2000 രൂപ നോട്ടുകള്‍ തിരികെ ബാങ്കില്‍ നിക്ഷേപിക്കുകയോ മാറ്റിവാങ്ങുകയോ ചെയ്യുന്നതിന് ഇനി രണ്ട് ദിവസം മാത്രമാണ് ശേഷിക്കുന്നത്. സെപ്റ്റംബര്‍ 30 ന് ശേഷം 2000 രൂപ നോട്ടുകള്‍ സ്വീകരിക്കുമെന്ന അറിയിപ്പൊന്നും ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ആര്‍ബിഐ അച്ചടിച്ചിറക്കിയ ഭൂരിഭാഗം 2000 രൂപ നോട്ടുകളും ഇതിനകം ആളുകള്‍ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്.
ഓഗസ്റ്റ് 31 വരെ ബാങ്കുകളിലേക്ക് തിരികെയെത്തിയ 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.32 ലക്ഷം കോടി രൂപയാണെന്നാണ് സെപ്റ്റംബര്‍ 1ന് ആര്‍ബിഐ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 31 ലെ കണക്കനുസരിച്ച് 0.24 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ മാത്രമാണ് പ്രചാരത്തില്‍ ഉണ്ടായിരുന്നത്.
പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 93 ശതമാനവും സെപ്റ്റംബര്‍ ഒന്നോടെ ബാങ്കുകളില്‍ തിരിച്ചെത്തിക്കഴിഞ്ഞു. സെപ്റ്റംബറില്‍ കുറച്ച് നോട്ടുകള്‍ കൂടി നിക്ഷേപിക്കപ്പെട്ടിരിക്കാം. ഒക്റ്റോബര്‍ 1ന് ആര്‍ബിഐ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടേക്കും.
നോട്ടുകള്‍ നിയമപരമായി അസാധുവാകുന്ന തിയതി ആര്‍ബിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 90 ശതമാനത്തിലേറെ നോട്ടുകള്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ നോട്ടുകള്‍ അസാധുവാകുന്ന തിയതി റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കാനാണ് സാധ്യത.

