മലയാള സിനിമയില്‍ പ്രിയദര്‍ശനും സത്യന് അന്തിക്കാടും ശ്രീനിവാസനും കൊണ്ടുവന്ന കോമഡി ട്രെന്‍ഡിനെ വ്യത്യസ്തമായ തലത്തില്‍ മുന്നോട്ടു നയിച്ച സംവിധായക ജോഡിയായിരുന്നു സിദ്ദിക്ക് ലാലിന്റേത്. വമ്പന്‍ സാമ്പത്തിക വിജയത്തിന്റെ ശ്രേണിയിലേക്ക് കോമഡി ചിത്രങ്ങളെ ആവാഹിച്ചിരുത്തിയത് സിദ്ദിഖും ലാലും ചേര്‍ന്നാണ്.

കലാഭവന്റെ കളരിയില്‍ പയറ്റിത്തെളിഞ്ഞിറങ്ങിയ സിദ്ദിഖ് ലാല്‍ 1989 ല്‍ സംവിധാനം ചെയ്ത് പുറത്തിറക്കിയ ആദ്യ ചിത്രം റാംജിറാവ് സ്പീക്കിംഗിന് മുടക്കിയത് വെറും 16 ലക്ഷം രൂപയാണ്. തകര്‍പ്പന്‍ വിജയം നേടി ട്രെന്‍ഡ് സെറ്ററായ പടം 1 കോടി രൂപയാണ് ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.
ചിരിയുടെയും ബിസിനസ് വിജയങ്ങളുടെയും മാലപ്പടക്കത്തിനാണ് സിദ്ദിഖും ലാലും ചേര്‍ന്ന് പിന്നീടുള്ള വര്‍ഷങ്ങളില്‍ തീ കൊളുത്തിയത്. 1990 ല്‍ മുകേഷ്, സിദ്ദിഖ്, ജഗദീഷ്, അശോകന് ടീമിനെ നായകരാക്കി ഇന്‍ ഹരിഹര്‍ നഗര്‍. ആ വര്‍ഷത്തെ ഏറ്റവും മികച്ച കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ നാലാം സ്ഥാനത്തെത്തി സിദ്ദിഖ് ലാല്‍ ടീമിന്റെ രണ്ടാം ചിത്രം.

1992 വിയറ്റ്നാം കോളനിയെന്ന സൂപ്പര്‍ ഹിറ്റ്. കൃഷ്ണമൂര്‍ത്തിയായി മോഹന്‍ലാലും കെകെ ജോസഫായി ഇന്നസെന്റും തകര്‍ത്തഭിനയിച്ച കോമഡി ത്രില്ലര്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ സാമ്പത്തിക വിജയമായി.

1994 ല്‍ കാബൂളിവാലയിലൂടെ ബോക്സ് ഓഫീസിനെ ഇളക്കി മറിച്ചു സിദ്ദിഖും ലാലും. കന്നാസും കടലാലും കേരളത്തെ ഇളക്കി മറിച്ചപ്പോള്‍ കൈയില്‍ വന്ന പണം കണ്ട് പ്രൊഡ്യൂസര്‍ തന്നെ ഞെട്ടിയെന്നാണ് കഥ.
1995 ല്‍ റാംജിറാവുവിന്റെ രണ്ടാം ഭാഗമായെത്തിയ മാന്നാര്‍ മത്തായി സ്പീക്കിംഗ് ആദ്യ ഭാഗത്തേക്കാള്‍ വലിയ സാമ്പത്തിക വിജയമായിരുന്നു. പക്ഷേ ഈ സിനിമയോടെ കേരളത്തെ ഏറെ ചിരിപ്പിച്ച സിദ്ദിഖ് ലാല്‍ സംവിധായക കൂട്ടുകെട്ട് പിരിഞ്ഞു.
1996 ല്‍ സിദ്ദിഖ് ചിരിയുമായെത്തി. ഇത്തവണ ലാല്‍ പ്രൊഡ്യൂസറിന്റെ സ്ഥാനത്തായിരുന്നു. ഹിറ്റ്ലര്‍ മാധവന് കുട്ടിയെ കേരളം സ്വന്തം ഏട്ടനായി ഏറ്റെടുത്തു. ഒരു വന്‍ സാമ്പത്തിക വിജയം കൂടി. 300 ദിവസം വരെ ഹിറ്റ്ലര്‍ ഓടിയ തിയേറ്ററുകളുണ്ടായിരുന്നു. തലേ വര്‍ഷം ഇറങ്ങിയ മമ്മൂട്ടിച്ചിത്രമായ ദി കിംഗിന്റെ റെക്കോഡ് ഹിറ്റ്ലര്‍ തകര്‍ത്തു.

1999 ല്‍ സിദ്ദിഖ് കഥയെഴുതി സംവിധാനം ചെയ്ത ഫ്രണ്ട്സ് വീണ്ടും ബോക്സ് ഓഫീസുകളെ പ്രകമ്പനം കൊള്ളിച്ചു. ലാല്‍ തന്നെയായിരുന്നു പ്രൊഡ്യൂസര്‍. 2 കോടി ബജറ്റില്‍ തയാറാക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 11 കോടി രൂപ വാരി.
2003 ല്‍ ക്രോണിക് ബാച്ചിലറിലെത്തിയപ്പോള് സിദ്ദിഖും ലാലും വേര്‍പിരിഞ്ഞു. സിദ്ദിഖിന്റെ സംവിധാനത്തില്‍ ഫാസില്‍ പ്രൊഡ്യൂസ് ചെയ്ത് വിഷുക്കാലത്ത് ഇറങ്ങിയ ചിത്രം മികച്ച ബിസിനസ് ചെയ്ത് സൂപ്പര്‍ ഹിറ്റായി.

ഏതാനും അയല്‍ഭാഷാ ചിത്രങ്ങള്‍ക്കു ശേഷം 2010 ല്‍ ബോഡിഗാര്‍ഡുമായി മലയാളത്തില്‍ തിരിച്ചെത്തി വന്‍ വിജയം ആഘോഷിച്ചു സിദ്ദിഖ്. 4 കോടി മുതല്‍ മുടക്കില്‍ 46 കോടി രൂപയാണ് ചിത്രം നേടിയത്. ജോണി സാഗരികയായിരുന്നു പ്രൊഡ്യൂസര്‍. ഇതേ ചിത്രത്തിന്റെ ഹിന്ദി റീമേക്കും സംവിധാനം ചെയ്തത് സിദ്ദിഖായിരുന്നു. സല്ഡമാന് ഖാനും കരീന കപൂറും നായികാനായകന്മാരായി പുറത്തിറങ്ങിയ ചിത്രം 253 കോടി രൂപ വരുമാനം നേടി. 60 കോടി രൂപയായിരുന്നു ബജറ്റ്.
2015 ല്‍ ആന്റോ ജോസഫ് പ്രൊഡ്യൂസ് ചെയ്ത് മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ സിദ്ദിഖ് ചിത്രം ഭാസ്കര്‍ ദ റാസ്കല്‍ മികച്ച സാമ്പത്തിക വിജയമായിരുന്നു. 6 കോടി രൂപ ബജറ്റിലിറങ്ങിയ ചിത്രം 25 കോടി രൂപ ബോക്സ് ഓഫീസില്‍ നിന്ന് നേടിയെടുത്തു.

2016 ല്‍ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് വീണ്ടും. ദിലീപ് നായകനായി കിംഗ് ലയര്‍ എന്ന ചിത്രം. കഥ സിദ്ദിഖ്, തിരക്കഥ സിദ്ദിഖ് ലാല്‍, സംവിധാനം ലാല്‍. 10.5 കോടിയുടെ ബജറ്റില്‍ 32 കോടി രൂപ കളക്റ്റ് ചെയ്തു കിംഗ് ലയര്‍. എക്കാലവും കൊമേഴ്സ്യല്‍ വിജയങ്ങളുടെ ചേരുവകളും മേമ്പൊടികളും സിദ്ദിഖിന് കാണാപ്പാഠമായിരുന്നു. വളരെ അപൂര്‍വമായി മാത്രമാണ് ബോക്സ് ഓഫീസില്‍ അദ്ദേഹത്തിന് കാലിടറിയിട്ടുള്ളത്. മലയാള സിനിമയിലെ ഒരു കാലഘട്ടമാണ് അദ്ദേഹത്തോടൊപ്പം മണ്മറയുന്നത്.

