വരും വര്‍ഷങ്ങളില്‍ അഞ്ച് ട്രില്യണ്‍ ഇക്കോണമി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അതിന്റെ അഞ്ചിലൊന്നെങ്കിലും വരേണ്ടത് ചെറുകിട വ്യവസായ സംരംഭങ്ങളില്‍ നിന്നാണ്. കൂട്ടത്തില്‍ ഇന്ത്യ എന്ന ബ്രാന്റ് നെയിം ആഗോളതലത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയും വേണം. ലക്ഷ്യം വിദൂരമല്ലെങ്കിലും പ്രയാണം സംഭവബഹുലമായിരിക്കും, തീര്‍ച്ച

കര്‍ണാടകയിലെ പ്രസിദ്ധമായ ഹംപിക്ക് സമീപമുള്ള ആനേഗുന്ദി എന്ന ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന വീട്ടമ്മമാരുടെ ഒരു സംയുക്ത സഹകരണ സംരംഭം സന്ദര്‍ശിക്കാനിടയായി. മഹാരാഷ്ട്രക്കാരിയായ ശ്യാമ പവാര്‍ എന്ന മഹതി അവിടത്തെ ഗ്രാമീണരും ദരിദ്രരുമായ വീട്ടമ്മമാരെ ചേര്‍ത്ത് ഹരി ധര്‍ത്തി റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി എന്ന പേരില്‍ ഒരു സംഘടന തുടങ്ങി. അവിടെ സമൃദ്ധമായ വാഴനാര് പ്രത്യേക രീതിയില്‍ പ്രോസസ് ചെയ്ത് നൂലാക്കി മാറ്റി അതുപയോഗിച്ച് കരകൗശല വസ്തുക്കള്‍ നിര്‍മിക്കുകയാണവര്‍. ഏകദേശം നാനൂറോളം പേരുണ്ട് ഈ കൂട്ടായ്മയില്‍. അഥവാ നാനൂറോളം വീടുകളില്‍ കഴിയുന്ന സാധാരണ വീട്ടമ്മമാരുടെ അധ്വാനത്തിന്റെ ഫലം അതാത് കരങ്ങളില്‍ ചെന്നെത്തുന്നു.
പഞ്ചായത്തനുവദിച്ച കെട്ടിടത്തിലിരുന്നും സ്വന്തം വീടുകളിലിരുന്നും ഇവര്‍ വാഴനാര് മെടഞ്ഞ് ഉല്പന്നങ്ങള് ഉണ്ടാക്കുന്നു. ഇവയില്‍ നല്ലൊരു ശതമാനം കയറ്റുമതിയും ചെയ്യുന്നുണ്ടത്രെ. ഭാരതത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ(MSME) ശ്രേണിയുടെ മനോഹരമായ ഒരു ഗ്രാമീണപരിഛേദമാണിത്. 2022 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 1.22 കോടി ചെറുകിട വ്യവസായ സംരംഭങ്ങള്‍ എംഎസ്എംഇകളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 250 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവോ, 50 കോടി വരെ പ്ലാന്റ് / മെഷീനറി മുതല്‍മുടക്കോ ഉള്ള സംരംഭങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുക. അതില്‍ തന്നെ 5 കോടി വരെ വിറ്റുവരവ് അല്ലെങ്കില്‍ ഒരു കോടി വരെ പ്ലാന്റ്/ മെഷീനറി മുതല്‍ മുടക്കോ ഉള്ളവരെ സൂക്ഷ്മ അഥവാ മൈക്രോ സംരംഭങ്ങളെന്നു വിളിക്കും.

ഇന്ത്യയുടെ വാര്‍ഷിക ജിഡിപിയില്‍ 30% വും എംഎസ്എംഇ മേഖലയുടെ സംഭാവനയാണ്. ഉല്‍പ്പാദനത്തില്‍ 40% വും കയറ്റുമതിയില്‍ 50% വും രാജ്യത്തിന് നല്കുന്ന മേഖലയാണിത്. സ്റ്റോക് എക്്സ്ചേഞ്ചുകളില് അഞ്ഞൂറിലധികം എംഎസ്എംഇ കമ്പനികള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ മേഖല വഴി രാജ്യത്ത് ആറുകോടിയില്‍ പരം തൊഴിലുകള്‍ നല്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തെ കാലയളവില്‍ ഇന്ത്യയുടെ എംഎസ്എംഇ രംഗത്ത് സമൂലമായ മാറ്റത്തിന് ഇടയാക്കിയ 3 കാര്യങ്ങളുണ്ട്. 2016ലെ നോട്ടു നിരോധനം, 2017 ലെ ജിഎസ്ടി(ചരക്ക് സേവന നികുതി) ആവിര്‍ഭാവം, ഒടുവില്‍ 2020ലെ കോവിഡ് ആഗോള വ്യാപനം എന്നിവയാണവ.
