20 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമെന്ന നാഴികക്കല്ല് കടക്കുന്ന ആദ്യത്തെ ലിസ്റ്റ് ചെയ്ത ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ 2% മുന്നേറിയതോടെയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം 20 ലക്ഷം കോടി രൂപയുടെ വിപണി മൂല്യത്തിലെത്തിയത്.
ബിഎസ്ഇയില്‍ ആര്‍ഐഎല്‍ ഓഹരികള്‍ 1.88 ശതമാനം ഉയര്‍ന്ന് 2,957.80 രൂപ വരെയെത്തി. പിന്നീട് 2927 ലേക്ക് താണു. ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (ജെഎഫ്എസ്) എന്ന പേരില്‍ തങ്ങളുടെ സാമ്പത്തിക സേവന വിഭാഗത്തെ റിലയന്‍സ് വേര്‍പെടുത്തി വിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. 1,72,460 കോടി രൂപയുടെ വിപണി മൂലധനമാണ് ജിയോ ഫിന്നിനുള്ളത്.
ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം മുകേഷ് അംബാനി ഇപ്പോള്‍ ഏറ്റവും ധനികനായ ഇന്ത്യക്കാരനും ലോകത്തിലെ 11-ാമത്തെ ധനിക വ്യക്തിയുമാണ്
റിലയന്‍സ് ഗ്രൂപ്പിന്റെ പതാകാവാഹക കമ്പനിയായ ആര്‍ഐഎലിന്റെ വിപണി മൂലധനത്തിലെ വളര്‍ച്ച, മുകേഷ് അംബാനിയുടെ ആസ്തി 109 ബില്യണ്‍ ഡോളറായി ഉയര്‍ത്തി. 2024 ല്‍ മാത്രം അദ്ദേഹത്തിന്റെ ആസ്തി 12.5 ബില്യണ്‍ ഡോളര്‍ ഉയര്‍ന്നു. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം അദ്ദേഹം ഇപ്പോള്‍ ഏറ്റവും ധനികനായ ഇന്ത്യക്കാരനും ലോകത്തിലെ 11-ാമത്തെ ധനിക വ്യക്തിയുമാണ്.

