- റിലയന്‍സ് ബ്രാന്‍ഡായ അജിയോയുടെ ഉപഭോക്തൃ അടിത്തറ കാര്യമായി ഗുണം ചെയ്യുമെന്ന് എച്ച് ആന്‍ഡ് എം
സ്വീഡന് കേന്ദ്രമാക്കിയ ബഹുരാഷ്ട്ര ഫാഷന്‍ റീട്ടെയ്ലറായ എച്ച് & എം, ഇന്ത്യയുടെ പ്രീമിയം ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ലറായ അജിയോയുമായി കൈകോര്‍ക്കുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ അജിയോയില്‍ ഇനി എച്ച് & എം ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും. മികച്ച വിലയില്‍ ഉന്നതഗുണനിലവാരമുള്ള അന്താരാഷ്ട്ര ഫാഷന്‍ ബ്രാന്‍ഡുകള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് അജിയോയുടെ പുതിയ നീക്കം. ഓണ്‍ലൈന്‍-ഓഫ്ലൈന് മിശ്രിത വില്‍പ്പന സ്ട്രാറ്റജി കൂടുതല്‍ ഫലവത്താക്കുന്നതിന്റെ ഭാഗമായാണ് അജിയോയിലൂടെ ഓണ്‍ലൈന്‍ സാന്നിധ്യം വിപുലീകരിക്കാന്‍ എച്ച് & എം തീരുമാനിച്ചിരിക്കുന്നത്. ഇതോടെ അജിയോയുടെ അന്താരാഷ്ട്ര ബ്രാന്‍ഡ് പോര്‍ട്ട്ഫോളിയോ കൂടുതല്‍ വിപുലീകരിക്കപ്പെട്ടിരിക്കുകയാണ്.
ഇന്ത്യയുടെ ഫാഷന്‍ ഇ-റീട്ടെയ്ല്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കാന്‍ എച്ച് & എമ്മിനും അജിയോയ്ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് പുതിയ പങ്കാളിത്തം.
അജിയോയ്ക്ക് അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ശേഖരം വിപുലപ്പെടുത്താന്‍ സാധിക്കുമ്പോള്‍ എച്ച് & എമ്മിനെ സംബന്ധിച്ചിടത്തോളം അജിയോ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ ബൃഹത്തായ ഉപഭോക്തൃ അടിത്തറ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ സാധിക്കും.
വിമന്വെയര്, മെന്‍സ് വെയര്‍, കിഡ്സ് വെയര്‍, ഹോംഡെക്കര്‍ വിഭാഗങ്ങളിലായി 10,000ത്തിലധികം ആധുനിക ഫാഷന്‍ സ്റ്റൈലുകള്‍ എച്ച് & എം അജിയോയിലൂടെ അവതരിപ്പിക്കും. 399 രൂപ മുതലുള്ള ആകര്‍ഷക വിലയിലായിരിക്കും ഉന്നതഗുണനിലവാരമുള്ള ലോകോത്തര എച്ച് & എം ഫാഷന്‍ ബ്രാന്‍ഡുകള്‍ അജിയോയില്‍ ലഭ്യമാകുക.

