ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും സൂപ്പര്‍ താരങ്ങളായ രജനികാന്തും അമിതാഭ് ബച്ചനും 33 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുമിക്കുന്ന സിനിമയുടെ ചിത്രീകരണം ബുധനാഴ്ച ചെന്നൈയില്‍ ആരംഭിച്ചു. രജനികാന്തിന്റെ 170 ാം ചിത്രത്തിന് പേരിട്ടിട്ടില്ല. തലൈവര്‍ 170 എന്നാണ് ചിത്രത്തെ ഇപ്പോള്‍ വിളിക്കുന്നത്.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്‍ എന്നിവരും ചിത്രത്തിലുണ്ട്.
1991-ല്‍ പുറത്തിറങ്ങിയ ‘ഹം’ എന്ന ചിത്രത്തിലാണ് അവസാനമായി രജനിയും ബച്ചനും ഒരുമിച്ച് പ്രവര്‍ത്തിച്ചത്. ആവേശഭരിതനായ രജനീകാന്ത്, ചിത്രത്തിന്റെ സെറ്റില്‍ നിന്ന് തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ഗുരുവായ ബച്ചനോടൊപ്പമുള്ള ചിത്രം പങ്കിട്ടു.
’33 വര്‍ഷങ്ങള്‍ക്ക് ശേഷം, ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ലൈക്കയുടെ ‘തലൈവര്‍ 170’ എന്ന സിനിമയില്‍ ഞാന്‍ എന്റെ ഗുരുവും പ്രതിഭാസവുമായ ശ്രീ അമിതാഭ് ബച്ചനൊപ്പം വീണ്ടും പ്രവര്‍ത്തിക്കുന്നു. എന്റെ ഹൃദയം സന്തോഷം കൊണ്ട് തുടിക്കുകയാണ്! രജനി എഴുതി.
തന്റെ സ്വകാര്യ ബ്ലോഗിലെ പോസ്റ്റില്‍, രജനികാന്തിനൊപ്പം സിനിമയ്ക്കായി തന്റെ ആദ്യ രംഗം ചിത്രീകരിക്കാന്‍ ഒരുങ്ങുകയാണെന്ന് ബച്ചന്‍ എഴുതി. ‘അസാധാരണ മനുഷ്യന്‍’ എന്നാണ് രജനികാന്തിനെ ബച്ചന്‍ വിശേഷിപ്പിച്ചത്. ‘അദ്ദേഹത്തിന്റെ ഏറ്റവും താഴ്ന്ന നിലയിലുള്ള ജീവിതവും സ്വഭാവപ്രകൃതിയും.. അദ്ദേഹത്തിന്റെ അസാധാരണമായ കഴിവും സിനിമയിലെ മഹാന്മാര്‍ക്കിടയിലെ ഇതിഹാസ സാന്നിധ്യവും.. കൂടാതെ.. എന്റെ കുടുംബത്തോടും എന്നോടും ഉള്ള സ്നേഹവും വാത്സല്യവും..” ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

