കേരളത്തിലെ ഏറ്റവും വലിയ ഓഫീസ് സമുച്ചയമായ ‘നിപ്പോണ്‍ ക്യു വണ്‍’ കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ 3ഡി എല്‍ഇഡി വാള്‍ കൊച്ചി നിപ്പോണ്‍ ക്യു വണ്‍ സമുച്ചയത്തിന്റെ പ്രത്യേകതയാണ്.
കൊച്ചിയില്‍ പാലാരിവട്ടം ബൈപാസില്‍ മെഡിക്കല്‍ സെന്ററിനുസമീപം അഞ്ച് ലക്ഷത്തിലേറെ ചതുരശ്രയടി വിസ്തീര്‍ണമുള്ള നിപ്പോണ്‍ ക്യു വണ്‍ ഓഫീസ് സമുച്ചയം സജ്ജമാക്കിയിരിക്കുന്നത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ നിപ്പോണ്‍ ഗ്രൂപ്പാണ് 350 കോടി രൂപ ചെലവില്‍ സമുച്ചയം നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് ഉല്‍ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. വ്യവസായമന്ത്രി പി രാജീവ് മന്ദിരം ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ തൊഴിലിടമായി കേരളത്തെ മാറ്റാനുള്ള ശ്രമത്തില്‍ ക്യു വണ്‍ സമുച്ചയം മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി പറഞ്ഞു.
അമേരിക്കയിലെ ടൈംസ് സ്‌ക്വയറിലും മറ്റും ഉള്ളതിന് സമാനമായ, ഇന്ത്യയിലെ ഏറ്റവും വലിയ ത്രീഡി എല്‍ഇഡി വാളും ഇവിടെ ഒരുക്കിയിട്ടുണ്ട്. 3500 ചതുരശ്രയടി വലിപ്പമുള്ള എല്‍ഇഡി വാളില്‍ പരസ്യങ്ങളും മറ്റും സംപ്രേഷണം ചെയ്യും.
പതിനഞ്ച് നിലകളുള്ള കെട്ടിടത്തില്‍ രണ്ട് ലക്ഷം ചതുരശ്രയടിയില്‍ ഓഫീസ് സാകര്യം ഒരുക്കിയിരിക്കുന്നു. ഇരുപതോളം വന്‍കിട കമ്പനികള്‍ ഇവിടെ സ്ഥലം ഉറപ്പിച്ചുകഴിഞ്ഞു. 500 കാറുകള്‍ പാര്‍ക്ക് ചെയ്യാം. രണ്ട് ലക്ഷം ചതുരശ്രയടി വലിപ്പത്തില്‍ റീട്ടെയ്ല്‍ ഷോപ്പിങ് മാളും ഉണ്ടാകും. 3000 പേര്‍ക്ക് തൊഴില്‍ ലഭ്യമാകുമെന്നാണ് നിപ്പോണ്‍ ഗ്രൂപ്പ് അവകാശപ്പെടുന്നത്.
നിപ്പോണ്‍ ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എംഎഎം ബാബു മൂപ്പന്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ഉമ തോമസ്, ടി ജെ വിനോദ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണന്‍, ഡിഡിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, നിപ്പോണ്‍ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്സണ്‍ സെബ ബാബു മൂപ്പന്‍, നിപ്പോണ്‍ ഗ്രൂപ്പ് ഡയറക്ടര്‍മാരായ ആതിഫ് മൂപ്പന്‍, നയീം ഷാഹുല്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

