ഡ്രോണ്‍ പൈലറ്റ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഡ്രോണ്‍ പൈലറ്റുമാര്‍ക്കുളള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ഡ്രോണ്‍ (അമെന്റ്മെന്റ്) റൂള്‍സ് 2023 പ്രഖ്യാപിച്ചു. ഇന്ത്യയിലൂടനീളമുള്ള ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും വേണ്ടിയാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഡ്രോണ്‍ പൈലറ്റുമാര്‍ക്കുള്ള നിര്‍ബന്ധിത പാസ്പോര്‍ട്ട് എടുത്തു കളഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മാറ്റം.
മുമ്പ് റിമോര്‍ട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് പാസ്പോര്‍ട്ട് അത്യന്താപേക്ഷിതമായിരുന്നു. ഗ്രാമ പ്രദേശങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് കര്‍ഷക കുടുംബങ്ങളില്‍ നിന്ന് വരുന്നവര്‍ക്കൊക്കെ ഇത് വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ഇതെല്ലാം പരിഹരിക്കുന്നതിന് പാസ്പോര്‍ട്ടിന് പകരം, ഗവണ്‍മെന്റ് ഇഷ്യൂഡ് ഐഡെന്റിറ്റി പ്രൂഫും അഡ്രസ് പ്രൂഫും സമര്‍പ്പിച്ചാല്‍ മതിയെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റിമോട്ട് പൈലറ്റ് സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നവര്‍ വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ പ്രൂഫുകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും.
രാജ്യത്തുടനീളം ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും 2030 ആകുമ്പോഴേക്കും, ഇന്ത്യയെ ആഗോള ഡ്രോണ്‍ ഹബ്ബാക്കി മാറ്റുന്നതിനും വേണ്ടിയാണ് ഈ പ്രയത്നമെന്നും മന്ത്രാലയത്തില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

