കേരളത്തിലെ സ്വര്‍ണ വിലയില്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കുതിപ്പ്. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കൂടിയത്. പുതിയ വില പ്രകാരം ഒരു പവന്‍ സ്വര്‍ണത്തിന് 55560 രൂപയും ഗ്രാമിന് 6945 രൂപയുമാണ് ഇന്നത്തെ വില. സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നലെ കുറഞ്ഞിരുന്നു. പവന് 880 രൂപയായിരുന്നു കുറഞ്ഞത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 55,480 രൂപയും ഗ്രാമിന് 6935 രൂപയുമായിരുന്നു വില.
വിലകയറ്റം കൊണ്ട് ഞെട്ടിച്ച സ്വര്‍ണം ഈ മാസം ക്ഷീണത്തിലായിരുന്നു. ഈ മാസം ഇതുവരെ സ്വര്‍ണം പവന് 3600 രൂപയാണ് കുറഞ്ഞിരിക്കുന്നത്. വന്‍തോതില്‍ ഉയര്‍ന്ന് പവന് 65000ത്തിലേക്ക് വൈകാതെ എത്തുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എല്ലാം മാറിമറിഞ്ഞ് വില കുത്തനെ ഇടിയുന്നതാണ് പുതിയ രീതി.
18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനയുണ്ട്. ഗ്രാമിന് 5 രൂപ കൂടി 5725 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 97 രൂപ എന്ന നിലയിലാണ് വ്യാപാരം. അതെ സമയം ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിനു പണിക്കൂലി അടക്കം 60000 രൂപക്ക് മുകളില്‍ വില വരും.