ഇവയ്ക്ക് ശേഷമാണ് രാജ്യത്തെ ചെറുകിട വ്യവസായങ്ങള്‍ക്ക് കൃത്യമായ ദിശാബോധവും, വ്യവസ്ഥാപിത മാര്‍ഗദര്‍ശിത്വവും, പോളിസികളോടുള്ള ആഭിമുഖ്യവും വര്‍ദ്ധിച്ചത് എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. ഡിജിറ്റല്‍ ഇടപാടുകള്‍, ടാക്സ് റിട്ടേണ്‍ സമര്‍പ്പണം എന്നിവയിലൊക്കെ നാം വളരെയേറെ മുന്നേറി. പ്രതികൂല സാഹചര്യങ്ങളില്‍ ഷട്ടറിടേണ്ടി വന്ന അനേകായിരം യൂനിറ്റുകളെവിസ്മരിച്ചു കൊണ്ടല്ല ഇത് പറയുന്നത്.

പക്ഷേ നാം നല്ല പാഠങ്ങള്‍ പഠിച്ചു തുടങ്ങിയെന്നത് ശുഭോദര്‍ക്കമായ കാര്യമാണ്. മറ്റെല്ലാ പ്രമുഖ സമ്പദ് വ്യവസ്ഥകളും 2020 ന് ശേഷം അടിപതറിയപ്പോള്‍ നാം പിടിച്ചു നിന്നതും കരകയറിയതും നാം പാഠം പഠിച്ചതിന്റെ തെളിവാണ്. പാന്‍ഡമിക് കാലഘട്ടത്തില്‍ സര്‍ക്കാരും റിസര്‍വ് ബാങ്കുമുള്പ്പെടെയുള്ള സ്ഥാപനങ്ങളും എടുത്ത നടപടികളും സ്തുത്യര്‍ഹമാണ്. ഇന്നത്തെ പരിതസ്ഥിതിയില്‍ വ്യവസായ സംരംഭങ്ങള്‍ നേരിടുന്ന പ്രധാന പ്രതിസന്ധികള്‍ താഴെ പറയുന്നവയാണ്:
- വായ്പയുടെ ലഭ്യതക്കുറവ്:
സംരംഭങ്ങള്‍ക്ക് ആവശ്യാനുസരണമുള്ള ഫണ്ടിങ്ങ് സമയാസമയം ലഭ്യമാക്കുക എന്നത് ഇന്നും വെല്ലുവിളിയാണ്. കണ്വെന്ഷണല് ബാങ്ക് ഫിനാന്‍സിങ്ങ് മാര്‍ഗ്ഗത്തില്‍ വിലങ്ങുതടിയാകുന്ന പല ഘടകങ്ങളുമുണ്ട്. ക്രെഡിറ്റ് സ്കോറിന്റെ അപര്യാപ്തത, ആവശ്യമുള്ളത്ര ഈട് നല്‍കാനുള്ള സാഹചര്യക്കുറവ്, പേപ്പര്‍ ജോലികളുടെ ബാഹുല്യം, പ്രോസസ് ചെയ്യാനെടുക്കുന്ന കാലതാമസം എന്നിങ്ങനെ നീളുന്നു പ്രശ്നങ്ങള്‍. നിലവിലുള്ള കണ്വെന്ഷണല് ബാങ്കിങ്ങ് സ്ഥാപനങ്ങള്‍ക്ക് മാനേജ് ചെയ്യാവുന്നതിലേറെ ആവശ്യക്കാര്‍ വരുമ്പോള്‍ ഈ രംഗം ചൂഷണം ചെയ്യാന്‍ കള്ളനാണയങ്ങളും ഫ്രോഡ് ആപ്പുകളുമടക്കമുള്ള പ്രതിലോമ ഘടകങ്ങള്‍ സജീവമാവുകയും ചെയ്യും.
