അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ തയാറെടുക്കുകയാണ് ഇന്ത്യന്‍ വംശജനായ യുവ സംരംഭകന് വിവേക് രാമസ്വാമി. ഡൊണാള്‍ഡ് ട്രംപും റോണ്‍ ഡിസാന്റിസും ഇന്ത്യന്‍ വംശജയായ നിക്കി ഹേലിയുമൊക്കെ സ്ഥാനാര്‍ത്ഥിത്വത്തിനായി പൊരുതുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏറ്റവും ഇളമുറക്കാരനാണ് 38 കാരനായ വിവേക്. വിവേകിന്റെ പ്രചരണത്തിനാവശ്യമായ തുക കണ്ടെത്താന്‍ സിലിക്കണ്‍വാലി സംരംഭക സുഹൃത്തുക്കള്‍ ചേര്‍ന്ന് ശ്രമം നടത്തുകയാണ്.
വിവേകിനൊപ്പം ഒരു ഇന്റിമേറ്റ് ഡിന്നറിന് ഇപ്പോള്‍ സംഭാവന നല്‍കുന്നവര്‍ക്ക് അവസരമൊരുക്കിയിരിക്കുകയാണ് ഇപ്പോള്‍ സുഹൃത്തുക്കള്‍. വിവേകിനോടൊപ്പമിരുന്ന് അത്താഴം കഴിക്കാനും ഒപ്പം ആശയവിനിമയം നടത്താനുമുള്ള അവസരത്തിനായി ചെലവിടേണ്ട അടിസ്ഥാന തുക 50000 ഡോളര്‍ അഥവാ ഏകദേശം 40 ലക്ഷം രൂപയാണ്. ഒരു ദശലക്ഷം ഡോളര്‍ ഈ പരിപാടിയിലൂടെ വിവേകിന്റെ പ്രചരണത്തിനായി കണ്ടെത്തുകയാണ് ലക്ഷ്യം.
സോഷ്യല്‍ കാപ്പിറ്റല്‍ സിഇഒ ചമത് പിലിഹപിതിയയുടെ സാന്‍ഫ്രാന്‍സിസ്കോ ഏരിയയിലുള്ള വസതിയിലാണ് ഡിന്നര്‍ വിത്ത് വിവേക് നടക്കുക.
വെഞ്ച്വര്‍ കാപ്പിറ്റലിസ്റ്റായ ഡേവിഡ് സാക്സ്, അലിമീറ്റര് കാപ്പിറ്റലിന്റെ ബ്രാഡ് ജേര്സ്റ്റ്നര്, ക്രിപ്റ്റോ നിക്ഷേപകരായ മാറ്റ് ഹുവാങ്ങ്, കേറ്റി ഹൗണ്‍ എന്നിവരും ആതിഥേയരായി പങ്കെടുക്കും. യുഎസിലേക്ക് കുടിയേറിയ ഇന്ത്യന്‍ വംശജരായ മാതാപിതാക്കളുടെ മകനായി സിന്‍സിനാറ്റിയിലാണ് വിവേക് ജനിച്ചത്. 500 ദശലക്ഷം ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്.

