വാഹനങ്ങളില്‍ പെട്രോളിന് പകരം ഹൈഡ്രജന്‍ ഉപയോഗിച്ച് പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ഭാഗമായി മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ ഹൈസ്പീഡ് ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധന പമ്പ് തുറന്നു.
അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) ആണ് പമ്പ് തുറന്നത്.
ഇഷ്ടം പോലെ പെട്രോളിയം ഉള്ള മിഡില്‍ ഈസ്റ്റില്‍ എന്തിനാണ് ഒരു ഹൈഡ്രജന്‍ പമ്പ്?
ആഗോള താപനം കുറക്കുന്നതിന്റെ ഭാഗമായി ഹരിത ഇന്ധനത്തിലേക്ക് യുഎഇ മാറുന്നതിന് മുന്നോടിയായാണ് പമ്പ് തുറന്നിരിക്കുന്നത്.
എച്ച്2ഗോ എന്നാണ് മസ്ദാറില്‍ തുറന്ന പമ്പിന്റെ പേര്. അഡ്നോക് ഡിസ്ട്രിബ്യൂഷന്റെ കീഴിലാണ് പമ്പ് പ്രവര്‍ത്തിക്കുക.
സീറോ എമിഷന്‍ ഹൈഡ്രജന്‍ പവേര്‍ഡ് വാഹനങ്ങളിലാണ് എച്ച്2ഗോ പൈലറ്റ് പ്രൊജക്റ്റ് പരീക്ഷിക്കുക. ഗ്രിഡ് വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോലൈസര്‍ ഉപയോഗിച്ച് വെള്ളത്തില്‍ നിന്ന് ഹരിത ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുകയാണ് അഡ്നോക് ചെയ്യുക. പൈലറ്റ് സ്റ്റേഷനില്‍ ഉത്പാദിപ്പിക്കുന്ന ഹൈഡ്രജന്‍ ഹരിത ഹൈഡ്രജന്‍ ആയി ഇന്റര്‍നാഷണല്‍ ആര്‍ഇസി സ്റ്റാന്‍ഡേര്‍ഡ് സാക്ഷ്യപ്പെടുത്തും.
ഹൈഡ്രജന്‍ ഉപയോഗം കഴിഞ്ഞാല്‍ ഒരിക്കലും കാര്‍ബണ്‍ ഡയോക്സൈഡ് ഉത്പാദിപ്പിക്കില്ല. അത് കൊണ്ട് തന്നെ, ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുമ്പോള്‍ മുതല്‍ അതിന്റെ ഉപയോഗം കഴിയുന്നത് വരെ,
അന്തരീക്ഷത്തിലേക്ക് കാര്‍ബണ്‍ പുറത്ത് വിടുകയുമില്ല.
2030 ആകുമ്പോഴേക്കും കാര്‍ബണിന്റെ പുറംതളളല്‍ 25 ശതമാനം കുറക്കുന്നത് ലക്ഷ്യമിട്ട് ഡീകാര്‍ബണൈസേഷന്‍ ടെക്നോളജീസ് വികസിപ്പിക്കുന്നതിന് അഡ്നോക് 1,500 കോടി ഡോളര്‍ നീക്കിവെച്ചിട്ടുണ്ട്. 2045 ആകുമ്പോഴേക്കും കാര്‍ബണ്‍ പുറംതളളല്‍ പൂര്‍ണ്ണമായും ഇല്ലാതാക്കാനും ലക്ഷ്യമിടുന്നു.

