Connect with us

Hi, what are you looking for?

Opinion

വളരുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖല…

ഭാരതം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ കൃഷിയുടെ പുരോഗതിയും അനിവാര്യമാണ്

കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ‘കര്‍ഷക വരുമാനം ഇരട്ടിയാക്കല്‍” പദ്ധതി കോവിഡും ആഗോളമാന്ദ്യവും കാരണം ലക്ഷ്യം കൈവരിച്ചില്ലെങ്കിലും നാം ലക്ഷ്യത്തോടടുത്തു കൊണ്ടിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇന്ത്യയിലാകമാനം നടന്നു വരുന്ന പുതിയ റോഡ് നിര്‍മാണം, അതിവേഗ തീവണ്ടികള്‍, അഗ്രി ലോജിസ്റ്റിക്ക് ഇടനാഴി എന്നിവയൊക്കെ ലക്ഷ്യപ്രാപ്തിയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഭാരതം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ കൃഷിയുടെ പുരോഗതിയും അനിവാര്യമാണ്.

ഭക്ഷ്യ സുരക്ഷയും കോവിഡാനന്തര ഭാരതത്തിലെ കാര്‍ഷിക പുരോഗതിയും നമ്മുടെ രാജ്യത്തെ അസൂയാവഹമായ നേട്ടങ്ങളിലേക്കാണ് എത്തിച്ചത്. ‘Lessons learned from India can guide other nations” എന്നാണ് വേള്‍ഡ് ഫുഡ് പ്രോഗ്രാം മുന്‍ ഡയറക്ടര്‍ ഡേവിഡ് ബീസ്ലി പറഞ്ഞത്. ഭക്ഷ്യ സുരക്ഷയുടെ നെടുംതൂണ് ഭക്ഷ്യധാന്യ ഉല്‍പ്പാദനമാണ്. ഇന്ന് നമ്മുടെ ഭക്ഷ്യോല്‍പ്പാദന ലക്ഷ്യം 300 മില്യണ്‍ ടണ്ണിലെത്തി നില്‍ക്കുന്നു. നെല്ല്, ഗോതമ്പ് ഇവയുടെ ഉല്‍പ്പാദനത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനവും ചെറുധാന്യ (millets) ഉല്‍പ്പാദനത്തില്‍ ഒന്നാം സ്ഥാനവും നമുക്കാണ്. ഭക്ഷ്യധാന്യ കയറ്റുമതിയില്‍ നാം പുരോഗതിയുടെ പാതയിലാണ്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക സംബന്ധമായ പല പദ്ധതികളും നിലവില്‍ വന്നു. മിക്കവയും കര്‍ഷകന്റെ ശാക്തീകരണത്തിനും പരമാവധി ലാഭത്തിനും ഇടനിലക്കാരുടെ ഇടപെടലുകള്‍ കുറയ്ക്കാനും ഉദ്ദേശിച്ചുള്ളവയാണ്. ഇന്ത്യ വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുന്ന ഇ-ഗവര്‍ണന്‍സിന്റെയും ഡിജിറ്റലൈസേഷന്റെയും ശക്തമായ പിന്‍ബലത്തോടെയാണ് അതെല്ലാം.

കോവിഡ് ലോകത്തെ ബാധിക്കുമ്പോള്‍ ഇന്ത്യയുടെ ഒന്നാം വിള (kharif) കൊയ്ത്തുകാലം കഴിഞ്ഞിരുന്നു. അതിനാല്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ കോവിഡ് മറ്റു മേഖലകളെ അപേക്ഷിച്ച് താരതമ്യേന കുറച്ചേ ബുദ്ധിമുട്ടിച്ചിരുന്നുള്ളൂ. പക്ഷേ പച്ചക്കറികളെയും ഫലവര്‍ഗങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഒരു താല്‍ക്കാലിക കടാശ്വാസമെന്ന നിലയിലാരംഭിച്ച പിഎം കിസാന്‍ പദ്ധതി മുഖേന ഇതുവരെ 33 കോടി കര്‍ഷകര്‍ക്ക് രണ്ടു ലക്ഷം കോടി രൂപ ധനസഹായമാണ് നല്‍കിയത്.

കോവിഡാനന്തര കാലഘട്ടത്തില്‍, ഭാരതത്തില്‍ ഡിജിറ്റലൈസേഷന്‍ പതിന്മടങ്ങ് വര്‍ദ്ധിച്ചപ്പോള്‍ കാര്‍ഷിക മേഖലയില്‍ വമ്പിച്ച പരിഷ്‌കാരങ്ങളുടെ കാലവുമായിരുന്നു അത്. എല്ലാത്തരം സബ്‌സിഡികളും നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (Direct Benefit Transfer þ DBT) വഴി കര്‍ഷകന് നേരിട്ടു നല്‍കുന്നതിലൂടെ ഇടപാടുകള്‍ സുതാര്യമായി. മറ്റൊരു ചുവടു നീക്കം, പുതുതായി കൊണ്ടുവന്ന നിരവധി വായ്പാപദ്ധതികളാണ്.

