രണ്ട് കൊല്ലം മുമ്പ് ഇന്ത്യ വിട്ട ഫോര്‍ഡ് രാജ്യത്തേക്ക് മടങ്ങി വരുന്നു. ഇന്ത്യന്‍ വിപണി ഫോര്‍ഡിനെ സ്വീകരിക്കുന്നതിനായി വിപണിക്ക് ആവശ്യമായ മാറ്റങ്ങളോടെ പുതു വാഹനങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഫോര്‍ഡിന്റെ മടക്കം. കോംപാക്ട് എസ്യുവി അടക്കം കുറച്ചധികം പുതിയ ഉത്പന്നങ്ങള്‍ ഇതിനായി അണിയറയില്‍ തയ്യാറാകുന്നുണ്ട്. ചെന്നൈയിലെ വാഹന നിര്‍മാണ ഫാക്ടറിയിലായിരിക്കും ഹൈബ്രിഡ്-ഇലക്ട്രിക് വാഹനങ്ങള്‍ വ്യവസായിക അടിസ്ഥാനത്തില്‍ വികസിപ്പിക്കുക.
ഫോര്‍ഡിനെ സംബന്ധിച്ച് ഇത്തരം മടക്കയാത്രകള്‍ ആദ്യമായല്ല. ഇതിന് മുമ്പ് 1953ലും ഇന്ത്യയില്‍ നിര്‍മാണവും വില്‍പ്പനയും അവസാനിപ്പിച്ച് ഫോര്‍ഡ് മടങ്ങിയിരുന്നു. അമേരിക്കന്‍ കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് എസ്യുവിയുടെ പുതിയൊരു ഡിസൈനിന് പേറ്റന്റ് നേടിയതായാണ് സൂചന. സൂചന സത്യമെങ്കില്‍ ഇത്തവണത്തെ മടങ്ങി വരവില്‍ പൊടി പാറും. ഹ്യൂണ്ടായ് ക്രേറ്റ സെഗ്മന്റില്‍ ആയിരിക്കും ഫോര്‍ഡിന്റെ മത്സരം.
മടങ്ങി വരവിന് മുന്നോടിയായി ഏതെങ്കിലും പ്രാദേശിക വാഹന നിര്‍മാതാക്കളുമായി ഫോര്‍ഡ് പങ്കാളിത്തമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. ജോയിന്റ് വെഞ്ച്വറിന് ടാറ്റ ഗ്രൂപ്പുമായി ഫോര്‍ഡ് സംസാരിക്കുമെന്ന് മുന്‍പ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഫോര്‍ഡിന്റെ ചെന്നൈയിലെ ഫാക്ടറിയില്‍ നിലവില്‍ 2 ലക്ഷം വാഹനങ്ങളും 340,000 എന്‍ജിനുകളും നിര്‍മിക്കാന്‍ നിലവില്‍ സൗകര്യമുണ്ട്. ഇലക്ട്രിക് വാഹനത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് ഫോര്‍ഡ്.

