ലോകത്തെ ഏറ്റവും പ്രൈസ് മണിയും വരുമാനവുമുള്ള കായികയിനങ്ങളിലൊന്നായ ടെന്നീസില്‍ 20 വര്‍ഷത്തോളം സജീവമായി നിലയുറപ്പിച്ച ഇതിഹാസ താരമാണ് ലിയാന്‍ഡര്‍ പെയ്സ്. 23 വയസുമുതല്‍ 43 വയസുവരെ പേസ് തന്റെ ടെന്നീസ് അശ്വമേധം തുടര്‍ന്നു. ഇന്ത്യയിലെ ഏറ്റവും ധനവാനായ കായികതാരങ്ങളിലൊരാളായാണ് അദ്ദേഹം വിരമിച്ചത്. ഇപ്പോള്‍ തന്റെ ധനകാര്യ മാനേജ്മെന്റിനെക്കുറിച്ചുള്ള ശ്രദ്ധേയമായ ആശയങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ടെന്നീസ് കോര്‍ട്ടില്‍ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം ബുദ്ധിപൂര്‍വം നിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. പെയ്സിന്റെ സാമ്പത്തിക മാനേജ്മെന്റില്‍ നിന്ന് നമുക്കും പാഠങ്ങള്‍ പഠിക്കാനുണ്ട്.
പണത്തിന്റെ പ്രാധാന്യം ചെറു പ്രായത്തില്‍
ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളെ സമ്പത്തിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠിപ്പിക്കണമെന്ന ആശയക്കാരനാണ് പെയ്സ്. സ്‌കൂളില്‍ പോകുന്ന കാലത്തു തന്നെ കുട്ടികളെ പണത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കണമെന്ന് ടെന്നീസ് ഇതിഹാസതാരം പറയുന്നു. മണി മാനേജ്‌മെന്റെന്നത് അക്കാദമിക് പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
”പ്രതിമാസം 12,000 രൂപയോ, 25,000 രൂപയോ, ഒരു ലക്ഷം രൂപയോ സമ്പാദിച്ചാലും, ഒരു പ്രൊഫഷണല്‍ കൈകാര്യം ചെയ്യുന്ന ഒരു നല്ല പോര്‍ട്ട്‌ഫോളിയോയില്‍ 50 ശതമാനം നിക്ഷേപിക്കണം. ബാക്കിയുള്ള പണം അവനവനിലും, തങ്ങളുടെ തൊഴില്‍, കഴിവുകള്‍ എന്നിവയിലും നിക്ഷേപിക്കുക, അത് മെച്ചപ്പെട്ട ജീവിത നിലവാരം കൈവരിക്കാന്‍ സഹായിക്കും,”പെയ്സ് തന്റെ വിജയമന്ത്രം പങ്കുവെക്കുന്നു.
തുടക്കത്തില്‍ വന്‍ കടം
ഒരു ഡോക്ടറുടെ മകനായിരുന്നു പെയ്സ്. എങ്കിലും ടെന്നീസ് കളിക്കാനാരംഭിച്ച സമയത്ത് സാമ്പത്തിക ഭദ്രതയിലായിരുന്നില്ല കുടുംബം. പോരാട്ടത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ താന്‍ പലപ്പോഴും ലോക്കര്‍ റൂമുകളില്‍ ഉറങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. പരിശീലകര്‍ക്ക് നല്‍കാന്‍ പലപ്പോഴും പണമുണ്ടായിരുന്നില്ല.
19 ാം വയസ്സില്‍ ജര്‍മ്മനിയിലെ വൂള്‍ഫ്സ്ബര്‍ഗില്‍ പരിശീലനം നടത്തുന്ന കാലത്ത് 1,50,000 ഡോളര്‍ കടത്തിലായിരുന്നു പെയ്സ്. ടെന്നീസില്‍ വിജയിക്കുമ്പോള്‍ പരിശീലന ഫീസ് നല്‍കാമെന്ന പെയ്സിന്റെ വാക്കുകള്‍ പരിശീലകന്‍ വിശ്വസിച്ചു. അദ്ദേഹത്തിന് തുടര്‍ന്നും പരിശീലനം നടത്താനായി. തന്റെ ഫിറ്റ്നസിലും കഴിവുകളിലുമാണ് പിന്നീട് അദ്ദേഹം നിക്ഷേപം നടത്തിയത്. പണത്തിന്റെ മൂല്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പെയ്സില്‍ രൂഢമൂലമാക്കിയത് ഈ കാലഘട്ടമാണ്.
