ടാറ്റ മോട്ടേഴ്സിന്റെ അഭിമാന ഏറ്റെടുക്കലുകളിലൊന്നായിരുന്നു 2008 ല്‍ നടന്ന ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റേത്. ലോകത്തെ ഏറ്റവും വില കുറഞ്ഞ കാറായ നാനോ പുറത്തിറക്കിയ അതേ വര്‍ഷമാണ് ഏറ്റവും ആഡംബര ബ്രാന്‍ഡുകളിലിടമുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കമ്പനി ഫോഡില്‍ നിന്ന് സ്വന്തമാക്കിയത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ഏറ്റെടുക്കല്‍ രതന് ടാറ്റയെ സംബന്ധിച്ച് ഒരു ബിസിനസ് മാത്രമായിരുന്നില്ല എന്നതാണ് വാസ്തവം. ഇതൊരു മധുര പ്രതികാരം കൂടിയായിരുന്നു. ഒരിക്കല്‍ അവഹേളിച്ചു വിട്ട കമ്പനിയുടെ പ്രധാന ഡിവിഷന് തന്നെ വിലപറഞ്ഞ് കൈക്കലാക്കുകയായിരുന്നു രതന് ടാറ്റ.
1999-ല്‍, രത്തന്‍ ടാറ്റയും സംഘവും ഫോര്‍ഡിന് മുന്നില്‍ സഹായമഭ്യര്‍ത്ഥിച്ചെത്തി. കാര്‍ നിര്‍മാണത്തിലേക്കിറങ്ങിയ ടാറ്റ കനത്ത തിരിച്ചടി നേരിട്ട കാലമായിരുന്നു അത്. അടുത്തിടെ ഇറക്കിയ ഹാച്ച് ബാക്കായ ടാറ്റ ഇന്‍ഡിക്ക വന്‍ നഷ്ടമായി. പാസഞ്ചര്‍ കാര്‍ ബിസിനസ് ഫോര്‍ഡിന് വില്‍ക്കാനാണ് ഡെട്രോയിറ്റിലെത്തി രതന് ടാറ്റ ഫോഡ് ടീമിനെ കണ്ടത്. എന്നാല്‍ വളരെ മോശം പ്രതികരണമാണ് നേരിടേണ്ടി വന്നത്.
ഫോര്‍ഡ് പ്രതിനിധികള്‍ ടാറ്റയുടെ വൈദഗ്ധ്യത്തെ ചോദ്യം ചെയ്യുകയും അവര്‍ എന്തിനാണ് പാസഞ്ചര്‍ കാര്‍ ഡിവിഷനിലേക്ക് ഇറങ്ങിയതെന്ന് പോലും പരിഹസിക്കുകയും ചെയ്തു. കാര്‍ ഡിവിഷന് വാങ്ങാന്‍ തങ്ങള്‍ തയാറാണെന്നും എന്നാല്‍ ഇത് ടാറ്റക്ക് ചെയ്യുന്ന ഒരു ഉപകാരം മാത്രമാണെന്നും അപഹാസം നീണ്ടു. ഇതോടെ രതന് കസേരയില്‍ നിന്ന് എഴുനേറ്റു. ഇത്ര അപമാനം സഹിച്ച്ാകാര്‍ കമ്പനി വില്‍ക്കുന്നില്ലെന്ന് അദ്ദേഹം തീരുമാനിച്ചുറപ്പിച്ചിരുന്നു. അപമാനം രതന്റെ മനസില്‍ കനലുകളായി ചുട്ടുപഴുത്തു കിടന്നു. കാര്‍ ബ്രാന്‍ഡില്‍ ദൃഢനിശ്ചയത്തോടെ പ്രവര്‍ത്തിക്കാന്‍ ഇത് അദ്ദേഹത്തിനെ ദിവസവും പ്രേരിപ്പിച്ചു.
1989-ല്‍ ഫോര്‍ഡ് ജാഗ്വാറിനെ 2.5 ബില്യണ്‍ ഡോളറിന് സ്വന്തമാക്കി. 2000-ല്‍ 2.7 ബില്യണ്‍ ഡോളറിന് ലാന്‍ഡ് റോവറിനെയും ഫോര്‍ഡ് ഏറ്റെടുത്തു. ഈ ആഡംബര ബ്രാന്‍ഡുകള്‍ എന്നാല്‍ വൈകാതെ ഫോഡിന് തലവേദനയായി മാറി. ബ്രാന്‍ഡുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ഫോര്‍ഡിന്റെ ശ്രമങ്ങള്‍ സാമ്പത്തിക നഷ്ടം, കടുത്ത മത്സരം, ഗുണനിലവാര പ്രശ്നങ്ങള്‍ എന്നിവയാല്‍ തകര്‍ന്നു.
