ഇനി മുതല്‍ വന്ദേ ഭാരത് എക്സ്പ്രസ്സ് ഗുരുവായൂര്‍-രാമശ്വരം റൂട്ടില്‍ വരുമെന്ന് സാധ്യതാ പഠന റിപ്പോര്‍ട്ടുകള്‍. സ്വപ്നം യാഥാര്‍ത്ഥ്യമായാല്‍ പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ വരുന്ന ആദ്യ വന്ദേ ഭാരത് ട്രെയിനാകും ഇത്. ഗുരുവായൂര്‍, പഴനി, മധുര, രാമേശ്വരം എന്നിവിടങ്ങളിലെ പ്രധാനപ്പെട്ട അമ്പലങ്ങളെ ബന്ധിപ്പിച്ചുള്ള പദ്ധതിക്കാണ് പഠനം തുടങ്ങിയത്.
ട്രെയിന്‍ യാഥാര്‍ത്ഥ്യമായാല്‍ രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് സര്‍വ്വീസായി ഇത് മാറും. പാലക്കാട് വഴിയാണ് എങ്കില്‍ ആകെ വരുന്ന ദൂരം 796 കിലോമീറ്ററാണ്. എന്നാല്‍ 674 കിലോമീറ്ററാണ് കൊല്ലം-ചെങ്കോട്ട വഴിയാണെങ്കില്‍ ആകെ വരുന്ന ദൂരം.
ഇപ്പോഴുള്ള വന്ദേ ഭാരത് ട്രെയിനുകള്‍ പകല്‍ സര്‍വീസ് മാത്രമാണ് നടത്തുന്നത്. പരമാവധി രാത്രി 11 മണി വരെയാണ് സര്‍വ്വീസ് ഉള്ളത്. എന്നാല്‍ സാങ്കേതിക മാറ്റങ്ങള്‍ വരുത്തിയ പുതിയ വന്ദേ ഭാരത് ട്രെയിനുകളില്‍ രാത്രി സമയത്ത് ഉള്‍പ്പെടെ ഓടുന്ന ദീര്‍ഘദൂര സര്‍വ്വീസിന് ഉപയോഗിക്കുന്ന കാര്യവും പരിഗണനയിലാണ്. അതിന്റെ വിദഗ്ധ ഉപദേശം വരാനിരിക്കുകയാണ്.

