കേരളത്തിലെ വ്യവസായ മേഖല ഏറ്റവുമധികം നേട്ടങ്ങള്‍ സൃഷ്ടിച്ച കാലമാണിതെന്നും മൂന്നര വര്‍ഷത്തിനുള്ളില്‍ 44,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിനകത്തു നിന്നു മാത്രം ആകര്‍ഷിക്കാനായെന്നും വ്യവസായ കയര്‍ നിയമ വകുപ്പ് മന്ത്രി പി രാജീവ്. 2025 ഫെബ്രുവരി 21, 22 തീയതികളിലായി കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള സമ്മേളനത്തിനു മുന്നോടിയായി 100 മുതല്‍ 500 കോടി രൂപ വരെ നിക്ഷേപം നടത്തുന്ന സംരംഭകര്‍ക്കായി സംഘടിപ്പിച്ച ഇന്‍വെസ്റ്റര്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2021 നു ശേഷം ഒരു കോടി രൂപയ്ക്കു മുകളിലായി മുടക്കുമുതലുള്ള 696 പുതിയ സംരംഭങ്ങളാണ് സംസ്ഥാനത്ത് ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 203 സംരംഭങ്ങള്‍ 100 കോടിക്കു മുകളില്‍ നിക്ഷേപിച്ചവയാണ്. 15925.89 കോടി രൂപയുടെ നിക്ഷേപമാണ് ഈ കാലയളവില്‍ ആകെ ആകര്‍ഷിക്കാനായത്.
2022-23 സംരംഭക വര്‍ഷത്തിന്റെ ഭാഗമായി 3,43,083 സംരംഭങ്ങള്‍ ആരംഭിക്കാനും 21,299 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനും 7 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാനുമായി. ഇതില്‍ 31 ശതമാനം വനിതാ സംരംഭകരാണ്. വലിയ നിക്ഷേപമുള്ള കമ്പനികളുടെ എണ്ണത്തിലും പ്രവര്‍ത്തനത്തിലും സമാനമായ പുരോഗതിയാണ് ഈ കാലയളവില്‍ സംസ്ഥാനം കൈവരിച്ചിട്ടുള്ളത്. നിരവധി വിദേശ കമ്പനികളും നിക്ഷേപത്തിനു തയ്യാറായി കേരളത്തിലേക്കു വരുന്നുണ്ട്. ഈ അനുകൂല്യ സാഹചര്യം കൂടുതല്‍ പ്രയോജനപ്പെടുത്തി, നിക്ഷേപ സാധ്യതയുള്ള പുതിയ മേഖലകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ സുതാര്യമായതിന്റെ ഗുണപരമായ മാറ്റം സംസ്ഥാനത്തെ വ്യവസായ മേഖലയിലാകെ സംഭവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 2023 ലെ സംസ്ഥാന വ്യവസായ നയത്തില്‍ 22 മുന്‍ഗണനാ മേഖലകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായുള്ള നടപടികള്‍ മുന്നോട്ടുപോകുന്നു. ഇത്തരം അനുകൂലമായ വ്യവസായികാന്തരീക്ഷത്തിലാണ് അടുത്ത വര്‍ഷം ഇന്‍വെസ്റ്റ് കേരള ആഗോള സമ്മേളനം നടക്കാനൊരുങ്ങുന്നത്. ഇതിനു മുന്നോടിയായി സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്, സെക്ടര്‍ മീറ്റ്, റോഡ് ഷോ തുടങ്ങിയ പരിപാടികള്‍ കേരളത്തിന്റെ നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ അവസരമൊരുക്കും.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ കേന്ദ്ര റാങ്കിംഗില്‍ കേരളം നേടിയ ഒന്നാം സ്ഥാനം നിലനിര്‍ത്താനുള്ള കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും സംരംഭകര്‍ കേരളത്തിലെ വ്യവസായ മേഖലയുടെ അംബാസഡര്‍മാരായി മാറണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