2008-ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടായപ്പോള്‍, ഫോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ചു. ഇത് കമ്പനിയെ പാപ്പരത്തത്തിന്റെ വക്കിലേക്ക് തള്ളിവിട്ടു. ഈ പ്രക്ഷുബ്ധതയ്ക്കിടയില്‍ രത്തന്‍ ടാറ്റ തന്റെ പ്രതികാരം തീര്‍ക്കാന്‍ കിട്ടിയ അവസരം മുതലെടുത്തു. 2.3 ബില്യണ്‍ ഡോളറിന് ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ടാറ്റ ഫോര്‍ഡില്‍ നിന്ന് ഏറ്റെടുത്തു. ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് പുച്ഛിച്ചു തള്ളിയ രത്തന്‍ ടാറ്റയ്ക്ക് കമ്പനി വില്‍ക്കേണ്ടി വന്നു.
ഏറ്റെടുക്കല്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു അക്കാലത്ത്, രണ്ട് ബ്രാന്‍ഡുകളും കാലഹരണപ്പെട്ട ഡിസൈനുകളും കാര്യക്ഷമമല്ലാത്ത എഞ്ചിനുകളും ഉപയോഗിച്ച് അതിവേഗം വികസിക്കുന്ന വിപണിയില്‍ പോരാടുകയായിരുന്നു. വെറും വാശിയില്‍ അവസാനിപ്പിക്കാനായിരുന്നില്ല രതന് ടാറ്റയുടെ ഉദ്ദേശ്യം. ജാഗ്വാറിന്റെയും ലാന്‍ഡ് റോവറിന്റെയും പഴയകാല പ്രതാപം വീണ്ടെടുക്കുന്നതിലാണ് ടാറ്റ പിന്നീട് ശ്രദ്ധ ചെലുത്തിയത്. വരവ് മെച്ചപ്പെടുത്തല്‍, ചെലവ് നിയന്ത്രണം, പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കല്‍ എന്നിവയില്‍ കമ്പനി ശ്രദ്ധ ചെലുത്തി.
ജാഗ്വാറും ലാന്‍ഡ് റോവറും ടാറ്റ ഏറ്റെടുക്കുന്നത് പലരും സംശയത്തോടെയാണ് കണ്ടത്. ബ്രാന്‍ഡുകളുടെ നിലവാരം നിലനിര്‍ത്താനുള്ള ടാറ്റയുടെ കഴിവിനെ വിമര്‍ശകര്‍ സംശയിച്ചു.
എന്നിരുന്നാലും, രത്തന്‍ ടാറ്റയുടെ നിശ്ചയദാര്‍ഢ്യവും തന്ത്രപരമായ മിടുക്കും ഫലം കണ്ടുതുടങ്ങി. ചെലവ് കുറയ്ക്കല്‍, കാര്യക്ഷമത വര്‍ദ്ധിപ്പിക്കല്‍, ഉല്‍പ്പന്ന നവീകരണം എന്നിവയില്‍ ടാറ്റ മോട്ടോഴ്സിന്റെ ശ്രദ്ധ വിജയത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങി. ആഡംബര കാറുകളില്‍ നിന്ന് ലക്ഷ്വറി എസ്യുവികളിലേക്കുള്ള ഉപഭോക്തൃ പരിവര്‍ത്തനവും ടാറ്റക്ക് ഇക്കാലത്ത് ഗുണകരമായി. 2009 ഡിസംബര്‍ 31-ന് അവസാനിച്ച പാദത്തില്‍ 90.6 ദശലക്ഷം ഡോളര്‍ അറ്റാദായം നേടി കമ്പനി ലാഭത്തിലായി.
അപമാനത്തില്‍ നിന്ന് വിജയത്തിലേക്കുള്ള രത്തന്‍ ടാറ്റയുടെ യാത്ര അദ്ദേഹത്തിന്റെ അചഞ്ചലമായ നിശ്ചയദാര്‍ഢ്യത്തിന്റെയും തന്ത്രപരമായ മിടുക്കിന്റെയും തെളിവാണ്. ജാഗ്വാറിന്റെയും ലാന്‍ഡ് റോവറിന്റെയും ഏറ്റെടുക്കല്‍ വെറുമൊരു ബിസിനസ് ഇടപാടായിരുന്നില്ല; വീണ്ടെടുപ്പിന്റെയും കാഴ്ചപ്പാടിന്റെയും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുന്നതിന്റെയും കഥയായിരുന്നു അത്.

