രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്‌സി ബാങ്കിന് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ശക്തമായ വളര്‍ച്ച. മുന്‍ വര്‍ഷത്തെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്കിന്റെ അറ്റാദായം 51 ശതമാനം ഉയര്‍ന്ന് 15,976 കോടി രൂപയായി. ബാങ്കിന്റെ അറ്റവരുമാനം 2024 സാമ്പത്തിക വര്‍ഷത്തില്‍ 33.1 ശതമാനം വര്‍ധിച്ച് 38,093 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം രണ്ടാം പാദത്തില്‍ 28,617 കോടി രൂപയായിരുന്നു അറ്റവരുമാനം.
ബാങ്കിന്റെ പ്രധാന വായ്പാ വരുമാനം പ്രതിഫലിപ്പിക്കുന്ന അറ്റ പലിശ വരുമാനം 27,385 കോടി രൂപയായാണ് വര്‍ധിച്ചത്. 2022 സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ 21,021 കോടി രൂപയായിരുന്നു അറ്റ പലിശ വരുമാനം. 30.3 ശതമാനം വളര്‍ച്ചയാണ് പലിശ വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത്.
രണ്ടാം പാദത്തിലെ പലിശ ഇതര വരുമാനം കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തിലെ 7,596 കോടി രൂപയില്‍ നിന്ന് 10,708 കോടി രൂപയിലേക്ക് ഉയര്‍ന്നു. രണ്ടാം പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തനച്ചെലവ് 37 ശതമാനം വര്‍ധിച്ച് 15,399 കോടി രൂപയായി. ചെലവ്-വരുമാന അനുപാതം 40.4 ശതമാനമാണ്. 2023 സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകളനുസരിച്ച്, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന്റെ വലിപ്പം 34 ലക്ഷം കോടി രൂപയിലധികമാണ്. 2022 സെപ്റ്റംബര്‍ 30ന് ഇത് 22,27,893 കോടി രൂപയായിരുന്നു.
2023 സെപ്തംബര്‍ 30 ലെ കണക്കനുസരിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ 1.34 ശതമാനമാണ്. 2023 ജൂണ്‍ 30 ലെ കണക്കനുസരിച്ച് 1.41 ശതമാനവും സെപ്റ്റംബര്‍ 30 ലെ കണക്കനുസരിച്ച് 1.23 ശതമാനവുമായിരുന്നു എന്‍പിഎകള്‍.

