യുഎസിലെ വിജയം നേടിയ 100 സ്ത്രീകളുടെ പട്ടിക ഫോബ്‌സ് പുറത്തുവിട്ടപ്പോള്‍ നാല് ഇന്ത്യന്‍ അമേരിക്കന്‍ വനിതാ സംരംഭകര്‍ അതില്‍ ഇടം പിടിച്ചു. ഇന്ദ്ര നൂയി, നേഹ നര്‍ഖഡെ, ജയശ്രീ ഉള്ളാല്‍, നീര്‍ജ സേത്തി എന്നിവരാണ് ഫോബ്സ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വംശജരായ സെല്‍ഫ് മെയ്ഡ് സംരംഭകര്‍.
ഇന്ദ്ര നൂയി
1955 ഒക്ടോബര്‍ 28-ന് ജനിച്ച ഇന്ദ്ര നൂയി പെപ്‌സികോയുടെ ചെയര്‍പേഴ്‌സണും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സിഇഒ) ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ നൂയി സ്ഥിരം മുഖമാണ്. തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തില്‍ ഒരു തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച അവര്‍ 2014-ല്‍ ഫോബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ 13-ാം സ്ഥാനത്തെത്തിയിരുന്നു. നിലവില്‍ റാങ്ക് 77.

ജയശ്രീ ഉള്ളാല്‍
1961 മാര്‍ച്ച് 27 ന് ലണ്ടനിലെ ഒരു ഹിന്ദു കുടുംബത്തിലാണ് ജയശ്രീ ഉള്ളാല്‍ ജനിച്ചത്. ക്ലൗഡ് നെറ്റ്വര്‍ക്കിംഗ് കമ്പനിയായ അരിസ്റ്റ നെറ്റ്വര്‍ക്കിന്റെ പ്രസിഡന്റും സിഇഒയും ബ്രിട്ടീഷ്-അമേരിക്കന്‍ ബിസിനസുകാരിയുമാണ്. പട്ടികയില്‍ 15-ാം സ്ഥാനത്തെത്തിയ ജയശ്രീ ഉള്ളാല്‍ ഏറ്റവും മികച്ച റാങ്കിംഗ് ലഭിച്ച ഇന്ത്യന്‍ അമേരിക്കന്‍ വനിതയാണ്.
നീര്‍ജ സേഥി
നീര്‍ജ സേഥി തന്റെ ഭര്‍ത്താവ് ഭരത് ദേശായിയുമായി ചേര്‍ന്ന് 1980-ല്‍ മിഷിഗനിലെ ട്രോയിയില്‍ ഐടി കണ്‍സള്‍ട്ടിംഗ് ആന്‍ഡ് ഔട്ട്‌സോഴ്‌സിംഗ് സ്ഥാപനമായ സിന്റല്‍ സ്ഥാപിച്ചു. ഇത് ഫ്രഞ്ച് ഐടി സ്ഥാപനമായ ആറ്റോസ് എസ്ഇയെ 2018 ഒക്ടോബറില്‍ 3.4 ബില്യണ്‍ ഡോളറിന് വാങ്ങി. ഐടി കണ്‍സള്‍ട്ടിംഗ്, ഔട്ട്‌സോഴ്‌സിംഗ് ബിസിനസില്‍ നിന്ന് ഉടലെടുത്ത 990 മില്യണ്‍ ഡോളര്‍ ആസ്തിയുമായി നീര്‍ജ സേഥി 25-ാം സ്ഥാനത്താണ്.
നേഹ നര്‍ഖഡെ
ഇന്ത്യന്‍ അമേരിക്കന്‍ ടെക്‌നോളജി സംരംഭകയും സ്ട്രീമിംഗ് ഡാറ്റാ ടെക്‌നോളജി കമ്പനിയായ കണ്‍ഫ്‌ളൂയന്റെ സഹസ്ഥാപകയും മുന്‍ ചീഫ് ടെക്‌നോളജി ഓഫീസറുമാണ് (സിടിഒ) നേഹ നര്‍ഖഡെ. 38 കാരിയായ നേഹ നര്‍ഖഡെ, അപ്പാച്ചെ കാഫ്ക എന്ന ഓപ്പണ്‍ സോഴ്‌സ് സോഫ്‌റ്റ്വെയര്‍ പ്ലാറ്റ്‌ഫോമിന്റെ സഹനിര്‍മാതാവാണ്.