കാര്‍ഷികാനുബന്ധ മേഖലകളില്‍ കൂടി കിസാന്‍ക്രെഡിറ്റ് കാര്‍ഡ് പദ്ധതി നടപ്പാക്കിയതിലൂടെ പശുവളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍, ആട്-കോഴി-തേനീച്ച വളര്‍ത്തല്‍ മുതലായ മേഖലകളില്‍ ഉള്ള കര്‍ഷകര്‍ക്കു കൂടി നാലു ശതമാനം പലിശയില്‍ ഹ്രസ്വകാല കാര്‍ഷിക വായ്പ ലഭ്യമാക്കി. ഈ പദ്ധതിയുടെ പ്രചരണം ബാങ്കുകളും അനുബന്ധ സര്‍ക്കാര്‍ വകുപ്പുകളും ഏറ്റെടുത്തതോടെ ധാരാളം ക്യാമ്പുകളിലൂടെ ലക്ഷങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു.

കാര്‍ഷികരംഗംത്ത് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസനത്തിനു വേണ്ടി ആവിഷ്‌കരിച്ച ദേശീയ അഗ്രി ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മുഖേന രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് ക്രെഡിറ്റ് ഗാരന്റിയും, കാപിറ്റല്‍ സബ്‌സിഡിയും, പലിശയിളവും നല്‍കിക്കൊണ്ട് നവസംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട് സര്‍ക്കാര്‍. ഇത് വഴിയുള്ള വായ്പ പ്രധാനമായും കൊയ്ത്തുകാലത്തിന് ശേഷമുള്ള വിവിധ ഘട്ടങ്ങളിലേക്കുള്ള ദീര്‍ഘകാല ഇന്‍വെസ്റ്റ്‌മെന്റ് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ്. പ്രോസസിങ്ങ്, ഗ്രേഡിങ്ങ്, സപ്ലൈ ചെയിന്‍, കോള്‍ഡ് സ്റ്റോറേജ്-വെയര്‍ഹൗസ് സംവിധാനങ്ങള്‍, ലോജിസ്റ്റിക്ക്‌സ്, എന്നിങ്ങനെ.

കര്‍ഷകരുടെയും വിളകളുടെയും വിവരശേഖരണം ഏകീകരിച്ചു കൊണ്ട് കര്‍ഷകന് UID (unique identification number) നല്‍കിക്കൊണ്ട് മൈക്രോസോഫ്റ്റിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന ‘ഏകീകൃത കര്‍ഷക സേവ ഇന്റര്‍ഫേസ്” വഴി രാജ്യത്തെ കാര്‍ഷിക വിവരശേഖരണം പുരോഗമിക്കുന്നു. ജിയോ മാപ്പിങ്ങിലൂടെ മണ്ണിന്റെ ഘടനയും പോഷണസംതുലനവും അറിഞ്ഞു കൊണ്ടു വളം നിര്‍ദ്ദേശിക്കാനും, വിവിധ വിളകളെ വളര്‍ത്താനുള്ള ഉപദേശം നല്‍കാനും സാധിക്കും. 2021 മുതല്‍ 2025 വരെയുള്ള അഞ്ചു വര്‍ഷക്കാലം നടപ്പാക്കേണ്ടുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാരിന്റെ ഡിജിറ്റല്‍ കാര്‍ഷിക ദൗത്യത്തി(Digital Agricultural Mission þ DAM)ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

കര്‍ഷകന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍ – മണ്ണ് പരിശോധന മുതല്‍ വളപ്രയോഗം വരെ, ഉല്‍പ്പാദനം മുതല്‍ മാര്‍ക്കറ്റിങ്ങ് വരെ ഏകീകരിച്ച് കൊണ്ടുള്ള ബൃഹദ് പദ്ധതിയാണ് ഡിഎഎം. കാലാവസ്ഥാ നിര്‍ണയം, സോയില്‍ ഹെല്‍ത്ത് കാര്‍ഡ്, കീട രോഗനിയന്ത്രണം, വളപ്രയോഗം, വിപണനം, ഇവയ്‌ക്കൊക്കെ മൊബീല്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതുള്‍പ്പെടെ ഏകീകൃത പോര്‍ട്ടലുകള്‍ വിവിധ സര്‍ക്കാരുകളുടെ സഹകരണത്തോടെ വിപുലപ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ FRUITS (Farmer Registration and Unified beneficiary Interface System) എന്ന വെബ് അധിഷ്ഠിത പോര്‍ട്ടല്‍ വഴി 90% ന് മേല്‍ കര്‍ഷകരെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. കേരളത്തില്‍ ഈ പ്രവര്‍ത്തനം തുലോം കുറവാണ് എന്നറിയുന്നു.

