങളുടെ പ്രജനനം നടന്നു കഴിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിവരുന്ന ഭക്ഷണമാണ് ഇന്‍ഫ്യൂസോറിയ. ഇന്‍ഫസ് എന്നാല്‍ സത്ത് എന്നോ മറ്റോ ആണ് അര്‍ത്ഥം.
ഇലകളും മറ്റും അഴുകിയുണ്ടാകുന്ന സത്ത്. ഒരു വലിയ പാത്രത്തില്‍ കാബേജിന്റെ തൊലിയോ മറ്റോ ഇട്ട് വെള്ളമൊഴിച്ച്, അല്പം വിനാഗിരികൂടി ഒഴിച്ചു വച്ചാല്‍ മൂന്നിന്റന്ന് അവന്‍ അളിഞ്ഞ് ഈ പറഞ്ഞ ഇന്‍ഫ്യൂസോറിയ ഉണ്ടാകും. ജലോപരിതലത്തില്‍ പ്ലവരൂപത്തില്‍ ലവന്‍ അങ്ങനെ കിടക്കും ഈ സാധനം വല്ലാത്ത ഒരു ഗന്ധമുള്ളതാണു കേട്ടോ. ഈ സാധനം കോരി കുഞ്ഞു മീനുകള്‍ക്ക് നല്‍കാം സൗകര്യപ്രദമായ മാര്‍ഗം സ്വീകരിക്കാം. ഫില്‍റ്ററുകള്‍ വയ്ക്കാതെയാണ് മത്സ്യത്തെ വളര്‍ത്തുന്നത് എങ്കില്‍ കൃത്യമായ ഇടവേളകളില്‍ വെള്ളം മാറ്ററി നല്കണം.

