മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ബോര്‍ഡില്‍ നിയമിക്കാനുള്ള ശുപാര്‍ശക്കെതിരെ ഓഹരിയുടമകള്‍ വോട്ട് ചെയ്യണമെന്ന് അഡൈ്വസറി ഫേമുകള്‍ നിര്‍ദേശിച്ചു. ആഗോള പ്രോക്സി അഡൈ്വസറി സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഷെയര്‍ഹോള്‍ഡര്‍ സര്‍വീസസ് ഇന്‍ക് (ഐഎസ്എസ്), മുംബൈ ആസ്ഥാനമായ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍ അഡൈ്വസറി സര്‍വീസസ് (ഐഐഎഎസ്) എന്നീ സ്ഥാപനങ്ങളാണ് അനന്ത് അംബാനിയുടെ പ്രായക്കുറവും അനുഭവപരിചയക്കുറവും ചൂണ്ടിക്കാട്ടി എതിര്‍പ്പ് വ്യക്തമാക്കിയത്.
ആറ് വര്‍ഷത്തെ പരിമിതമായ നേതൃത്വ പരിചയവും ബോര്‍ഡ് പ്രവര്‍ത്തനം സംബന്ധിച്ച പരിചയവും മാത്രമാണ് അനന്തിനുള്ളതെന്ന് ഐഎസ്എസ് ചൂണ്ടിക്കാട്ടുന്നു. 28 വയസു മാത്രമാണ് അനന്ത് അംബാനിക്കുള്ളതെന്ന് ഐഐഎഎസ് പറയുന്നു. മുകേഷ് അംബാനിയുടെ മുതിര്‍ന്ന മക്കളായ ഇഷയെയും ആകാശിനെയും റിലയന്‍സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താനുള്ള ശുപാര്‍ശയെ ഇരു സ്ഥാപനങ്ങളും പിന്തുണയ്ക്കുന്നുണ്ട്.
ഇന്‍സ്റ്റിറ്റിയൂഷണല്‍ ഓഹരി ഉടമകള്‍ക്ക് റിസര്‍ച്ച് ഡേറ്റയും മാനേജ്മെന്റ് പ്രൊപ്പോസലുകള്‍ സംബന്ധിച്ച് ശുപാര്‍ശകളും നല്‍കുന്ന സ്ഥാപനങ്ങളാണ് പ്രോക്സി കമ്പനികള്‍. സെബിയുടെ നിയന്ത്രണത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പ്രോക്സി കമ്പനികളുടെ നിലപാടിനെ എതിര്‍ത്ത് റിലയന്‍സ് രംഗത്തെത്തി. കമ്പനി ബോര്‍ഡിലെ നടപടിക്രമങ്ങളില്‍ ഭാഗഭാക്കാകാന്‍ മതിയായ അനുഭവപരിചയവും പക്വതയും അനന്തിനുണ്ടെന്ന് റിലയന്‍സ് മറുപടി നല്‍കി.
അതേസമയം മറ്റൊരു പ്രോക്സി കമ്പനിയായ ഗ്ലാസ് ലൂയിസ് അനന്ത് അംബാനിയുടെ ബോര്‍ഡ് അംഗത്വത്തെ പിന്തുണച്ചു. അംഗത്വം ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന ഇഷയും ആകാശും അനന്തിനേക്കാള്‍ മൂന്ന് വയസ് മാത്രം മുതിര്‍ന്നവരാണെന്നും സമാനമായ പ്രൊഫഷണല്‍ പശ്ചാത്തലമുള്ളവരാണെന്നും ഗ്ലാസ് ലൂയിസ് ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 26 വരെയാണ് ബോര്‍ഡിലെ പുതിയ ഡയറക്ടര്‍മാരുടെ നിയമനം സംബന്ധിച്ച് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഓഹരി ഉടമകള്‍ക്ക് വോട്ട് ചെയ്യാന്‍ സമയം. അടുത്തിടെ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ചാണ് മൂന്ന് മക്കളെയും ആര്‍ഐഎല്‍ ബോര്‍ഡിലേക്ക് നോണ്‍-എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കാനുള്ള തീരുമാനം മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ആകാശ് അംബാനിയെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാനായും ഇഷയെ റിലയന്‍സ് റീട്ടെയ്ലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായും നിയമിച്ചിരുന്നു. കമ്പനിയുടെ എനര്‍ജി ബിസിനസിന്റെ ചുമതലയാണ് അനന്തിന് നല്‍കിയിരിക്കുന്നത്.