കര്‍ഷകരുടെ അടിസ്ഥാന വിവരങ്ങള്‍, കൃഷിയിടത്തിന്റെ വിസ്തൃതി, സര്‍വേ നമ്പര്‍, വിളകളുടെ സീസണ്‍ അനുസരിച്ചുള്ള വിവരങ്ങള്‍,
നല്‍കാവുന്ന വായ്പത്തോത്, എടുക്കുന്ന വായ്പയുടെ വിവരങ്ങള്‍, വിള ഇന്‍ഷുറന്‍സ്, എന്നിവയൊക്കെ ഈ പോര്‍ട്ടല്‍ വഴിയായിരിക്കും നടപ്പിലാക്കുക. സബ്‌സിഡിക്കും വായ്പകള്‍ക്കുമുള്ള അപേക്ഷ പ്രോസസ് ചെയ്യുന്നതും ഈ പോര്‍ട്ടല്‍ വഴിയായിരിക്കും. കേന്ദ്രഫണ്ടിങ്ങോടെ അനേകം അഗ്രി സ്റ്റാര്‍ട്ടപ്പുകളാണ് നിലവില്‍ വന്നത്. നിലവില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കില്‍ അഞ്ഞൂറോളം അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിത്തു മുതല്‍ മാര്‍ക്കറ്റു വരെ സേവനം ഓഫര്‍ ചെയ്യുന്നവയും ഇതിലുണ്ട്.

കാര്‍ഷിക വായ്പാ വിതരണത്തില്‍ സര്‍ക്കാരും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ബാങ്കുകളും നബാര്‍ഡും അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ട്. മൊത്തം വായ്പയുടെ 18% എങ്കിലും കാര്‍ഷിക വായ്പയാകണമെന്ന നിഷ്‌കര്‍ഷ പണ്ടുമുതലേ നിലവിലുണ്ട്. ബാങ്കുകള്‍ക്ക് കടന്നു വരാവുന്നതിനുമപ്പുറം കര്‍ഷകന് വായ്പ നല്‍കുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കിക്കൊണ്ട് അനേകം ഫിന്‍ടെക്ക് കമ്പനികളും രൂപീകൃതമായിട്ടുണ്ട്.


കര്‍ഷകന്‍ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി സ്ഥായിയായ മാര്‍ക്കറ്റിന്റെ അഭാവമാണ്. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച e – NAM(electronic National Agriculture Market) രാജ്യത്തെ നിലവിലെ എപിഎംസി (APMC – Agri Produce Marketing Companies) സമന്വയിപ്പിച്ച് വിലയുടെ കാര്യത്തില്‍ സുതാര്യമായ ഏകോപനം ലക്ഷ്യം വെക്കുന്നു.

ഇന്ത്യയിലെ കാര്‍ഷിക മേഖല കാലാവസ്ഥയുടെ കയ്യിലെ കളിപ്പാട്ടമാണ് എന്ന് പറയാറുണ്ട്. ഭാഗ്യവശാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ മൊത്തം ബാധിക്കുന്ന ഒരു കാലാവസ്ഥാ ദുരന്തമുണ്ടായിട്ടില്ല. പക്ഷേ ഇനിയും ഉണ്ടായിക്കൂടെന്നില്ല. കാര്‍ഷിക വിളകള്‍ക്ക് നിര്‍ബന്ധിത ഇന്‍ഷുറന്‍സ് എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ കര്‍ഷകനു വേണ്ടി ആവിഷ്‌കരിച്ച പദ്ധതിയാണ് പിഎം ഫസല്‍ ബീമാ യോജന. പരാമവധി വിളകളെ ഉള്‍പ്പെടുത്തി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ബാങ്കുകളിലൂടെ ഇത് നടപ്പാക്കപ്പെടുന്നുണ്ട്. പ്രീമിയം അടവിന് ഗവണ്‍മെന്റ് സഹായവും ഉണ്ട്. കാലാകാലങ്ങളായി ഭാരതത്തിലെ ഭൂരിഭാഗം കൃഷിയും മഴയെ അടിസ്ഥാനമാക്കി ആണ് പെരുമാറുന്നത്.

