അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യയില്‍ 933 കോടി രൂപ നിക്ഷേപിക്കാന്‍ പ്രമുഖ ഫ്രഞ്ച് സ്പോര്‍ട്സ് ഗുഡ്സ് ബ്രാന്‍ഡായ ഡിക്കാത്ത്ലോണ്‍. കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളില്‍ സ്റ്റോറുകള്‍ ആരംഭിച്ച് സാന്നിധ്യം വര്‍ധിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 90 നഗരങ്ങളിലായി 190 ഷോപ്പുകളെന്ന ലക്ഷ്യമാണ് ഡിക്കാത്ത്ലോണിന് മുന്നിലുള്ളത്. നിലവില്‍ 50 നഗരങ്ങളിലായി 127 ഷോപ്പുകളാണ് ബ്രാന്‍ഡിനുള്ളത്. അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ ബിസിനസ് ഇരട്ടിയാക്കാനാണ് ഡിക്കാത്ത്ലോണ്‍ പദ്ധതിയിട്ടിരിക്കുന്നത്.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍, ആപ്പുകള്‍, വെബ്സൈറ്റുകള്‍ എന്നിവയില്‍ നിക്ഷേപം നടത്താനുള്ള പദ്ധതിയെക്കുറിച്ച് ഡിക്കാത്ത്ലോണ്‍ ഇന്ത്യ സിഇഒ ശങ്കര്‍ ചാറ്റര്‍ജി വിശദമാക്കി.
‘ഇന്ത്യയില്‍ കരുത്തുറ്റ വളര്‍ച്ചാ സാധ്യത ഞങ്ങള്‍ക്കുണ്ടെന്നാണ് വിലയിരുത്തുന്നത്. ഞങ്ങളെ സംബന്ധിച്ച് പ്രാധാന്യമുള്ള രാജ്യമാണ് ഇന്ത്യ. നാല് വ്യത്യസ്ത മേഖലകളിലായി അടുത്ത അഞ്ച് വര്‍ഷത്തിനിടെ 100 മില്യണ്‍ യൂറോ നിക്ഷേപിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്,’ ശങ്കര്‍ ചാറ്റര്‍ജി പറഞ്ഞു.
മേക്ക് ഇന്‍ ഇന്ത്യ അടിസ്ഥാനമാക്കി ഉല്‍പ്പന്നങ്ങളിലും കൂടുതല്‍ വൈവിധ്യം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. നിലവില്‍ 68% ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ നിര്‍മിതമാണ്. 2026 ഓടെ ഇത് 85 ശതമാനത്തിലേക്ക് ഉയര്‍ത്താനാണ് ലക്ഷ്യം. ആഗോള തലത്തില്‍ ഡിക്കാത്ത്ലോണിന്റെ 8% ഉല്‍പ്പന്നങ്ങളാണ് ഇന്ത്യന്‍ നിര്‍മിതം.