- അടിസ്ഥാന സൗകര്യ(infrastructure)ങ്ങളുടെ അപര്യാപ്തത:
കേരളത്തിനെ സംബന്ധിച്ചിടത്തോളം സ്ഥലദൗര്‍ലഭ്യമാണ് ഏറ്റവും വലിയ വെല്ലുവിളി. റോഡുകളുടെ വലുപ്പമില്ലായ്മ, കോമണ്‍ഫസിലിറ്റി പോയന്റുകളുടെ അഭാവം, ഭീമമായ കെട്ടിട നിര്‍മാണച്ചെലവുകള്‍ ഇതൊക്കെ വലിയ വെല്ലുവിളികളാണ് എക്കാലവും.
- ഡിജിറ്റല്‍ സാങ്കേതികതയുടെ അജ്ഞത:
പേപ്പറില്‍ ഇതുവരെ ചെയ്തിരുന്ന അനേകം പ്രവൃത്തികള്‍ക്കു ഡിജിറ്റല്‍ യുഗത്തിന്റെ വരവോടെ വിരാമമായി. എങ്കിലും സംരംഭകര്‍ക്കിടയില്‍ ഡിജിറ്റല്‍ സാക്ഷരതയുടെ അഭാവം നിലനില്ക്കുന്നു. ഏറെ വിപുലീകരിക്കാനുള്ള മേഖലയാണിത്.
- സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളുടെ പിന്തുണക്കുറവ്:
ഒരു വ്യവസായ യൂനിറ്റിന് ബ്രേക്കില്ലാതെ പ്രവര്‍ത്തിക്കണമെങ്കില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും, ഇലക്ട്രിസിറ്റി, പൊലൂഷന്‍ കണ്ട്രോള്, മുതലായ അനേകം ഏജന്‍സികളുടെ നിസ്സീമമായ സഹകരണവും കൂടിയേ തീരൂ. സംരംഭകര്‍ക്ക്, പ്രത്യേകിച്ച് നവസംരംഭകര്‍ക്ക് ഇതൊരു കീറാമുട്ടിയാണ്. തികച്ചും യൂസര്‍ ഫ്രï്ലി ആയ സംരംഭക ഓണ്‍ ബോര്‍ഡിങ്ങ് ആവശ്യമാണ്. കുറഞ്ഞ ചെലവില്‍ തടസ്സമില്ലാത്ത ഊര്‍ജം എന്നും യൂനിറ്റുകള്ക്കാവശ്യമാണ്.
- സാമൂഹികവും രാഷ്ട്രീയപരവുമായ കാരണങ്ങള്‍:
സ്വയംതൊഴില്‍ കണ്ടെത്തുന്ന ഒരു സംരംഭകനെ ആദരിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഉള്ള അയല്പക്ക സംസ്കാരം നാമിനിയും വളര്‍ത്തേണ്ടതുണ്ട്. ഒരു യൂനിറ്റിന്റെ തൊഴിലുടമയും തൊഴിലാളിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന ഐക്യബോധം നാമിനിയും പഠിക്കേണ്ടതായുണ്ട്. തൊഴിലിടങ്ങളിലെ അസ്വാരസ്യം മൂലം സംരംഭം ഇട്ടെറിഞ്ഞ് പോയവരും അയല്‍ സംസ്ഥാനങ്ങളിലേക്ക് അവയെ റിച്ചുനട്ടവരും ഉള്ള നാടാണിത്.

മേല്പറഞ്ഞ വെല്ലുവിളികളെ അതിജീവിക്കുവാനും വ്യവസായ മേഖലയ്ക്ക് പുതിയ ഊര്‍ജം പകരാനുമുള്ള സര്‍ക്കാര്‍ നടപടികളിലേക്കു നമുക്കൊന്ന് കണ്ണോടിക്കാം.