കൂടുതല്‍ ഭൂമിയില്‍ ജലസേചനം നടത്താനുള്ള ബൃഹദ് സംരംഭമാണ് പിഎം കൃഷി സിഞ്ചായി യോജന ലക്ഷ്യമിടുന്നത്. നില
വില്‍ 35% കൃഷിക്ക് മാത്രമാണ് ജലസേചന സൗകര്യം ഉള്ളത്. പടിപടിയായി ജലസേചിത കൃഷിയുടെ തോത് വര്‍ദ്ധിപ്പിക്കലാണ് ഇത്തരം പദ്ധതികളുടെഉദ്ദേശ്യം. ഇതിന്റെ പ്രഖ്യാപിത ലക്ഷ്യമാകട്ടെ, ‘ Har Khet Ko Pani’ (എല്ലാവിളയ്ക്കും വെള്ളം) എന്നാണ്. അതോടൊപ്പം ജല സംരക്ഷണം ലക്ഷ്യമിട്ട് ‘More Crop Per Drop ‘ (MCPD) എന്ന പദ്ധതിയും നിലവിലുണ്ട്. സര്‍ക്കാര്‍ നടപ്പാക്കുന്ന നദീസംയോജന പദ്ധതി, അര്‍ബന്‍ വെയ്സ്റ്റ് വാട്ടര്‍ റീസൈക്ലിംഗ് പദ്ധതിയൊക്കെ കൂടുതല്‍ ജലസേചനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളവയാണ്.

ബാംഗ്ലൂര്‍ നഗരത്തിലെ മലിനജലം ശുദ്ധീകരിച്ച ശേഷം വെള്ളലഭ്യത കുറഞ്ഞ അയല്‍പ്രദേശമായ കോലാറില്‍ ഒഴുക്കി കൃഷിയും, അവിടത്തെ ഭൂഗര്‍ഭ ജല റീചാര്‍ജിങ്ങും വര്‍ദ്ധിപ്പിക്കുവാനുള്ള പദ്ധതി ഞാന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്. കര്‍ണാടകയുടെ പച്ചക്കറി ഹബ്ബ് ആണ് കോലാര്‍.

കര്‍ഷകര്‍ക്ക് കൂടുതല്‍ വിപണന സ്വാതന്ത്ര്യം നല്‍കുമെന്ന് പറഞ്ഞിരുന്ന കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ ചില കര്‍ഷക സംഘടനകളുടെയും എപിഎംസി ഭരണസമിതികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നിരന്തര പ്രക്ഷോഭങ്ങളെ തുടര്‍ന്ന് പിന്‍വലിക്കയുണ്ടായല്ലോ.

എന്നാലും കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായ ‘കര്‍ഷക വരുമാനം ഇരട്ടിയാക്കല്‍” പദ്ധതി കോവിഡും ആഗോളമാന്ദ്യവും കാരണം ലക്ഷ്യം കൈവരിച്ചില്ലെങ്കിലും നാം ലക്ഷ്യത്തോടടുത്തു കൊണ്ടിരിക്കുന്നു എന്ന് വേണം കരുതാന്‍. ഇന്ത്യയിലാകമാനം നടന്നു വരുന്ന പുതിയ റോഡ് നിര്‍മാണം, അതിവേഗ തീവണ്ടികള്‍, അഗ്രി ലോജിസ്റ്റിക്ക് ഇടനാഴി എന്നിവയൊക്കെ ലക്ഷ്യപ്രാപ്തിയെ സഹായിക്കുന്ന ഘടകങ്ങളാണ്. ഭാരതം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ കൃഷിയുടെ പുരോഗതിയും അനിവാര്യമാണ്.

1 Comment

1 Comment

  1. Kishore Kumar K

    6 September 2023 at 17:02

    Congratulations 👏👏. Remarkable achievement. Please continue to write and that in this style because it appeals to the farmer and that is Paramount. Kudos🌹🌹

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

Business & Corporates

സംശുദ്ധസ്വര്‍ണത്തിന്റെ മുദ്രണം പോലെ 916 പൊലിമയുള്ള ഒരു മനുഷ്യസ്‌നേഹി, അതാണ് കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍

Mutual Funds

എന്തെല്ലാം ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം, ഏതെല്ലാം മേഖലകളില്‍ നിക്ഷേപിക്കണം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും അഹല്യ ഫിന്‍ഫോറെക്സ് മാനേജിങ് ഡയറക്റ്ററുമായ എന്‍ ഭുവനേന്ദ്രന്‍

Entrepreneurship

ഒരു സംരംഭം വിജയകരമാക്കാന്‍, വ്യത്യസ്തമായ മനസ്സിന്റെ ശക്തിയും മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളും സമന്വയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണ്. അതിനാല്‍ തന്റെ സംരംഭത്തില്‍ വിജയിച്ച ഒരു സംരംഭകനെ ഏറ്റവും ഉയര്‍ന്ന ഇന്റലിജന്‍സ് ഉള്ള ഒരാളായി കണക്കാക്കാം. എന്താണ്...

News

കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി