കാറിന്റെ ഭാരം വലിയ തോതില്‍ കുറയ്ക്കുന്ന പുതിയ ബ്രേക്ക് സംവിധാനം വരുന്നു. യുഎസ് കമ്പനിയായ ഓര്‍ബിസ് ഇലക്ട്രിക്കിന്റെ പുതിയ ബ്രേക്ക് സിസ്റ്റത്തിന് ഒരു കാറിന്റെ ഭാരം 40% കുറയ്ക്കാന്‍ കഴിയുമെന്നാണ് ആഗോള എജുക്കേഷന്‍, സയന്‍സ് പോര്‍ട്ടലായ എഡ് പബ്ലിക്ക റിപ്പോര്‍ട്ട് ചെയ്യുന്നത്. നാസയുടെ സാങ്കേതിക സഹായത്തോടെയാണ് പുതിയ സംവിധാനം വാണിജ്യതലത്തില്‍ പ്രവര്‍ത്തനക്ഷമമാക്കുന്നത്.
പരമ്പരാഗത ബ്രേക്ക് ഡിസൈനുകളില്‍ നിന്ന് വ്യത്യസ്തമായി, കാറിനുള്ളില്‍ നിന്നുള്ള വായുവിന് പകരം ബാഹ്യമായ ‘തണുത്ത’ വായു വലിച്ചെടുക്കുന്നതിനാല്‍, പുതിയ ബ്രേക്ക് സിസ്റ്റം ഓവര്‍ഹീറ്റാകുന്നത് ഒഴിവാക്കാനാകും.
പുതിയ ബ്രേക്ക് സംവിധാനം ഉപയോഗിച്ചാല്‍ സാധാരണ ബ്രേക്ക് ഡിസൈനുകളേക്കാള്‍ വിഷലിപ്തമായ നാനോകണങ്ങളുടെ വ്യാപനം 10,000 മടങ്ങ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് നാസ അവകാശപ്പെടുന്നത്. നാസ ഏതെങ്കിലും പ്രത്യേക പഠനത്തിന്റെ അടിസ്ഥാനത്തിലാണോ ഇത് പറയുന്നതെന്നത് വ്യക്തമല്ല.
ഫോര്‍ഡ് മസ്റ്റങ്, ടെസ്ല മോഡലുകളെ ഒര്‍ബിസ് പുതിയ സംവിധാനത്തിനായി ലക്ഷ്യമിടുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങളിലേക്കും ഈ സംവിധാനം ഉള്‍പ്പെടുത്താന്‍ കമ്പനി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ട്.
നാസ തങ്ങളുടെ ബഹിരാകാശ പേടകങ്ങള്‍ക്ക് അന്തരീക്ഷ പുനഃപ്രവേശനത്തിന്റെ കഠിനമായ താപനിലയെ അതിജീവിക്കുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കളാണ് ഒര്‍ബിസും ഉപയോഗപ്പെടുത്തുന്നത്.

