ഇലക്ട്രിക്ക് വാഹനങ്ങള്‍ അഥവാ ഇവികളോടുള്ള ഇഷ്ടം മലയാളികളില്‍ കൂടി വരികയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡെല്‍ഹി കഴിഞ്ഞാല്‍, ഇവികളോട് ഏറ്റവും താല്‍പ്പര്യം കാണിക്കുന്നത് ഇപ്പോള്‍ കേരളമാണ്. സംസ്ഥാനത്തെ പുതിയ വാഹന രജിസ്‌ട്രേഷനുകളില്‍ 10 ശതമാനത്തിലധികം ഇലക്ട്രിക്ക് വാഹനങ്ങളാണ്.
ഈ വര്‍ഷം ഓഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 4.57 ലക്ഷം വാഹനങ്ങളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ 47,329 വാഹനങ്ങള്‍ ഇവികളാണ്. ആകെ രജിസ്റ്റര്‍ ചെയ്തവയുടെ 10.3 ശതമാനം വരും ഇത്. ഇവി രജിസ്ട്രേഷന്റെ ശതമാനക്കണക്കില്‍ രാജ്യത്ത് രണ്ടാമതുണ്ട് കേരളം.
അതേസമയം ആകെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണത്തില്‍ ഏഴാം സ്ഥാനത്താണ് കേരളം. ഇലക്ട്രിക് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഡെല്‍ഹിയാണ്. 3.84 ലക്ഷം ഇലക്ട്രിക്ക് വാഹനങ്ങളുടെ രജിസ്‌ട്രേഷനുകളാണ് ഡെല്‍ഹിയില്‍ നടന്നത്. ഡെല്‍ഹിയില്‍ ആകെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ 11.3 ശതമാനം ആണ് ഇലക്ട്രിക് വാഹനങ്ങള്‍.
കേരളത്തില്‍ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില്‍പന ആദ്യമായി 50000 കടക്കുന്ന വര്‍ഷമാകും ഇതെന്ന് ഉറപ്പായിട്ടുണ്ട്. ഇതേ വേഗം തുടര്‍ന്നാല്‍ 70000 ഇവികള്‍ വരെ 2023 ല്‍ വിറ്റഴിക്കാന്‍ സാധ്യതയുമുണ്ട്. സംസ്ഥാനത്തെ ഇവി രജിസ്‌ട്രേഷനുകളിലെ വര്‍ധനവിനുള്ള പ്രധാന കാരണം ഉയര്‍ന്ന ഇന്ധന വിലയാണ്. ചാര്‍ജിംഗ് സ്റ്റേഷനുകളുടെ വ്യാപനവും ഇവികളിലേക്ക് മാറാന്‍ മലയാളിക്ക് ധൈര്യം നല്‍കുന്നുണ്ട്.
ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവരെ പ്രോല്‍സാഹിപ്പിക്കാന്‍ കേരള സര്‍ക്കാരും ഇളവുകള്‍ നല്‍കുന്നുണ്ട്. 5 വര്‍ഷത്തേക്ക്, റോഡ് ടാക്‌സില്‍ 50 ശതമാനം കിഴിവാണ് സര്‍ക്കാര്‍ നല്‍കുന്നത്. മഹാരാഷ്ട്ര, മേഘാലയ, ആസാം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ റോഡ് ടാക്‌സില്‍ 100 ശതമാനം കിഴിവ് നല്‍കി ഇവികളെ പ്രോല്‍സാഹിപ്പിക്കുന്നു. ഒപ്പം മറ്റ് സബ്‌സിഡികളുമുണ്ട്.