- നൂതന വായ്പാ സ്രോതസ്സുകളുടെ ആവിര്‍ഭാവം:
വായ്പാ വിതരണരംഗത്തെ ഡിജിറ്റല്‍ സാങ്കേതികതയാണ് ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പുരോഗതി. നിലവില്‍ ബാങ്കുകളെല്ലാം ഡിജിറ്റല്‍ വായ്പാ പ്ലാറ്റ്ഫോമിലേക്ക് കടന്നു കഴിഞ്ഞു. ഇത് കൂടാതെ നിരവധി എന്‍ബിഎഫ്സികളും ഫിന്‍ടെക് കമ്പനികളും വായ്പയില്‍ വൈവിധ്യവല്‍ക്കരണവുമായി വന്നിരിക്കുന്നു. അംഗീകൃത ലോണ്‍ ആപ്പുകളും രംഗത്തുണ്ട്. കാലാവധിയാകാത്ത ബില്ലുകള്‍ താല്‍ക്കാലികമായെങ്കിലും ഉപയോഗപ്പെടുത്തുന്ന ബില്‍ ഫിനാന്‍സിങ്ങിന് വേണ്ടി സംരംഭകന് സ്വയം ഉപയോഗിക്കാവുന്ന ഗവണ്മെന്റ് ആരംഭിച്ച പോര്‍ട്ടല്‍ ആണ് TReDS (Trade Recievable Discounting System).
- അടിസ്ഥാന സൗകര്യ വികസനത്തിന് വര്‍ദ്ധിച്ച ബജറ്ററി വിഹിതം:
രാജ്യം ഇന്നേ വരെ കണ്ടതില്‍ വെച്ച് വിപുലമായ റോഡ് വികസനമാണ് നടക്കുന്നത്. ലോജിസ്റ്റിക്സ്, വിപണന രംഗങ്ങളിലും നൂതനാശയങ്ങള്‍ വരുന്നു. ഓണ്‍ലൈന്‍ വിപണിയുടെ അനന്ത സാധ്യതകളാണ് സംരംഭകര്‍ക്ക് ഇന്നുള്ളത്. ചെറുകിട വ്യവസായങ്ങളെ ഓണ്‍ലൈന്‍ വിപണിയിലേക്ക് നയിക്കുന്നതിന് ഗവണ്മെന്റ് ഇ-പോര്‍ട്ടല്‍ (GeM) തുടങ്ങി. ഇ-കോമേഴ്സിന്റെ വികസനത്തോടൊപ്പം ചേര്‍ത്തു വായിക്കാവുന്നതാണ് ലോജിസ്റ്റിക്സിന്റെ വികസനം. ഈ മേഖല കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ വമ്പിച്ച മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്.
ജിഡിപിയില്‍ 14% സംഭാവന ഈ മേഖലയില്‍ നിന്നാണ്. വമ്പിച്ച റോഡ് വികസനത്തോടൊപ്പം ലോജിസ്റ്റിക്സിന്റെ ചെലവ് ചുരുങ്ങുന്നത് സംരംഭകര്‍ക്ക് ആശ്വാസം പകരും. നിലവില്‍ ലോജിസ്റ്റിക്സിന്റെ 78% വും റോഡുമാര്‍ഗമാണ്.
- ആത്മനിര്‍ഭരതയുടെ ചുവടുകള്‍:
അപര നാടുകളെ ആശ്രയിക്കാതെ സ്വയം ഉല്പാദിപ്പിച്ച് കരുത്താര്‍ജിക്കുവാന്‍ ഉദ്ദേശിച്ച വിവിധോദ്ദേശ്യ പദ്ധതിയാണ് 2020ല്‍ ആരംഭിച്ച ആത്മനിര്‍ഭര്‍ ഭാരത് അഥവാ Self Reliant India പദ്ധതി. 20 ലക്ഷം കോടി രൂപയാണിതില് വകയിരുത്തിയിരിക്കുന്നത്. മെയ്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ എന്നിവയൊക്കെ ഈ ദിശാബോധത്തില് ഉണ്ടായവയാണ്. ബൗദ്ധിക സ്വത്തവകാശ (intellectual property rights) നിയമങ്ങളില്‍ പ്രോത്സാഹനവും സാമ്പത്തിക സഹായവും ചെയ്യുക വഴി ഇന്ത്യന്‍ ഉല്പന്നങ്ങള്ക്ക് ട്രേഡ് മാര്‍ക്ക്, ജി.ഐ.ടാഗിങ്ങ്, പേറ്റന്റ് എന്നിവ ലഭിക്കാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുന്നു. പേറ്റന്റ് ഫീസില്‍ 50% വരെ ഗവണ്മെന്റ് സഹായം ലഭ്യമാണ്.
- ഗവണ്മെന്റ് സഹായമുള്ള വിവിധ വായ്പാ പദ്ധതികള്‍:
സ്ഥലപരിമിതി മൂലം ഏറ്റവും പ്രധാനപ്പെട്ടതും ചെറുകിട വ്യവസായ രംഗത്ത് ഉപകാരപ്രദവുമായ ചില പദ്ധതികള്‍ താഴെ കൊടുക്കുന്നു:
a) പ്രധാനമന്ത്രി തൊഴില്‍ദാന പദ്ധതി (PMEG-P):
വ്യവസായ വകുപ്പാണ് നോഡല്‍ ഏജന്‍സി. പുതിയ സംരംഭങ്ങളാണ് പരിഗണിക്കുക. 15% വരെ മൂലധന സബ്സിഡി സര്‍ക്കാര്‍ നല്കുന്നു.
b) പ്രധാനമന്ത്രി മുദ്രാ യോജന:
സബ്സിഡി ഇല്ല എങ്കിലും പത്തു ലക്ഷം രൂപ വരെയുള്ള വായ്പ്കള്‍ക്ക് ബാങ്കുകള്‍ ഈട് (collateral) വാങ്ങരുത് എന്ന നിഷ്കര്‍ഷയുണ്ട്.
c) MSE CDP (Micro & small enterprise – Cluster Development Program):
ക്ലസ്റ്റര്‍ രീതിയില്‍ സംഘം ചേര്‍ന്നുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി. കോമണ്‍ഫെസിലിറ്റി സെന്റര്‍ പോലുള്ള സഹായം ലഭ്യമാണ്.
d) SFURTI (Scheme of Fund for Regeneration of Traditional Industrie-s):
പാരമ്പര്യ വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് പ്രാധാന്യം നല്കുന്നു.
e) ESDP(Entrepreneurship & Skill Development Program):
നൈപുണ്യവികസനത്തിനും സംരംഭകത്വ വൈദഗ്ധ്യത്തിനും ഊന്നല്‍ നല്കുന്നു.
f) PMS (Procurement & Marketing Suppor-t):
ഉല്പന്നങ്ങളെ വാങ്ങി എക്്സ്പോകളിലൂടെയും മറ്റുമുള്ള വിപണനത്തിന് സഹായിക്കുന്നു.
g) SRI (Self Reliant India)Fund:
ആത്മനിര്‍ഭരത പാക്കേജില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം.
h) പിഎം വിശ്വകര്‍മ്മയോജന:
കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി കരകൗശല വിദഗ്ധര്‍ക്കു വേണ്ടിയുള്ള ബൃഹദ് പദ്ധതിയാണ്. 8% സബ് വെന്ഷനോടുകൂടി 5 % പലിശ നിരക്കില്‍ ഈടില്ലാതെ 3 ലക്ഷം രൂപ വരെ വായ്പ, നൈപുണ്യവികസന പരിശീലനം, ഉല്പന്നങ്ങള്ക്ക് വിപണി കണ്ടെത്താനും ബ്രാന്ഡിങ്ങിനുമുള്ള സഹായം ഇവയൊക്കെ ഉള്‍പ്പെട്ടതാണ് പദ്ധതി.
വരും വര്‍ഷങ്ങളില്‍ അഞ്ച് ട്രില്യണ്‍ ഇക്കോണമി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുമ്പോള്‍ അതിന്റെ അഞ്ചിലൊന്നെങ്കിലും വരേണ്ടത് ചെറുകിട വ്യവസായ സംരംഭങ്ങളില്‍ നിന്നാണ്. കൂട്ടത്തില്‍ ഇന്ത്യ എന്ന ബ്രാന്റ് നെയിം ആഗോളതലത്തില്‍ പ്രതിഷ്ഠിക്കപ്പെടുകയും വേണം. ലക്ഷ്യം വിദൂരമല്ലെങ്കിലും പ്രയാണം സംഭവബഹുലമായിരിക്കും, തീര്‍ച്ച.
(കാനറ ബാങ്ക് റിട്ടയേര്‍ഡ് എജിഎം ആണ് ലേഖകന്‍)