ഇഷ്ട നിക്ഷേപമേഖല റിയല്‍ എസ്റ്റേറ്റ്
നമ്മള്‍ ഓരോരുത്തരും നമുക്ക് എടുക്കാവുന്നതോ എടുക്കാന്‍ കഴിയാത്തതോ ആയ റിസ്‌ക്കിന്റെ അളവിനെക്കുറിച്ച് ചിന്തിക്കണമെന്ന് പെയ്സ് പറഞ്ഞു. 20 വര്‍ഷം നീണ്ട തന്റെ ടെന്നീസ് കരിയറില്‍ നിന്ന് സമ്പാദിച്ച പണത്തിന്റെ 50 ശതമാനം റിയല്‍ എസ്റ്റേറ്റിലാണ് അദ്ദേഹം നിക്ഷേപിച്ചത്. തീര്‍ച്ചയായും ഓഹരി വിപണിയെന്ന പ്രലോഭിപ്പിക്കുന്ന ഇടം അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഇക്വിറ്റിയുടെ ദൈനംദിന ചാഞ്ചാട്ടം കൈകാര്യം ചെയ്യാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ടെന്നീസ് കോര്‍ട്ടില്‍ മികച്ച പ്രകടനം നടത്തുന്നതിന് ശാരീരികവും മാനസികവും വൈകാരികവുമായ ഫിറ്റ്നസില്‍ ഏറെ സമയം ചെലവഴിക്കേണ്ടതുണ്ട്.
”ഒരു ദിവസം രാവിലെ ഉണരുമ്പോള്‍ ഒരു സ്റ്റോക്ക് 1-2 ശതമാനം കുറഞ്ഞുവെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. അല്ലെങ്കില്‍, അടുത്ത ദിവസം, ഒരു സ്റ്റോക്ക് 3 ശതമാനം ഉയരുന്നു. പെട്ടെന്ന് ഞാന്‍ ആവേശഭരിതനായി, വിംബിള്‍ഡണ്‍ ഫൈനലില്‍ ഒരു ഡബിള്‍ ഫോള്‍ട്ട് വരുത്തിയെന്നിരിക്കട്ടെ. എനിക്ക് അത് വേണ്ടായിരുന്നു,” പേസ് വിശദീകരിക്കുന്നു.
ലിക്വിഡിറ്റി ഉറപ്പാക്കണം
പ്രക്ഷുബ്ധമായ കാലത്ത് ലിക്വിഡായി പണം കരുതേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പെയ്സ് പറയുന്നു. ”വര്‍ഷങ്ങളായി, ഞാന്‍ റിയല്‍ എസ്റ്റേറ്റില്‍ സമര്‍ത്ഥമായി നിക്ഷേപം നടത്തി. എന്നാല്‍ പിന്നീട് കോവിഡ് വന്നു. ലിക്വിഡിറ്റിയെ കുറിച്ച് കോവിഡ് നമ്മളില്‍ പലരെയും മികച്ച പാഠങ്ങള്‍ പഠിപ്പിച്ചുവെന്ന് ഞാന്‍ കരുതുന്നു,”അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പണം കൈകാര്യം ചെയ്യാന്‍ ഒരാള്‍ക്ക് ഒരു നല്ല ഫണ്ട് മാനേജര്‍ ഉണ്ടായിരിക്കണമെന്നും ടെന്നീസ് ഇതിഹാസം ഊന്നിപ്പറഞ്ഞു.
കളിച്ചത് കാശിനായിത്തന്നെ
സമ്മാനത്തുക കണക്കാക്കിത്തന്നെയാണ് താന്‍ എല്ലായ്പ്പോഴും കളിച്ചിട്ടുള്ളതെന്ന് പെയ്സ് പറയുന്നു. പലചരക്ക് സാധനങ്ങള്‍ മുതല്‍ നിക്ഷേപത്തിന്റെ വരെ കാര്യങ്ങള്‍ കണക്കുകൂട്ടേണ്ടതുണ്ട്. ടെന്നീസ് കോര്‍ട്ടില്‍ നിന്ന് അധികമായി 1 ശതമാനം ലഭിക്കുന്നത് തന്നെ വിജയത്തിലേക്ക് അടുപ്പിക്കുമെന്നാണ് കരുതിയിട്ടുള്ളതെന്നും പെയ്സ് പറയുന്നു.
തന്റെ ഷെഡ്യൂള്‍ ആസൂത്രണം ചെയ്യുമ്പോള്‍, ലോകമെമ്പാടും യാത്ര ചെയ്യുന്നതിനേക്കാള്‍ എട്ട് ആഴ്ച ഒരു ഭൂഖണ്ഡത്തില്‍ തന്നെ തങ്ങാനാണ് ശ്രമിച്ചിരുന്നത്. അങ്ങനെ വിമാനക്കൂലി ലാഭിച്ചു. തന്റെ നീണ്ട കരിയറില്‍, സ്‌കാന്‍ഡിനേവിയയില്‍ 5 ശതമാനത്തില്‍ കൂടുതല്‍ സമയം കളിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഉയര്‍ന്ന നികുതിയും ചെലവും കണക്കിലെടുത്താല്‍, സമ്മാനത്തുകയുടെ 15 ശതമാനം മാത്രമേ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ നിന്ന് ലഭിക്കൂ എന്നതിനാലായിരുന്നു ഇത്.

