പ്രമുഖ ജൂവല്‍റി റീട്ടെയ്ല്‍ ശൃംഖലയായ ജോയ് ആലുക്കാസ് 2024 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോഴേക്കും 25,000 കോടി രൂപ വരുമാനമുണ്ടാക്കാന്‍ പദ്ധതിയിടുന്നു.
വാര്‍ഷികാടിസ്ഥാനത്തിലുള്ള വരുമാനത്തില്‍ 20 ശതമാനത്തിന്റെ വളര്‍ച്ചയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് ജോയ്ആലുക്കാസ് ഇന്ത്യയുടെ ചെയര്‍മാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. വാര്‍ഷിക വരുമാനം 2024 സാമ്പത്തിക വര്‍ഷമാകുമ്പോഴേക്കും 25,000 കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ നിന്ന് മാത്രം 17,500 കോടി രൂപ വരുമാനം നേടാനാണ് ജോയ്ആലുക്കാസ് ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഈ വര്‍ഷം 1,100 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭമാണ് ജോയ്ആലുക്കാസ് ലക്ഷ്യമിടുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം 6,926 കോടി രൂപയായിരുന്നു. ഇത് 2024 സാമ്പത്തിക വര്‍ഷമാകുമ്പോള്‍ 7,500 കോടി രൂപയായി ഉയര്‍ത്താനും തൃശൂര്‍ ആസ്ഥാനമായ ജൂവല്‍റി ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.
കമ്പനിയുടെ മൊത്തം ബിസിനസിലേക്ക് 70 ശതമാനം സംഭാവന ചെയ്യുന്നത് ഇന്ത്യയും 30 ശതമാനം അന്താരാഷ്ട്ര വിപണികളുമാണ്.
ഇന്ത്യയിലും വിദേശത്തുമായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 40 പുതിയ സ്റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി ആലുക്കാസ് പറഞ്ഞു. 30 സ്റ്റോറുകള്‍ ഇന്ത്യയിലും 10 എണ്ണം വിദേശത്തും തുറക്കാനാണ് ഉദ്ദേശിക്കുന്നത്.
വിദേശത്ത് കാനഡയിലും സിഡ്നിയിലും രംഗപ്രവേശം ചെയ്യാന്‍ കമ്പനി ശ്രമിക്കും. ഇന്ത്യയില്‍ മഹാരാഷ്ട്രയിലും ഉത്തര്‍ പ്രദേശിലും പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ജോയ്ആലുക്കാസ് ഉദ്ദേശിക്കുന്നത്.
സ്റ്റോറുകളുടെ വിപുലീകരണത്തിന് മാത്രം 2,400 കോടി രൂപ നിക്ഷേപിക്കാനാണ് ജോയ്ആലുക്കാസ് പദ്ധതിയിടുന്നത്.

